‘ഇന്ത്യ പറക്കുന്നു’ സ്വതന്ത്രദിനാഘോഷ വേളയിൽ പദ്ധതിയുമായി ഗൂഗിൾ

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സോഫ്ട്‍വെയർ ഭീമനായ ഗൂഗിൾ ഇന്ത്യയുടെ കഥ പറയുന്ന ‘ഇന്ത്യ കി ഉഡാൻ’ പദ്ധതിയുമായി രംഗത്ത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളും നാഴികക്കല്ലുകളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ പദ്ധതിയാണിത്.

ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ വിഭാവനം ചെയ്ത പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഢി നിർവഹിച്ചു. 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ഗൂഗിൾ പ്രഖ്യാപിച്ചു.

‘അടുത്ത 25 വർഷത്തിനുള്ളിൽ എന്‍റെ ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി ‘ഡൂഡിൽ 4 ഗൂഗിൾ’ മത്സരം സംഘടിപ്പിക്കും. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് മത്സരം. വിജയിക്കുന്ന ഡൂഡിൽ നവംബർ 14ന് ഗൂഗിളിന്‍റെ ഹോം പേജിൽ പ്രദർശിപ്പിക്കും. വിജയികൾക്ക് കോളേജ് സ്കോളർഷിപ്പായി അഞ്ച് ലക്ഷം രൂപ നൽകും. നാല് ഗ്രൂപ്പ് ജേതാക്കളും 15 ഫൈനലിസ്റ്റുകളുമുണ്ടാകും. ‘ഓരോ വീട്ടിലും ത്രിവർണ പതാക’ എന്ന പദ്ധതിയുടെ പേരിൽ ഡൂഡിൽ നിർമിക്കാൻ മന്ത്രി ഗൂഗിളിനോട് ആവശ്യമുന്നയിച്ചു.

Read Previous

ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹൻലാൽ

Read Next

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്