ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണ് റിപ്പോർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.

വൃഷ്ടിപ്രദേശത്ത് കനത്തമഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുകയാണ്. ഒപ്പം മുല്ലപ്പെരിയാര്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നത്.

അധികമുള്ള ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.

മഴ കുറഞ്ഞതിനെത്തുടർന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്.

K editor

Read Previous

ഫിഫ ലോകകപ്പ്: ആരാധകർക്ക് താമസിക്കാൻ ‘കാരവൻ വില്ലേജും’

Read Next

പ്രതികൂല കാലാവസ്ഥ; നാളത്തെ കെപിസിസി യോഗം 11ലേക്ക് മാറ്റി