യുഏഇയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി മലയാളികളടക്കമുള്ള മുന്നണിപ്പോരാളികൾ

അബുദാബി: കോവിഡ്-19 നെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ആരോഗ്യ പ്രവർത്തകർ മഹാമാരി തടയാനുള്ള വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത് പുത്തൻ മാതൃക തീർക്കുന്നു.

യുഏഇയിലെ പ്രമുഖ ആരോഗ്യ ഗ്രൂപ്പായ വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ആരോഗ്യപ്രവർത്തകരാണ് വാക്സിൻ പരീക്ഷണത്തിൽ വളണ്ടിയർമാരായി പങ്കുചേരുന്നത്.

കോവിഡ് ബാധ രാജ്യത്ത് സജീവമായിരുന്ന ഘട്ടത്തിൽ മുന്നണിപ്പോരാളികളായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവരാണ് യുഏഇയിൽ പുരോഗമിക്കുന്ന സുപ്രധാന പരീക്ഷണത്തിന്റെ ഭാഗമാകാൻ സ്വമേധയാ രംഗത്തെത്തിയത്.

ഈദ് അവധിക്കിടെ ആദ്യബാച്ചിൽ 109 ആരോഗ്യപ്രവർത്തകർ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചു. നിരവധി മലയാളികളും ഇതിൽ ഉൾപ്പെടും.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയത്.

സിനോഫാം ചൈന നാഷണൽ ബയോട്ടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്സിൻ കോവിഡിനെതിരെ ഫലപ്രദമാകുമെന്നാണ് ആദ്യ രണ്ടുഘട്ട പരീക്ഷങ്ങൾക്ക് ശേഷം പ്രതീക്ഷിക്കപ്പെടുന്നത്. 

അബുദാബിയിൽ പുരോഗമിക്കുന്ന മൂന്നാംഘട്ട പരീക്ഷണം അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയും G42 കമ്പനിയും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്.

‘4ഹ്യൂമാനിറ്റി’ എന്ന പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ അബുദാബി, മുസഫ, അൽ ഐൻ മേഖലകളിലെ ലൈഫ്കെയർ, ബുർജീൽ, മെഡിയോർ, ആശുപത്രികളിൽ നിന്നും വിപിഎസ് മെഡിക്കൽ സെന്ററുകളിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരാണ് ഭാഗമായത്. കോവിഡിനെതിരായ വാക്സിൻ എത്രയും വേഗത്തിൽ ലഭ്യമാകേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായതെന്ന് മുസഫ എൽഎൽച്ച് ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് സർജനായ ഡോ. സജിത്ത് പിഎസ് പറഞ്ഞു.

അഞ്ചു വർഷമായി യുഏഇയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന സജിത്തിന് കോവിഡ് കാലത്ത് ആരോഗ്യ രംഗം കടന്നുവന്ന വെല്ലുവിളികൾ നേരിട്ടറിയാവുന്നതും പരീക്ഷണവുമായി സഹകരിക്കാൻ കാരണമായി.

“സങ്കീർണ്ണ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന കോവിഡ് ബാധിതരെ സഹായിക്കാൻ കഴിവിന്റെ പരമാവധി ഉപയോഗിക്കുകയായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി ആരോഗ്യരംഗത്തുള്ള ഞങ്ങൾ എല്ലാവരും. അപ്പോഴും ഈ വൈറസിന് ചികിത്സയില്ല എന്നതായിരുന്നു എല്ലാവർക്കും മുന്നില്ലെ വെല്ലുവിളി. പലരും നിസ്സാഹായരായി നിൽക്കുന്നത് നേരിൽ കാണേണ്ടി വന്നിട്ടുണ്ട്. കൂടുതൽപ്പേർക്ക് ജീവൻ നഷ്ടമാകാതിരിക്കാൻ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനാണ് ബന്ധപ്പെട്ടവരുടെ ശ്രമങ്ങൾ.

അതിനെ സഹായിക്കുകയെന്നത് ഡോക്ടറെന്ന നിലയിൽ കടമയായി കൂടി കണ്ടുകൊണ്ടാണ് പരീക്ഷത്തിന്റെ ഭാഗമായത്,” ഡോ. സജിത്ത് വ്യക്തമാക്കി.

വാക്സിൻ സ്വീകരിച്ച  അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് അന്റു ജോസഫും യുഏഇയിലെ പരീക്ഷണം ഫലപ്രാപ്തിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ്. കോവിഡ് സജീവമായിരുന്ന ഘട്ടത്തിൽ ഫീവർ ക്ലിനിക്കിൽ  സേവനമനുഷ്ഠിച്ചിരുന്ന അന്റുകോവിഡ് പോസിറ്റിവ് ആയ നിരവധി പേരെ പരിചരിച്ചിരുന്നു.

” യുഏഇയിൽ നടക്കുന്ന മൂന്നാഘട്ട പരീക്ഷണത്തിന്റെ മുൻപുള്ള രണ്ടു ഘട്ടങ്ങളിലും വാക്സിൻ ഫലപ്രദമാകുമെന്ന പ്രതീക്ഷകളാണ് ഉയർന്നുകേട്ടത്. ഇത്രയും നിർണ്ണായകമായ പരീക്ഷണം നടക്കുമ്പോൾ അതിൽ പങ്കുചേരാൻ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. അങ്ങനെയാണ് പരീക്ഷണത്തിൽ പങ്കെടുക്കാൻ സന്നദ്ധതയറിയിച്ചത്. ഇക്കാര്യം അറിയിച്ചപ്പോൾ ഭർത്താവും വീട്ടുകാരും പൂർണ്ണ പിന്തുണ നൽകി.”

യുഏഇയിലെ വാക്സിൻ പരീക്ഷണത്തിന് വിപിഎസ് ഹെൽത്ത്കെയർ എല്ലാ സഹായവും നൽകുമെന്ന് ബുർജീൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ലാലു ചാക്കോ അറിയിച്ചു.

സ്വമേധയാ സന്നദ്ധതയറിയിച്ചാണ് ആരോഗ്യപ്രവർത്തകർ ഈ മഹായജ്ഞത്തിന്റെ ഭാഗമാകുന്നത്. അധികൃതരിൽ നിന്ന് ലഭിക്കുന്ന അറിയിപ്പിന് അനുസൃതമായി കൂടുതൽ ആരോഗ്യ പ്രവർത്തകർ വരും ദിവസങ്ങളിൽ പരിശോധനകളുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 16 മുതൽ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ സഹകരണത്തോടെ നടക്കുന്ന  പരീക്ഷണത്തിന് മികച്ച പ്രതികരണമാണ്  പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അബുദാബി അഡ്നെക്കിലെ കേന്ദ്രത്തിൽ എൻറോൾ ചെയ്യാം.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെയാണ് പ്രവർത്തി സമയം.

LatestDaily

Read Previous

ഭ്രൂണം വീട്ടിൽ കൊടുത്തുവിട്ടത് ആശുപത്രി വണ്ടി വരാത്തതിനാൽ

Read Next

മുസ്ലിം ലീഗിന് പുതിയ അജണ്ടകളില്ല