രാമക്ഷേത്ര നിർമ്മാണ തർക്കം സംയുക്ത ജമാഅത്ത് പ്രസിഡണ്ടിന്റെ നിലപാടിനെ തള്ളി ബശീർ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട്: രാമക്ഷേത്ര നിർമ്മാണ വിഷയത്തിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടും, സമസ്ത നേതാവുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെ ഖണ്ഡിച്ച് സംയുക്ത ജമാഅത്ത് ജന: സിക്രട്ടറിയുടെ നിലപാട്.

രാമക്ഷേത്ര നിർമ്മാണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ കടുത്ത വിമർശനവുമായി  സമസ്ത രംഗത്തുവന്നതിനോടൊപ്പമാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്ത് വ്യത്യസ്ത നിലപാടുയർത്തി വാട്സ്ആപ്പ് വഴി ശബ്ദസന്ദേശം പുറത്തുവിട്ടത്.

ക്ഷേത്രനിർമ്മാണത്തിന്റെ ഭൂമിപൂജ ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധമറിയിച്ച കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ദിഗ്്വിജയ് സിങ്ങ് എന്നിവരെ ന്യായീകരിച്ച് ബശീർ പുറപ്പെടുവിച്ച ശബ്ദസന്ദേശം വ്യാപകമായ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്.

ക്ഷേത്ര നിർമ്മാണ വിഷയത്തിൽ കോൺഗ്രസ് പുലർത്തുന്ന നിലപാടുകളോട് സംസ്ഥാനത്ത് ലീഗിന് കടുത്ത വിയോജിപ്പാണുള്ളത്. രാമക്ഷേത്ര നിർമ്മാണത്തെ ന്യായീകരിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയിലും, ലീഗിന് അമർഷമുണ്ട്. ഈ രാഷ്ട്രീയ കാലാവസ്ഥ നിലനിൽക്കുമ്പോഴാണ്,  ലീഗ് നിലപാടുകളെ മുഴുവൻ തള്ളിക്കളയുന്ന വിധത്തിലുള്ള ബശീറിന്റെ ശബ്ദസന്ദേശം നവമാധ്യമങ്ങളിൽ പ്രചരിച്ചത്.

ക്ഷേത്രനിർമ്മാണം  ദേശീയ സർക്കാരിന്റെ ഉത്തരവാദിത്തമാണന്നാണ് ബശീറിന്റെ വാദം. കുഴപ്പങ്ങളുടെ കാരണക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നാണ് ഇദ്ദേഹത്തിന്റെ മുടന്തൻ അഭിപ്രായം. രാമക്ഷേത്രനിർമ്മാണത്തിന്റെ അവകാശം ആർഎസ്എസ് ഏറ്റെടുക്കുന്നതിനെ ചെറുക്കാനാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം, ക്ഷേത്രനിർമ്മാണ വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് വ്യത്യസ്ത നിലപാടാണുള്ളത്.

സർക്കാർ സംവിധാനമുപയോഗിച്ചുള്ള ക്ഷേത്രനിർമ്മാണം വേദനാജനകമാണെന്നാണ് സമസ്ത പ്രസിഡണ്ടായ ജിഫ്രി മുത്തുക്കോയ  തങ്ങളും, ജനറൽ കൺവീനർ പ്രൊഫ: ആലിക്കുട്ടി മുസലിയാരും സംയുക്ത പ്രസ്താവനയിൽ ഇതിനകം വ്യക്തമാക്കിയത്.

രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെതിരെ ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യാൻ ഇന്ന് ലീഗിന്റെ അടിയന്തിര ദേശീയ സമിതിയോഗവും വിളിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണം സർക്കാർ ഏറ്റെടുത്ത് നടത്തുന്നതിനെതിരെ വിമർശനങ്ങളുണ്ടെങ്കിലും, ക്ഷേത്ര നിർമ്മാണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് ലീഗ് നേതാവ് കൂടിയായ ബശീർ വെള്ളിക്കോത്തിന്റെ നിലപാട്.

ഈ വിഷയത്തിൽ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ സമുദായത്തിന്റെ ആശങ്കകൾക്കൊപ്പം നിൽക്കുമ്പോൾ, സംയുക്ത ജമാഅത്ത് ജനറൽ കൺവീനർ എതിർ നിലപാട് സ്വീകരിച്ചതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഇസ്്ലാം മതവിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.

LatestDaily

Read Previous

ചിത്താരിയിൽ വൈദ്യുതി മോഷണം പിടികൂടി

Read Next

ഹനീഫയുടെ ഒാട്ടോയിൽ കയറാൻ കൈകഴുകണം