തൂങ്ങിമരിച്ചത് ബിരുദ വിദ്യാർത്ഥിനിയെ  ഇടവഴിയിൽ കയറിപ്പിടിച്ച യുവാവ്

കാഞ്ഞങ്ങാട് : പുതിയകോട്ട ടി.ബി. റോഡിൽ യു.ബി.എം.സി. സ്കൂളിന് മുൻവശം തൂങ്ങിമരിച്ച ബളാന്തോട് സ്വദേശി വി.ജി. സന്തോഷ്കുമാർ ബുധനാഴ്ച പുതിയകോട്ടയിൽ ബിരുദ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചയാളാണെന്ന് തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 3-ന് വൈകുന്നേരം 5.40-ന് പുതിയകോട്ട സ്മൃതിമണ്ഡപം ജംഗ്ഷന് സമീപത്ത് നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ഇടവഴിയിലാണ് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്ന ബിരുദ വിദ്യാർത്ഥിനിയെ വി.ജി. സന്തോഷ്കുമാർ കയറിപ്പിടിച്ചത്.

ഭയന്നു വിറച്ച പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളെവിവരമറിയിക്കുകയായിരുന്നു. പെൺകുട്ടി പിതാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പെൺകുട്ടി തന്നെ കയറിപ്പിടിച്ചയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ സന്തോഷ്കുമാറിനെ യു.ബി.എം.സി. സ്കൂളിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചയാളുടെ പടം കൂടി കണ്ടതോടെയാണ് പെൺകുട്ടി തന്നെ കയറിപ്പിടിച്ചയാളെ ശരിക്കും തിരിച്ചറിഞ്ഞത്.

പെൺകുട്ടിയുടെ പരാതി ലഭിച്ചതിന് ശേഷം  ഹോസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പുതിയകോട്ട സ്മൃതി മണ്ഡപം ജംഗ്ഷനിൽ നിന്നും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് പോകുന്ന ഇടവഴിയിലാണ് സന്തോഷ്കുമാർ പെൺകുട്ടിയെ കയറിപ്പിടിച്ചത്.

റെയിൽവേ സ്റ്റേഷനിലേക്കുള്ള ഇടവഴി മയക്കുമരുന്നിന് അടിമകളായവരുടെ താവളമാണെന്നാണ് ഇതുവഴി സഞ്ചരിക്കുന്ന സ്ത്രീകളുടയെും പെൺകുട്ടികളുടെയും പരാതി. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ തമ്പടിച്ച് സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഇത്തരക്കാരുടെ ശല്യം സഹിക്കാതെ വന്നതോടെ നാട്ടുകാർ സംഘടിച്ചെത്തി ഇവരെ തല്ലിയോടിച്ച സംഭവവും നടന്നിരുന്നു. പെൺകുട്ടിയെ കയറിപ്പിടിച്ച വി.ജി. സന്തോഷ്കുമാർ അമ്പലത്തറ പാറപ്പള്ളി യത്തീംഖാനയ്ക്ക് സമീപത്താണ് താമസം. പ്രവാസിയായിരുന്ന ഇദ്ദേഹം ഭാര്യയും മക്കളുമായി അകന്ന് കഴിയുകയാണ്.

Read Previous

മയക്കുമരുന്ന് പ്രതിയെ മോചിപ്പിച്ച ഏസി അംഗത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം

Read Next

75-ാം സ്വാതന്ത്ര്യവാര്‍ഷികം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്