ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡല്ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളിയത്. അതേസമയം, ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് വിയോജിപ്പുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യം വിശദീകരിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും സിസ്റ്റർമാരായ അമലയും, ആനി റോസും മൂന്നു മാധ്യമ പ്രവർത്തകർക്ക് ഇ-മെയിൽ ചെയ്തിരുന്നു. എന്നാൽ ഇ-മെയിലിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പരാതിക്കാരിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ കന്യാസ്ത്രീകളുടെ നടപടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 228 എ പ്രകാരം കുറ്റകരമാണെന്ന് സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി വാദിച്ചു.
ഇ-മെയിൽ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ വിലയിരുത്തൽ നിയമപരമായി തെറ്റാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കോടതി ഇത് അംഗീകരിച്ചു. എന്നാൽ കേസ് റദ്ദാക്കിയ സാഹചര്യത്തിൽ അധ്യായം അവസാനിച്ചതായി ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകൾക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.