ഇനി എനിക്ക് ദൈവ സന്നിധിയിൽ പോകണം ചാലിങ്കാൽ കൊല പ്രതി ഗണേശൻ ഭാര്യയോട് പറഞ്ഞത്

കാഞ്ഞങ്ങാട് : തേപ്പുതൊഴിലാളി ചാലിങ്കാൽ നമ്പ്യാരടുക്കത്തെ നീലകണ്ഠനെ 34, കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ പ്രതി ഗണേശൻ ഏതാനും ദിവസം മുമ്പ്  ഭാര്യയോട് പറഞ്ഞത് ” ഇനി  ഇൗ വീട്ടിൽ നിന്ന് താൻ പോവുകയാണെങ്കിൽ അതു ദൈവത്തിന്റെ അടുത്തേക്കായിരിക്കുമെന്നാണ് ”. ഗണേശന്റെ ഭാര്യ സുശീല തന്നെയാണ് ഇക്കാര്യം കേസ്സന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കൊല നടന്നത് ആഗസ്റ്റ് 31-ന് ഞായർ പുലർകാലമാണ്.

സ്വന്തം സെൽഫോൺ പുലർച്ചെ 3-30 മണിക്ക് ഓഫ് ചെയ്ത ശേഷം വീടുവിട്ട പ്രതി ഗണേശനെ തേടി അമ്പലത്തറ പോലീസ് ഗണേശന്റെ ആദ്യ ഭാര്യയും രണ്ടുമക്കളും താമസിച്ചുവരുന്ന ബംഗളൂരുവിൽ ചെന്നുവെങ്കിലും, ഗണേശൻ ഇൗ വീട്ടിലെത്തിയിട്ടില്ലെന്ന് ഉറപ്പിച്ച ശേഷം തിരിച്ചെത്തി.

കരിങ്കല്ലിൽ പ്രതിമകൾ കൊത്തിയുണ്ടാക്കുന്ന കർണ്ണാടകത്തിലെ ശിൽപ്പി വിഭാഗത്തിൽപ്പെട്ട ഗണേശന് തമിഴ് നാട്ടിൽ ബന്ധു വീടുണ്ട്. ആ വഴിക്കുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. കൊലയ്ക്ക് ശേഷം ഇന്നേക്ക് നാലാം ദിവസമായിട്ടും, ഗണേശൻ ഓഫ് ചെയ്ത സെൽഫോൺ ഇതുവരെ ഓൺ ചെയ്തിട്ടില്ല.

ഗണേശന് ബാങ്ക് അക്കൗണ്ടില്ല. ഏടിഎം കാർഡുമില്ല. ആ നിലയ്ക്ക് പണത്തിന് ആവശ്യം വന്നാൽ എന്തു ചെയ്യുമെന്നുള്ള ആലോചനയും അന്വേഷണ സംഘത്തിനുണ്ട്. തത്സമയം നമ്പ്യാരടുക്കത്തെ വീട്ടിൽ ഗണേശൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ  പ്രതി വീടുവിടുമ്പോൾ, കൊണ്ടുപോയിട്ടുണ്ട്. പ്രതി ജീവിതം അവസാനിപ്പിച്ചേക്കുമോ എന്ന സംശയവും ഇല്ലാതില്ല.

കാരണം- ഇവിടെ നിന്ന് ഇനി പോകുന്നുവെങ്കിൽ അതു ദൈവത്തിന്റെ അടുക്കലേക്കായിരിക്കുമെന്ന തുറന്നു പറച്ചിൽ ആ വഴിക്കും ചിന്തിപ്പിക്കുന്നുണ്ട്. രണ്ടാം ഭാര്യ സുശീലയുടെ സഹോദരനെയാണ് ഇൗ അമ്പതുകാരൻ വീട്ടിനകത്ത് കഴുത്തിന് വെട്ടി ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ സുശീല പ്രസവ രക്ഷാ ചികിത്സകൾ അറിയാവുന്ന സ്ത്രീയാണ്.

കൊല നടന്ന ദിവസം രാത്രി സുശീല നമ്പ്യാരടുക്കത്തെ വീട്ടിലുണ്ടായിരുന്നില്ല. ഗണേശൻ എത്തിപ്പെടാനുള്ള അയൽ സംസ്ഥാനങ്ങളിലെ അകന്ന ബന്ധു വീടുകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

മയക്കുമരുന്ന് പ്രതിയെ പോലീസിൽ നിന്ന് മോചിപ്പിച്ചത് സിപിഎം ഏസി അംഗം

Read Next

കൊവ്വൽപ്പള്ളി യുവാവ് എംഡിഎംഏയുമായി പിടിയിൽ