വിജിലൻസ് ഉത്തരവ് മറികടന്ന് ഹെൽത്ത് സൂപ്രവൈസറെ കാഞ്ഞങ്ങാട് നഗരസഭയിൽ കുടിയിരുത്തി

കാഞ്ഞങ്ങാട് : കാസർകോട്   ജില്ലയിൽ ഒരിക്കലും  നിയമനം നൽകരുതെന്ന് നിഷ്ക്കർഷിച്ചുകൊണ്ട്  വിജിലൻസ്  പുറപ്പടുവിച്ച ഉത്തരവ് മറികടന്ന്  നഗരസഭാ ഹെൽത്ത് സൂപ്രവൈസർ, കെ.പി. രാജഗോപാലനെ  തദ്ദേശ സ്വയംഭരണ വകുപ്പ്  കാഞ്ഞങ്ങാട് നഗരസഭയിൽ നിയമിച്ചു.

പയ്യന്നൂരിലെ അന്നൂർ സ്വദേശിയായ രാജഗോപാലൻ 2020 ആഗസ്ത് 1ന്  കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽത്ത് സൂപ്രവൈസർ തസ്തികയിൽ ചുമതലയേറ്റു.

കാസർകോട് നഗരസഭയിൽ സേവനമനുഷ്ടിച്ചിരുന്ന രാജഗോപാലൻ, കുടുംബശ്രീ മെമ്പർ സിക്രട്ടറിയുടെ  ചുമതലയിലിരുന്നപ്പോൾ,  ആശ്രയ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പിൽ അഴിമതി  നടന്നതായി  ആരോപിച്ച് അന്ന്  സി.പി.എമ്മാണ് രാജഗോപാലനെതിരെ  കാസർകോട്ട് സമരം നയിച്ചത്.

കാസർകോട് നഗരസഭയിൽ  പത്തുവർഷത്തിലധികം  കാലം സേവനത്തിലിരുന്ന മുഴുവൻ  ജീവനക്കാരെയും  സ്ഥലം മാറ്റണമെന്ന് സിപിഎം  കാസർകോട് ഏരിയാ സിക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഫ്,  കൈക്കൂലിക്കെതിരെ   നടത്തിയ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചിരുന്നു.

അഴിമതി സംഭവത്തിൽ അന്വേഷണം നടത്തിയ വിജിലൻസ്, രാജഗോപാലനെ കാസർകോട്  ജില്ലയിൽ നിയമിക്കരുതെന്ന് സർക്കാറിലേക്ക് റിപ്പോർട്ടയക്കുകയും ചെയ്തിരുന്നു.  വിജിലൻസ് റിപ്പോർട്ടിന്റെ  ബലത്തിൽ അന്ന് രാജഗോപാലനെ കാസർകോട്ട്  നിന്ന്  ആലപ്പുഴ നഗരസഭയിലേക്ക് സ്ഥലംമറ്റുകയും ചെയ്തിരുന്നു.

കാസർകോട് നഗരസഭയിൽ രാജഗോപാലൻ നടത്തിയ അഴിമതികൾ അക്കമിട്ടുനിരത്തി അന്ന് പാർട്ടി മുഖപത്രം  ദേശാഭിമാനി അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  ഈ അന്വേഷണ  പരമ്പരയ്ക്ക്  പ്രാദേശിക റിപ്പോർട്ടിംഗിനുള്ള ബഹുമതിയും  ദേശാഭിമാനി ലേഖകന് ലഭിച്ചിരുന്നു.

രാജഗോപാലൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ   പ്രവർത്തകനും, കോൺഗ്രസ് നയിക്കുന്ന  നഗരസഭാ  ജീവനക്കാരുടെ സംഘടനയിൽ അംഗവുമാണ്.

ആലപ്പുഴയിൽ നിന്ന് സിപിഎമ്മിനെ സ്വാധീനിച്ചാണ്  രാജഗോപാലൻ പയ്യന്നൂർ നഗരസഭയിലെത്തിയത്.

അവിടെ നിന്ന്  ഉദ്യോഗക്കയറ്റം സമ്പാദിച്ചശേഷം  വീണ്ടും സിപിഎം  ഒത്താശയോടെ  കാഞ്ഞങ്ങാട് നഗരസഭയിൽ എച്ച്.എസ്.ആയി ജോലിയിൽക്കയറുകയും ചെയ്തു.

കാഞ്ഞങ്ങാട് നഗരസഭയിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറായി സേവനം ചെയ്ത കാലത്ത് കാഞ്ഞങ്ങാട്  ടൗണിൽ  പൂച്ചട്ടികൾ വിൽക്കുകയായിരുന്ന കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയും,  അവരിൽ നിന്ന്  പൂച്ചട്ടികൾ രഹസ്യമായി പയ്യന്നൂരിലെ  സ്വന്തം വീട്ടിലെത്തിച്ച് അഴിമതിയിൽ കഴിവു തെളിയിച്ച ഉദ്യോഗസ്ഥനാണ്  രാജഗോപാലൻ.

ഇടതുയൂണിയനുകളിൽപ്പെട്ട രണ്ട് വനിതാ  ജീവനക്കാരെ നഗരസഭ ആരോഗ്യ വിഭാഗത്തിൽ നിയമിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും,  ഇവരിൽ നിന്ന്  നഗരസഭാ ആരോഗ്യവിഭാഗത്തിന് ഒരു  പ്രയോജനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് രാജഗോപാലനെ പയ്യന്നൂർ നഗരസഭയിൽ നിന്ന്  കാഞ്ഞങ്ങാട്ട് നിയമിച്ചതെന്നാണ്  കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശനുമായുള്ള അടുത്ത വൃത്തങ്ങളുടെ വിശദീകരണം.

ഇടതു നഗരസഭയുടെ  അവസാനകാലത്ത്  അഴിമതിക്കാരനും  കോൺഗ്രസ്സുകാരനുമായ  രാജഗോപാലനെ കാഞ്ഞങ്ങാട് നഗരസഭയിൽ  ഹെൽത്ത് സൂപ്രവൈസർ തസ്തികയിൽ കുടിയിരുത്തിയത്  നഗരസഭയിൽ പലർക്കും  കാശുണ്ടാക്കാനാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.

LatestDaily

Read Previous

വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

Read Next

സീറോട് ലൈംഗിക പീഡനം : നീലേശ്വരം പോലീസ് ഇൻസ്പെക്ടർക്ക് ജില്ലാ ജഡ്ജിയുടെ നോട്ടീസ്