ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി : നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ‘യംഗ് ഇന്ത്യ’യുടെ ഓഫീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽ ചെയ്ത പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലെത്തി. എ.ഐ.സി.സി ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വസതികൾക്ക് മുന്നിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
‘യംഗ് ഇന്ത്യ’യുടെ ഓഫീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സീൽ ചെയ്തിരുന്നു. ഹെറാൾഡ് ഹൗസിന്‍റെ പരിസരത്താണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇ.ഡി നടപടിയെ തുടർന്ന് കോൺഗ്രസ് ആസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതേതുടർന്ന് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് പ്രതിഷേധം നടത്തുന്നത് തടയാനാണ് നീക്കമെന്നാണ് പാർട്ടി ആരോപിക്കുന്നത്.
“ഡൽഹി പൊലീസ് ഞങ്ങളുടെ ആസ്ഥാനങ്ങളും കോൺഗ്രസ് പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റിന്റെയും വീടുകളും വളഞ്ഞു, മോദി സർക്കാരിന്റെ അനീതികൾക്കും പരാജയങ്ങൾക്കും എതിരെ ശബ്ദിക്കുക”. മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. കൂടുതൽ മുതിർന്ന നേതാക്കൾ കോൺഗ്രസ് ആസ്ഥാനത്ത് എത്തുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് അറിയിച്ചു.