ഗണേശൻ ബംഗളൂരിലുമില്ല

കാഞ്ഞങ്ങാട്  : പുല്ലൂർ പെരിയ ചാലിങ്കാൽ നമ്പ്യാരടുക്കത്തെ തേപ്പുതൊഴിലാളി നീലകണ്ഠനെ 35, ഉറക്കത്തിൽ വെട്ടിക്കൊലപ്പെടുത്തിയ  കേസ്സിലെ പ്രതി ഗണേശൻ ബംഗളൂരിലെ ഭാര്യാ ഗൃഹത്തിലെത്തിയില്ല. ആഗസ്ത് 2 ന് പാതിരാ നേരത്തായിരിക്കണം കട്ടിലിൽ സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നീലകണ്ഠനെ സഹോദരി ഭർത്താവായ പ്രതി ഗണേശൻ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം നേരം നന്നായി പുലരും മുമ്പ് ഗണേശൻ ചാലിങ്കാലിൽ നിന്ന് മുങ്ങുകയും ചെയ്തു. പ്രതിയുടെ സെൽഫോൺ സംഭവ ദിവസം പുലർച്ചെ 3–30 മണിക്ക് സ്വിച്ചോഫ് ചെയ്തതായിട്ടാണ് കാണുന്നത്. ഇതുകൊണ്ടുതന്നെ കൊലപാതകം പുലർച്ചെ രണ്ടരയ്ക്കും  മൂന്നരയ്ക്കും  മധ്യേ നടന്നുവെന്ന് കരുതുന്നു. കൊലയ്ക്ക് ശേഷമായിരിക്കാം  ഗണേശൻ ഫോൺ സ്വിച്ചോഫ് ചെയ്തത്.

പ്രതിയുടെ ആദ്യ ഭാര്യയും രണ്ട് മക്കളും ബംഗളൂരു ബൊമ്മന ഹള്ളിയിൽ താമസിക്കുന്നുണ്ട്. ആദ്യ ഭാര്യയിൽ മകനും മകളുമുണ്ട്. മക്കളിൽ ആൺകുട്ടിക്ക് പിതാവ് ഗണേശനുമായി അടുപ്പമൊന്നുമില്ല.  പ്രായപൂർത്തിയായ മകൾക്ക് പിതാവിനോട് അടുപ്പമുണ്ട്. ഇക്കാരണത്താൽ  ഗണേശൻ വല്ലപ്പോഴും മകളെ കാണാൻ ബംഗളൂരു ബൊമ്മന ഹള്ളിയിലെ വീട്ടിലെത്താറുണ്ട്.

ബംഗളൂരുവിലുള്ള ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗണേശൻ ചാലിങ്കാൽ നമ്പ്യാരടുക്കത്ത് വന്നിട്ട് പതിനഞ്ചുവർഷത്തോളമായിക്കാണും. കൊലചെയ്യപ്പെട്ട നീലകണ്ഠന്റെ മൂത്ത സഹോദരി സുശീയെയാണ് ഗണേശൻ കല്ല്യാണം കഴിച്ചത്. പ്രതി ഗണേശനെ അന്വേഷിച്ച് ബംഗളൂരുവിൽ പോയ അമ്പലത്തറ പോലീസ് സംഘം തിരിച്ച് നാട്ടിലെത്തി.

ഗണേശന്റെ സെൽഫോൺ ഇന്നുവരെ സ്വിച്ചോഫിലാണ്. കൊല നടന്ന ദിവസം പുലർച്ചെ 3–30  മണിക്ക് ഫോൺ സ്വിച്ചോഫ് ചെയ്ത ശേഷം ഓൺ ചെയ്തിട്ടേയില്ല. പ്രതി എത്തിപ്പെടാൻ സാധ്യതയുള്ള കർണ്ണാടകയിലേയും കേരളത്തിലേയും  ചില ദിക്കുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഗണേശൻ സ്വന്തം  സെൽഫോൺ ഓൺ ചെയ്യുമെന്ന് തന്നെയാണ് പോലീസിന്റെ ശുഭാപ്തി വിശ്വാസം. കൊല്ലപ്പെട്ട നീലകണ്ഠനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമേ  പറയാനുള്ളൂ.

LatestDaily

Read Previous

യുവതിയെ നിർബന്ധിതമായി മൊഴി ചൊല്ലിയതിന് കേസ്

Read Next

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി