ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ അശ്രദ്ധമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നത് സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയണമെന്ന ആവശ്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ധനകാര്യ കമ്മീഷൻ, നീതി ആയോഗ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാർട്ടികൾ എന്നിവയുടെ പ്രതിനിധികളും സമിതിയിൽ ഉൾപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും വോട്ടർമാരെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇത് സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കും. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് വേളയിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സോളിസിറ്റർ ജനറൽ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. സോളിസിറ്റർ ജനറലിന്‍റെ വാദത്തോട് ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് യോജിച്ചു. നികുതിയായി ലഭിക്കുന്ന പണം വികസനത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ചിലർ കരുതുന്നു. അതിനാൽ, ഈ വിഷയം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾ തടയാൻ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് ശുപാർശകൾ നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിക്കും കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.