കല്ലളൻ വൈദ്യർ എംഎൽഏയെ മറന്ന മടിക്കൈ

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് മോസ്കോ എന്നറിയപ്പെടുന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് കല്ലളൻ വൈദ്യർ എംഎൽഏയെ മറന്നു.

മടിക്കൈ നാട്ടിൽ ജനിച്ചു വളർന്ന ദളിതനായ വൈദ്യനാണ് കല്ലളൻ വൈദ്യർ.

1957-ൽ ലോകത്തിൽ ആദ്യമായി ബാലറ്റ് പത്രികയിലൂടെ അധികാരത്തിൽ വന്ന കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയിൽ എഎൽഏ ആയിരുന്നു കല്ലളൻ വൈദ്യർ.

57-ൽ നീലേശ്വരം ദ്വയാംഗ നിയമസഭാ മണ്ഡലത്തിൽ നിന്നാണ്  ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടും, കല്ലളൻ വൈദ്യരും കേരള നിയമ സഭയിലേക്ക് വൻഭൂരിപക്ഷത്തിൽ വിജയിച്ചത്.

ജനങ്ങളുമായുള്ള അടുപ്പവും ബന്ധവും ഒന്നുകൊണ്ടുമാത്രം നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ കല്ലളൻ വൈദ്യർക്ക് ഇഎംഎസ്സിനേക്കാൾ വോട്ടുകൾ ലഭിച്ചിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്.

ഭരണപക്ഷ എംഎൽഏ ആയിരുന്ന കല്ലളൻ വൈദ്യർ നിയമസഭയിൽ ആവശ്യപ്പെട്ടത്, മടിക്കൈ അടങ്ങുന്ന മണ്ഡലത്തിൽ ജനങ്ങളുടെ ഉത്പ്പന്നങ്ങൾ ന്യായവിലയ്ക്ക് വിറ്റഴിക്കാൻ സഹകരണ സംഘങ്ങൾ സ്ഥാപിക്കണമെന്നതാണ്.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ച മടിക്കൈ ചരിത്ര രേഖാ പുസ്തകം “നെരിപ്പിൽ”  ഒരു വാക്ക് പോലും കല്ലളൻ വൈദ്യർ എംഎൽഏയെക്കുറിച്ച് ഒരിടത്തും പറയുന്നില്ല.

ഇഎഎസ്സിനൊപ്പം വോട്ടുവാങ്ങി വിജയിച്ച് കേരള നിയമസഭയിൽ ഭരണപക്ഷത്തിരുന്ന കല്ലളൻ വൈദ്യരെ ചരിത്ര രേഖയിൽ നിന്ന് മടിക്കൈ മാറ്റി നിർത്തിയത് വൈദ്യർ ദളിതനായതുകൊണ്ടാണെന്ന് ആരോപിച്ചാൽ അതിശയോക്തിയില്ല.

കല്ലളൻ വൈദ്യർക്ക് പിന്നീട് മടിക്കൈ നാട്ടിൽ ചെറിയൊരു സ്മാരകം പോലും തീർക്കാൻ 70 വർഷക്കാലത്തെ മടിക്കൈയുടെ വികസനം കെട്ടിഘോഷിക്കുന്നവർ  ആർക്കും കഴിഞ്ഞതുമില്ല.

മടിക്കൈ നാട്ടിൽ ജാതിവ്യവസ്ഥ അധികാര  കേന്ദ്രങ്ങളിലും കാലങ്ങളായി പടർന്നു പിടിച്ചിരുന്നുവെന്നതിനുള്ള തെളിവാണ് കല്ലളൻ വൈദ്യർ എംഎൽഏയെ രണ്ടുതലമുറകൾക്ക് അന്യനാക്കി മാറ്റിയ സംഭവം.

മടിക്കൈയിൽ ഒരുകാലത്ത് ജനിച്ചുവളർന്ന നാട്ടു വൈദ്യൻ കല്ലളൻ വൈദ്യരുടെ മക്കളും, മരുമക്കളും ഇപ്പോഴും മടിക്കൈ നാട്ടിലുണ്ട്.

LatestDaily

Read Previous

സുപ്രീംകോടതി ഉത്തരവുണ്ട്: ടി.കെ. രാജൻ

Read Next

യുവാവിനെതേടി കുമ്പള വീട്ടമ്മ കാഞ്ഞങ്ങാട്ടെത്തി