ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആത്മത്യാഗത്തിന്റെ അർപ്പണത്തിന്റെ വിശ്വമാനവിക ഏകതയുടെ, അമരസന്ദേശവുമായി ബലിപെരുന്നാൾ കടന്നുവരുന്നു. ലോകമുസ്ലിംകൾ ഹർഷാതിരേകത്താൽ സ്വാഗതം ചെയ്യുന്നു.
പരിശുദ്ധ ഹജ്ജിനോടനുബന്ധിച്ചാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്ന് എത്തിച്ചേരുന്ന മുസ്ലിം ഭക്ത ജനലക്ഷങ്ങൾ പുണ്യഭൂമിയായ മക്കയിലെ വിശുദ്ധ കഅബാലയത്തിന്റെ പരിസരങ്ങളിൽ സംഗമിച്ച് നടത്തുന്ന ആരാധനാകർമ്മമാണ് ഹജ്ജ്.പുതിയ കാലത്ത് മഹാമാരിയുടെ ഭീതിയിലാണ് ലോകമെങ്കിലും ആ സ്മരണ പുതുക്കാനുള്ള വെമ്പലില്‍ തന്നെയാണ് മുസ്ലിം ലോകം.
നാലായിരം വർഷങ്ങൾക്കപ്പുറം ജീവിച്ച പ്രവാചകനാണ് ഹസ്റത്ത് ഇബ്രാഹിം(അ) ദൈവപ്രീതിക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു ആ ത്യാഗിവര്യന്റേത്. ജീവിത ത്തിന്റെ തുടക്കം മുതൽ പരീക്ഷണങ്ങളുടെ പരമ്പരകൾ തന്നെ മഹാൻ നേരിട്ടു. നംറൂദിന്റെ അഗ്നി പരീക്ഷണത്തിനും വിധേയനായി.എല്ലാം വിജയകരമായി തരണം ചെയ്തു.
അല്ലാഹു അദ്ദേഹത്തെ ലോകജനതയുടെ നേതാവായി അവരോധിച്ചു. ഒരു വ്യക്തി എന്നതിനേക്കാൾ ഇബ്രാഹിം നബി (അ) ഒരു പ്രസ്ഥാനമായിരുന്നു.
ഇബ്റാഹീമിയാ മില്ലത്ത് (മാർഗം) അനുധാവനം ചെയ്യാൻ അല്ലാഹു നമ്മോട് കൽപിച്ചിരിക്കുന്നു.
ജീവിതം ഏകനായ അല്ലാഹുവിൽ സമർപ്പിതമാക്കുകയാണ് പ്രസ്തുത മില്ലത്തിന്റെ ആകെത്തുക.
ഹജജിന്റെ കർമ്മങ്ങളിൽ പലതും ഇബ്രാഹീം നബി (അ) യുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ഏടുകൾ അനുസരിപ്പിക്കുന്നതാണ്. പ്രതീകാത്മകമായ പ്രസ്തുത കർമങ്ങള്‍ ഹാജിമാർ ഇബാഹ്മിയ്യാ മില്ലത്തിനെ അനുകരിച്ച് ജീവിക്കുമെന്ന് പ്രതി ജ്ഞയെടുക്കുകയാണ്.
പെരുന്നാൾ ആഘോഷമാണെങ്കിലും ഭക്തി നിര്‍ഭരമാണത്.
കേവലമായ ആഹ്ലാദ പ്രകടനമല്ല. പ്രത്യേക നിസ്ക്കാരം, ഖുതുബ, ബലികർമ്മം, സുഭിക്ഷമായ ഭക്ഷണം, കുടുംബങ്ങളും സ്നേഹജനങ്ങളും ഒത്ത് കൂടൽ, സാഹോദര്യവും സ്നേഹബന്ധവും സ്ഥാപിക്കൽ, പാപമോചനം അർത്ഥിക്കല്‍ .എല്ലാം ഉൾകൊള്ളുന്നതാവണം പെരുന്നാള്‍ ആഘോഷം. ഇബ്റാഹീമിയ്യാ മില്ലത്തിന്റെ ഭാഗങ്ങളാണിതെല്ലാം.
ശേഷിയും സൗകര്യങ്ങളും സംവിധാനങ്ങളും പണ്ടത്തെക്കാൾ വിപുലമാണെങ്കിലും മതത്തിന്റെ അന്തസത്തക്ക് നിരക്കുന്ന വിധം ഇവ കൈകാര്യം ചെയ്യാൻ ഇക്കാലത്ത് നന്നായി ക്ലേശിക്കേണ്ടി വരും, ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന ഹജ്ജും പതിനായിരങ്ങള്‍ നീക്കി വെച്ച് നടത്തുന്ന ഉള്ഹിയ്യത്തും നിബന്ധനകള്‍ പൂര്‍ത്തിയായതാണെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം ഹൃദയശുദ്ധിയെ കുറിച്ച് സദാ നിരീക്ഷിക്കുയും വേണം.
ആഘോഷിക്കുക. ആടിത്തിമർക്കുക എന്ന സമവാക്യം അംഗീകരിച്ച ഒരു സമൂഹത്തിനിടയിലാണ് നമ്മുടെ പെരുന്നാൾ ആ ഘോഷം. കള്ളും പെണ്ണും ആട്ടും പാട്ടും കരി മരുന്നും കൂത്താട്ടവും ചേർന്നതാണ് പുതിയ കാലത്തെ ആഘാഷാരീതി.
ഇസ്ലാമിക സംസ്കാരം അംഗീകരിക്കുന്നവയല്ല അവയൊന്നുമെന്ന കാര്യം ഒരു സാഹചര്യത്തിലും നാം മറന്നുകൂടാ. തികച്ചും, ആത്മീയ പരിസരത്തുനിന്നുകൊ ണ്ടുള്ള ആനന്ദലബ്ധിയാവണം ആലോഷത്തിലൂടെ നാം വിശ്വാസികൾ ആവിഷ്കരിച്ചെടുക്കേണ്ടത്.
സദാചാര മൂല്യങ്ങളെ താലോലിച്ച സാമൂഹിക പരിസരത്ത് നിന്നും അരുതായ്മകള്‍ക്ക് അകമ്പടി സേവിക്കുന്നവർ അംഗീകരിക്കപ്പെടുന്ന ചുറ്റുപാടിലേക്കാണ് നമ്മുടെ സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. മദ്യവും മയക്കുമരുന്നും കൊള്ളയും കൊലയും ഒൗദ്യോഗിക മുദ്രയായി മാറുന്ന വിധം കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു.
പെണ്ണിനും ആണിനും കൂട്ടുകുടുംബങ്ങൾക്കും സുരക്ഷയില്ലാത്ത വിധം സാമൂഹിക ചുറ്റുപാടുകൾ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
ഉത്തമ സമുദായാംഗങ്ങൾക്ക് ഇവിടെ ഭാരിച്ച ഉത്തരവാദിത്വമുണ്ട്.
ഏറ്റവും ചുരുങ്ങിയത് സമുദായത്തിന് ചീത്തപ്പേര് വരാത്ത വിധം മതത്തിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനെങ്കിലും ഒാരോരുത്തർക്കും കഴിയണം. പ്രമാണങ്ങളിലൂടെ നാം ഉൾക്കൊള്ളുന്ന മൂല്യബോധം അതിനു നിമിത്തമാകണം. അല്ലാഹു അനുഗ്രഹിക്കട്ടെ.