ത്യാഗസ്മരണയിൽ നാളെ ബലിപെരുന്നാൾ

ബലിപെരുന്നാൾ അറഫാ സംഗമത്തോടുള്ള ഐക്യദാർഢ്യമായി വിശ്വാസികൾ ഇന്ന് നോമ്പെടുക്കുന്നു

നാളെ ദുൽഹജ്ജ് മാസം പത്ത്. ഇസ്ലാമിക ചരിത്രത്തിലെ ത്യാഗോജ്ജ്വലമായ ഒരധ്യായത്തിന്റെ സ്മരണ ഒരിക്കൽ കൂടി പുതുക്കുന്ന ദിനം. നാളെയാണ് ബലിപെരുന്നാൾ.

ഒപ്പം വിശുദ്ധഹജ്ജിന്റെ മർമ്മപ്രധാന ചടങ്ങായ അറഫാ സംഗമമാണിന്ന്.  അറഫാസംഗമത്തോടുള്ള ഐക്യദാർഢ്യമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് വ്രതമനുഷ്ടിക്കുകയാണ്.

സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും നാളെയാണ് ബലിപെരുന്നാൾ. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നത്. ദൈവേഛക്ക് മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം മകനെ ബലിയായി നൽകാൻ സന്നദ്ധനായ പിതാവിന്റെയും അത് ശിരസ്സാ വഹിച്ച പുത്രന്റെയും അല്ലാഹുവിന്റെയും കൽപ്പനപ്രകാരം മകനെ ബലി നൽകാൻ തയ്യാറായ ഹാജറാബിവിയുടെയും ചരിത്രസ്മരണകളാണ് ബലിപെരുന്നാളും വിശുദ്ധഹജ്ജും.

മകനെ ബലിയറുക്കാനുള്ള സന്നനദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്ന് പിന്തിരിയാൻ അല്ലാഹു രണ്ട് പേരോടും കൽപ്പിച്ചു. ഈ ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ആവർത്തനമാണ് ഓരോ ബലിപെരുന്നാളിലും ഹജ്ജിലും സംഭവിക്കേണ്ടത്. ഇബ്രാഹിം നബിയും മകൻ ഇസ്മായിലിന്റെ ത്യാഗസ്മരണകൾ പുതുക്കുന്ന ഒരു കർമ്മമാണ് വിശുദ്ധഹജ്ജിലും ബലിപെരുന്നാളിലും നടത്തുന്ന ബലികർമ്മങ്ങൾ.

ഈ വർഷം കോവിഡ് വ്യാപനപശ്ചാത്തലത്തിൽ പരിമിതമായ തീർത്ഥാടകർ മാത്രമാണ് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഇത്തവണ ഹജ്ജ് കർമ്മത്തിനെത്തിയിട്ടില്ല.  സൗദിക്കകത്തെ വിദേശികളിൽ ചിലർക്കും അൽപ്പം സ്വദേശികൾക്കുമാണ് ഹജ്ജിന് ഇത്തവണ അനുമതിയുള്ളത്.

ഇപ്രകാരം കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലും നൂറ് വിശ്വാസികൾക്ക് മാത്രമാണ്  അകലം പാലിച്ച് നമസ്ക്കരിക്കാൻ അനുമതിയുള്ളത്. ചെറിയ പള്ളികളാണെങ്കിൽ അതിൽ അകലം പാലിച്ച് ഉൾക്കൊള്ളാനാവുന്നവർക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ബലിയറുക്കുന്നതിന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പതിവായി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉൾക്കൊള്ളിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന ഈദ്ഗാഹുകളൊന്നും ഇത്തവണയില്ല.

പള്ളികളിലും സ്ഥലപരിമിതി കണക്കിലെടുത്ത് പുരുഷൻമാർക്ക് മാത്രമെ അനുമതിയുള്ളൂ.

പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്കും അനുമതിയില്ല. ചുരുങ്ങിയ സമയത്തിനകം സമസ്ക്കാരവും ഖുതുബയും നടത്തി വിശ്വാസികൾ വേഗത്തിൽ തന്നെ വീടുകളിലേക്ക് മടങ്ങാനാണ് നിർദ്ദേശം.

ജനങ്ങൾ പങ്കെടുക്കുന്ന ഹജ്ജ് കർമ്മവും ആയിരങ്ങളെ പങ്കെടുപ്പിച്ച് നടത്താറുള്ള പെരുന്നാൾ നമസ്ക്കാരവുമെല്ലാം കോവിഡ് മഹാമാരിവ്യാപനം തടയാൻ പരിമിതപ്പെടുത്തി ഇത്തവണ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

ത്യാഗത്തിന്റെ സ്മരണ പുതുക്കുന്ന ബലിപെരുന്നാളും അറഫാ സംഗമവും ബലികർമ്മങ്ങളുമെല്ലാം ഇത്തവണ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം അടയാളപ്പെടുത്തുകയാണ്.

LatestDaily

Read Previous

മയ്യത്ത് നമസ്ക്കാരം; ലക്ഷ്യം പണപ്പിരിവ്, ബനാത്്വാല സെന്റർ നിർവ്വീര്യമായ സംഘടന

Read Next

ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട ലൈംഗിക ആരോപണക്കേസ് സി.പി.എം ഒതുക്കി