ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വി.വി. രമേശൻ വർഷം 30 ലക്ഷം രൂപയ്ക്ക് നികുതി അടക്കുന്ന പാർട്ടി ജില്ലാ കമ്മറ്റിയംഗം
കാഞ്ഞങ്ങാട്: നവോത്ഥാന മടിക്കൈയിൽ ജാതി രാഷ്ട്രീയം പിടിമുറുക്കിയ വാർത്തകൾ പുറത്തുവിട്ട ലേറ്റസ്റ്റിനെതിരെ നിയമ നടപടിയുടെ ഭാഗമായി നോട്ടീസയക്കാൻ നിർദ്ദിഷ്ട ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനാർത്ഥി സാവിത്രിയിൽ മടിക്കൈയിലെ ഒന്നാം ചേരി സിപിഎമ്മിന്റെ സമ്മർദ്ദം.
മടിക്കൈ പഞ്ചായത്തിൽ ഇത്തവണ പ്രസിഡണ്ട് പദവിയിൽ അവരോധിക്കാൻ സിപിഎമ്മിലെ ഒന്നാംചേരി കണ്ടുെവച്ച നായർ വനിതയാണ് സാവിത്രി.
ജനാധിപത്യ മഹിളാ സംഘടന നേതാവ് മടിക്കൈയിലെ പി. ബേബി, നിലവിലുള്ള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശശീന്ദ്രൻ മടിക്കൈ എന്നിവരടങ്ങുന്ന ചേരിയാണ് ഇത്തവണ നായർ വനിതയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാക്കാൻ മുന്നിട്ടിറങ്ങി നിൽക്കുന്നത്.
ഈ ചേരിയാകട്ടെ മടിക്കൈ സിപിഎമ്മിലെ പ്രായോഗിക കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരനും, മുൻ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എം. രാജനുമടക്കമുള്ള രണ്ടാം ചേരി കമ്മ്യൂണിസ്റ്റ് ആശയ രാഷ്ട്രീയക്കാരാണ്.
മടിക്കൈ നാട്ടിൽ ഇതിനകം മറനീക്കി പുറത്തു വന്നിട്ടുള്ള ജാതിരാഷ്ട്രീയ വാർത്തകൾ പ്രദേശത്തെ ഇളക്കി മറിച്ചിട്ടുണ്ട്.
ഒരു കാലത്ത് ജാതീയതയ്ക്കെതിരെ ശക്തമായി പടപൊരുതിയാണ് ഇന്നത്തെ കമ്മ്യൂണിസ്ററ് മടിക്കൈ തലയുയർത്തി നിൽക്കുന്നത്. ഒന്നാംചേരിയിൽപ്പെട്ടവർ കമ്മ്യൂണിസത്തിന്റെ പേരിൽ ജാതീയതെയ വീണ്ടും ക്ഷണിച്ചുകൊണ്ടുവരുന്നതിൽ അമർഷം പൂണ്ട കമ്മ്യൂണിസ്റ്റ് ആശയക്കാരായ യുവതലമുറ ഇപ്പോൾ ജാതിരാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
ഭയം ഒന്നുകൊണ്ടുമാത്രം പരസ്യപ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്ന ഇത്തരം യുവകമ്മ്യൂണിസ്റ്റ് ആശയക്കാർ ഒന്നും നടക്കാതെ വന്നപ്പോൾ സഹികെട്ടാണ് വോട്ടെടുപ്പിൽ ബാലറ്റ് പത്രികയിലൂടെ സ്വന്തം സമ്മതിദാനാവകാശം “താമരയ്ക്”നൽകി പ്രതിഷേധിക്കുന്നത്.
മടിക്കൈ ഗ്രാമത്തിന്റെ മാറിയ അരാഷ്ട്രീയ അധഃപ്പതനചിത്രത്തിന്റെ മുഖം മൂടി വാർത്തകളിൽ വലിച്ചെറിഞ്ഞ ലേറ്റസ്റ്റിനെതിരെ ഇപ്പോൾ ഒന്നാം ചേരി പ്രായോഗിക രാഷ്ട്രീയക്കാർ പ്രദേശത്ത് വ്യാജ പ്രചാരണങ്ങൾ നടത്തി വരികയാണ്.
മടിക്കൈ ബാങ്കിന്റെ പരസ്യം ലേറ്റസ്റ്റിന് നൽകാത്തതുകൊണ്ടാണ് ജാതി രാഷ്ട്രീയ വാർത്തകൾ ലേറ്റസ്റ്റ് പുറത്തുവിട്ടതെന്നാണ് പാർട്ടി അണികളുടെ ചോദ്യശരങ്ങളെ തടുത്തു നിർത്താനുള്ള ഒന്നാം ചേരിയുടെ ചുവന്ന പരിച. മടിക്കൈ ബാങ്കിന്റെ പരസ്യം അടുത്ത നാളുകളിലൊന്നും ലേറ്റസ്റ്റ് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ, പരസ്യങ്ങളില്ലാതെ പത്രങ്ങൾക്ക് ഇന്ന് ഒട്ടും നിലനിൽപ്പുമില്ല.
ഇനി പത്രത്തിന് പരസ്യം ആവശ്യപ്പെട്ടാൽ തന്നെ അതൊരു കുറ്റകൃത്യമല്ല. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി. രമേശൻ പാർട്ടി ജില്ലാ കമ്മറ്റി അംഗമാണ്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാംനിര പരസ്യഏജന്റാണ് അന്നും ഇന്നും രമേശൻ.
വി.എസ്. സർക്കാർ അധികാരത്തിലിരുന്നപ്പോൾ രമേശൻ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയിരുന്നു. ആ 5 വർഷക്കാലവും വർഷത്തിൽ ഒന്നരക്കോടി രൂപയുടെ പരസ്യമാണ് രമേശൻ ദേശാഭിമാനിക്ക് ശേഖരിച്ച് നൽകിയത്.
ഒന്നരക്കോടി രൂപയുടെ 20 ശതമാനം തുക പരസ്യ കമ്മീഷനായി ദേശാഭിമാനി രമേശന് നൽകിയിട്ടുണ്ട്. ഒരു വർഷം ഈ രീതിയിൽ 30 ലക്ഷം രൂപയാണ് രമേശൻ ദേശാഭിമാനിയിൽ നിന്ന് വെള്ളപ്പണമായി പരസ്യക്കമ്മീഷൻ തുക കൈപ്പറ്റിയിട്ടുള്ളത്.
വർഷം 30 ലക്ഷം രൂപ കൈപ്പറ്റിയ രമേശൻ ഈ തുകയുടെ ആദായനികുതി യടക്കുകയും ചെയ്തിട്ടുണ്ട്.
സിപിഎം കാസർകോട് ജില്ലാ കമ്മറ്റിയിൽ പ്രതിവർഷം 30 ലക്ഷം രൂപയ്ക്ക് ആദായനികുതി ഒടുക്കിയ ഏക ജില്ലാക്കമ്മറ്റി അംഗം വി. വി. രമേശൻ മാത്രമാണ്.
ഈ നിലയ്ക്ക് ലേറ്റസ്റ്റ് പോലുള്ള ഒരു ചെറുകിട പത്രം ബാങ്കായാലും, സ്ഥാപനങ്ങളോടായാലും, വ്യക്തികളോടായാലും പരസ്യം ആവശ്യപ്പെടുന്നത് ഏതോ മഹാകുറ്റമായിട്ടാണ് മടിക്കൈയിൽ ജാതിരാഷ്ട്രീയത്തിന്റെ പ്രായോഗിക വക്താക്കൾ പാർട്ടി സഖാക്കളിൽ പ്രചരിപ്പിച്ചു വരുന്നത്.
മടിക്കൈ ജാതിരാഷ്ട്രീയത്തിനെതിരെ അതിശക്തമായി പ്രതികരിച്ച ലേറ്റസ്റ്റിനെ നാട്ടിലും പ്രവാസ ലോകത്തുമുള്ള മടിക്കൈയുവതലമുറ അനുദിനം സന്ദേശങ്ങളിലും നേരിട്ടും അഭിനന്ദിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്.