സുബൈദ കൊലക്കേസ്സ് പ്രതിയെ കണ്ടെത്തുന്നവർക്ക് 2 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു

ബേക്കൽ: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസ്സിൽ ഒളിവിലുള്ള 3-ാം പ്രതിക്ക് വേണ്ടി വീണ്ടും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതിയെ പിടികൂടാനുള്ള സൂചന നൽകുന്നവർക്ക് 2 ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.

സുബൈദ കൊലക്കേസ്സിൽ പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കർണ്ണാടക സുള്ള്യയിലെ അബ്ദുൾ അസീസിന് വേണ്ടിയാണ് ബേക്കൽ പോലീസ് വീണ്ടും  ലുക്ക്ഔട്ട് നോട്ടീസിറക്കിയത്. കർണ്ണാടകയിൽ മറ്റൊരു കേസ്സിൽ പ്രതിയായ അസീസിനെ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടു വരുന്നതിനിടെയാണ് പ്രതി സുള്ള്യയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. 2018 ജനുവരിയിലാണ് ചെക്കിപ്പള്ളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സുബൈദയെ മധൂർ പട്ള കുഞ്ചാറിലെ അബ്ദുൾ ഖാദർ, പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, സുള്ള്യ  അജാവാരയിലെ അബ്ദുൾ അസീസ്, മാന്യയിലെ ഹർഷാദ് എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.

കൈകാലുകൾ ബന്ധിച്ച ശേഷം സുബൈദയെ ശ്വാസംമുട്ടിച്ച് കൊന്ന സംഘം ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണ്ണം മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രസ്തുത കേസ്സിൽ 4 പ്രതികളെയും പോലീസ് പിടികൂടിയിരുന്നെങ്കിലും അസീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു.

കേരള, കർണ്ണാടക സംസ്ഥാനങ്ങളിലായി നടന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അബ്ദുൾ അസീസ്. ഒരു വർഷം മുമ്പാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ പ്രതിയെ കർണ്ണാടകയിലേക്ക് കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലുമായി.

അബ്ദുൾ അസീസിന് വേണ്ടി കേരള കർണ്ണാടക സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള സൂചന നൽകുന്നവർക്ക് 2 ലക്ഷംരൂപ പ്രതിഫലവും ലഭിക്കും.

സുബൈദ കൊലക്കേസ്സ് പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയുടെ  നേതൃത്വത്തിൽ പുതിയ അന്വേഷകസംഘം രൂപീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്  ഡിവൈഎസ്പി, പി. വിനോദ്, ബേക്കൽ പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ, തുടങ്ങിയവർ സംഘത്തലുൾപ്പെടും.

LatestDaily

Read Previous

ചുമട്ട് തൊഴിലാളിക്ക് കോവിഡ് ടൗൺ അടച്ചിട്ടു

Read Next

ലേറ്റസ്റ്റിന് നോട്ടീസയക്കാൻ സാവിത്രിയിൽ സമ്മർദ്ദം