ആ അരിമണിയിലും ഉണ്ടാകും മരണത്തിന്റെ കയ്യൊപ്പ്

കഴിഞ്ഞ ദിവസം ഒരുറ്റ ചങ്ങാതി എനിക്ക് ഒരു കുറിപ്പ് അയച്ചു. അതില്‍ കുറിപ്പുകാരന്റെയോ  കുറിപ്പുകാരിയുടെയോ പേരില്ലായിരുന്നു. പകരം ‘ഞാന്‍’ എന്നുമാത്രം. ബ്രാക്കറ്റില്‍ ഈ കുറിപ്പെഴുതുന്നത് ‘നമ്മള്‍ ഓരോരുത്തരും’ എന്ന ഓര്‍മ്മപ്പെടുത്തലും.

പ്രബുദ്ധ കേരളത്തെ കൊറോണ എന്ന മഹാമാരി വളഞ്ഞിട്ടുപിടിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടുപോയ ജാഗ്രതയെക്കുറിച്ചാണ് ഹൃദയദ്രവീകരണശക്തിയുള്ള ആ കുറിപ്പ്.

ഇതെഴുതുമ്പോള്‍ ഈ കൊച്ചു കേരളത്തിലെ കൊറോണ മരണങ്ങള്‍ അറുപതു കടന്നിരിക്കുന്നു. ഇനിയും ഒരു ലോക്ഡൗണ്‍ വന്നേയ്ക്കാം. പക്ഷേ അത് പ്രഖ്യാപിക്കുന്നതു കൊറോണയായിരിക്കും. സര്‍ക്കാര്‍ അസ്തപ്രജ്ഞമായിനില്ക്കേണ്ട.

കൊറോണ നാടുഭരിക്കുന്ന കാലം വരാന്‍ പോകുന്നുവെന്ന ആ കുറിപ്പില്‍, വൈറസിന്റെ ഏകാധിപത്യ ഭരണത്തില്‍ ജനാധിപത്യം അടിപതറാന്‍ പോകുന്നു

വീടിനു പുറത്തിറങ്ങുന്നവര്‍ മരണത്തിന്റെ വാഹകരായി തിരിച്ചു കയറുന്ന അവസ്ഥ. ഡോക്ടര്‍മാരടക്കമുള്ള ആതുരസേവകരെ മരണം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. രോഗീപരിപാലനത്തിനുപോലും ആളില്ലാത്ത അവസ്ഥ.

കാലന്‍ അര്‍മാദിച്ചു നടക്കുന്ന കാലത്തിലേക്കു നാം ഓടിയടുത്തുകൊണ്ടിരിക്കുന്നു. അകത്തിരുന്ന് നമ്മളറിയുന്നു അയലത്തെ ഒരു കുടുംബം മരിച്ചുവീണെന്ന്. ഉറ്റബന്ധുക്കളില്‍ പലരും മരിച്ചുവീണെന്ന്. അന്ത്യാഞ്ജലി പോലുമര്‍പ്പിക്കാനാവാതെ അകത്തിരുന്നു നാം കരയുമ്പോള്‍ അരികില്‍ കുഞ്ഞുമക്കളുടെ വിലാപം നമ്മുടെ കാതുകളില്‍ വന്നലയ്ക്കും. വിശപ്പിന്റെ വിലാപം, മരണത്തിനുമപ്പുറമാണ് വിശക്കുന്ന ശിശുരോദനമെന്നു നാമറിയുന്നു.

പരതി നടന്നതിനൊടുവില്‍ കിട്ടിയ ഒരുപിടി അരിയിലുമുണ്ട് മരണത്തിന്റെ കയ്യൊപ്പ്. ഇനി വിശപ്പടക്കാനുള്ളതൊന്നും ബാക്കിയുണ്ടാവില്ല. പടിക്കല്‍ വിശന്നിരിക്കുന്ന മരണമല്ലാതെ. അയലത്തും ബന്ധുവീട്ടിലും കയറിയിറങ്ങിയ മരണം നമ്മുടെ വീട്ടിലും കയറിവരും.

മക്കളെയും നമ്മളേയും ഒന്നൊന്നായി മരണം വിഴുങ്ങുമ്പോള്‍ സംസ്കാരത്തിന് ആറടി കുഴിവെട്ടാന്‍പോലം ആളുമുണ്ടാവില്ല, ആവതുമുണ്ടാവില്ല.

പറ്റുമെങ്കില്‍ ഇപ്പോള്‍ത്തന്നെ നമുക്കു വേണ്ടി ഓരോ കുഴികുത്തിയിടുക. അവസാനം വരെ അഹങ്കരിച്ച് അതിരുവിട്ടിറങ്ങിയവന്റെ ആത്മാവിനും വേണമല്ലോ താന്‍ തന്റെ കുഴികുഴിച്ചുവെന്ന അഹങ്കാരം എന്നിങ്ങനെ അവസാനിക്കുന്ന ആ ചിന്താബന്ധുരമായ കുറിപ്പ് ആത്മവിമര്‍ശനത്തിന്റെ അനന്ത ഭൂമികകളിലേക്ക് നമ്മെ ക്ഷണിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഈ കുറിപ്പ് ഇവിടെ ഉദ്ധരിച്ചതും.

നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കാന്‍ മനുഷ്യന് നൈസര്‍ഗികമായ ഒരു വാസനതന്നെയുണ്ട്. പണ്ട് തമിഴ്‌നാട്ടില്‍ മദ്യം നിരോധിച്ചപ്പോള്‍ ജനം പെയിന്റ് നേര്‍ത്തതാക്കാന്‍ ഉപയോഗിക്കുന്ന തിന്നറില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കുടിച്ച് ലഹരി കണ്ടെത്തി. പക്ഷേ ആ ലഹരിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നത് മരണമായിരുന്നു.

ആണും പെണ്ണും കുട്ടികളും വൃദ്ധരുമായി നൂറുകണക്കിനാളുകള്‍ വിഷമദ്യം കഴിച്ചു മരിച്ചു. ഇതോടെ ജനത്തിന് വിഷമദ്യത്തെക്കുറിച്ച് ഒരവബോധമുണ്ടായി. പിന്നീട് അത്യപൂര്‍വമായേ അവിടെ വിഷമദ്യ ദുരന്തങ്ങളുണ്ടായിട്ടുള്ളു. തമിഴകത്തെക്കാള്‍ ഉല്‍ബുദ്ധമാണെന്നു പറയുന്ന നമ്മുടെ നാട്ടിലും വൈപ്പിന്‍, പുനലൂര്‍, കല്ലുവാതുക്കല്‍ മദ്യദുരന്തങ്ങളുണ്ടായി. 

കുറേ വര്‍ഷങ്ങളായി ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നു വിഷമദ്യമരണങ്ങള്‍ തല്ക്കാലത്തേക്കെങ്കിലും വിട്ടുനില്ക്കുന്നു. ഈ ദുരന്തങ്ങള്‍ പോലെയല്ല മഹാമാരികളുണ്ടാക്കുന്ന മൃത്യു പരമ്പരകള്‍ എന്ന് അറിയാത്തവരല്ല പ്രബുദ്ധമലയാളികള്‍.

കൊറോണ ഇന്ത്യയിൽ ആദ്യമെത്തിയത് ഈ പ്രബുദ്ധ കേരളത്തില്‍ ആണെന്ന് ഓര്‍ക്കുക. പക്ഷേ സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്തു പോരാടിയപ്പോള്‍ കൊറോണ ഭയപ്പെട്ടുമാറി നിന്നു. ക്രമേണ ആ പടവീര്യത്തില്‍ മടവീണു.

മഹാമാരിയെ തീണ്ടാക്കല്ലുകള്‍ക്കപ്പുറത്തു നിര്‍ത്തിയെന്ന ഖ്യാതി വേണ്ടെന്ന് ചിലര്‍. മറ്റു ചിലര്‍ ആപല്‍ഘട്ടം ഒഴിഞ്ഞുപോയി എന്നു തമ്പേറടിച്ച് തെരുവുകളില്‍ കുടിച്ചുകൂത്താടി. സാമൂഹ്യ അകലവും ശുചിത്വവുമെല്ലാം പലര്‍ക്കും പഴങ്കഥയായി. മലയാളിയുടെ ആ അഹങ്കാരത്തിലെ ഫലം നാം കണ്ടു തുടങ്ങിയിരിക്കുന്നു.

കൊറോണ കൊയ്തുകൂട്ടുന്ന മനുഷ്യജീവനുകളുടെ എണ്ണം അനുദിനം കുതിച്ച് അശ്വമേധം നടത്തുമ്പോള്‍ നമ്മുടെയെല്ലാം പടിക്കല്‍ വായ്‌പിളര്‍ന്നിരിക്കുന്ന മരണത്തെ കാണാതാവുന്ന നമുക്ക് പ്രബുദ്ധ മലയാളി എന്ന പെരും പേര് കൈമോശം വന്നു തുടങ്ങിയോ. മഴമേഘങ്ങള്‍ കണ്ടപ്പോള്‍ വീട്ടില്‍ അടച്ചുപൂട്ടിയിരുന്നവര്‍ പെരുമഴ വന്നപ്പോള്‍ മഴ നൃത്തം നടത്തുന്ന ദുര്യോഗം.

കൊറോണ അന്ധമായ മതവിശ്വാസങ്ങളുടെ അന്തകനായ കഥകളും ഈ മഹാമാരിക്കാലത്ത് നമ്മുടെ മുന്നിലേക്ക് എത്തുന്നു. കൊറോണമൂലം മരിച്ച ഒരാളുടെ മൃതദേഹം ആളുമാറി മറ്റൊരു കുടുംബത്തെ ആശുപത്രി അധികൃതര്‍ ഏല്പിക്കുന്നു.

ആള്‍ മാറി കിട്ടിയ മൃതദ്ദേഹം ഹിന്ദു ആചാരാനുഷ്ഠാനങ്ങളോടെ മന്ത്രോച്ചാരണങ്ങളോടെ ഹിന്ദുശ്മശാനത്തില്‍ സംസ്കരിച്ചു. ഹിന്ദുവിന്റെ മൃതദേഹം ഏറ്റു വാങ്ങിയത് മുസ്‌ലിം കുടുംബം.

ഉമ്മയുടെ മുഖം അവസാനമായൊന്ന് കാണാൻ മോർച്ചറി ജീവനക്കാരന് കൈക്കൂലി നൽകി മൂടിപ്പുതപ്പിച്ച തുണിമാറ്റി നോക്കിയപ്പോൾ അപരിചിതയായ സ്ത്രീ.

ആളുമാറി സംസ്കാരം നടന്നെന്ന് പിന്നീടറിഞ്ഞപ്പോഴും‍ ഇരു കുടുംബങ്ങളും അവരുടെ മതങ്ങളും ശണ്ഠകൂടിയില്ല.

ഇതൊക്കെയാണെങ്കിലും കൊറോണ തന്നെ കൊണ്ടുപോയാലും പത്തുപതിനായിരം പേരെ കൂടെകൂട്ടിയേ താനും‍ പോകൂ എന്ന

വാശിക്കാരനായിരുന്നു, ലോകത്തെ ഏറ്റവുമധികം വരുമാനമുള്ള ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്ന ആചാര്യ ശ്രീപുരുഷോത്തം പ്രിയദാസ്ജി സ്വാമിശ്രീ മഹാരാജ്.

ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മേല്‍പ്പടിയാന്‍ പ്രസാദമായി നല്കുന്നത്, പരിശുദ്ധമായ ലഡ്ഡു തന്റെ വായിലിട്ട് തുപ്പല്‍ പുരട്ടിയശേഷം. ഏതാനും ദിവസം മുമ്പ് കക്ഷിയങ്ങു വടിയായി.

സമാധിയായതല്ല, കോവിഡ് ബാധിച്ച് തട്ടിപ്പോയതാണ്. പുരോഹിതവര്യന്‍ മരിച്ചപ്പോള്‍ മോഡിജിപോലും അനുശോചന സന്ദേശത്തില്‍ പറഞ്ഞത് മഹാസമാധിയായ ആചാര്യശ്രീ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് നന്മപകര്‍ന്നു നല്കിയിട്ടാണ് വിട പറഞ്ഞതെന്നായിരുന്നു. എന്നാല്‍ പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത്, ലക്ഷക്കണക്കിന് ഭക്തരെ ലഡ്ഡു തുപ്പി നല്കി കോവിഡ് രോഗികളാക്കിയശേഷമാണ് അന്ത്യശ്വാസം വലിച്ചതെന്നായിരുന്നു.

മരിച്ച അദ്ദേഹത്തെ സമാധിയാക്കി കൈകാലുകള്‍ വളച്ചിരുത്തിയത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു. സമാധി പീഠത്തില്‍ ഒടിച്ചു മടക്കിയിരുത്തിയ സ്വാമിമാര്‍ മാസ്കു ധരിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പീഠത്തോടെ കക്ഷിയെ കുഴിയിലേയ്ക്കെടുത്തിട്ടപ്പോള്‍ ഗുജാറാത്തിലുടനീളം ജനങ്ങള്‍ അലമുറയിട്ടെന്ന് അനുയായികൾ. ഇത് സ്വാമിജിയോടുള്ള ആദരവു കൊണ്ടല്ല ആ സാമദ്രോഹി തങ്ങള്‍ക്കും കൊറോണ പ്രസാദം തന്നിട്ടുപോയതുകൊണ്ടാണെന്ന് മോഡി വിരുദ്ധരും പറയുന്നു! തിരുപ്പതിയിലെ പ്രസാദവും ലഡ്ഡുവാണ്. പക്ഷേ മുഖ്യപൂജാരി അതില്‍ തുപ്പാറില്ല.

‘തുപ്പല്ലേ തോറ്റുപോകും’ എന്ന് അദ്ദേഹത്തിനറിയാം. കഷ്ടകാലത്തിന് കോവിഡ് ബാധിച്ച് അവിടത്തെ പൂജാരിയും ഈയിടെ മരണത്തെ പൂകി. തിരുമല്‍ ദേവന്‍പോലും മുഖ്യ പൂജാരിയെ രക്ഷിക്കാത്തത് അദ്ദേഹം എന്തെങ്കിലും കുരുത്തക്കേട് കാട്ടിയതുകൊണ്ടാകുമോ!

LatestDaily

Read Previous

മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത കുറവ്

Read Next

സിപിഎം പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ കേസ്സ്