ബശീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെത്തുടർന്ന് പിൻവലിച്ചു.

അജാനൂർ പഞ്ചായത്ത്  അംഗവും കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് സിക്രട്ടറിയുമായ ബശീർ വെള്ളിക്കോത്താണ് പിണറായി വിരോധം തീർക്കാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനെയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും താരതമ്യം ചെയ്ത് കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെയും, നിപ്പാ, കൊറോണ വൈറസ് ബാധകളുടെയും കാരണം പിണറായി വിജയനാണെന്ന് ധ്വനിപ്പിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.

എല്ലാവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും വിശ്വസിക്കുന്നവർ ഉൾപ്പെടുന്ന സംയുക്ത ജമാഅത്തിന്റെ ഭാരവാഹി സ്ഥാനത്തിരുന്ന് പച്ചയായ രാഷ്ട്രീയ വിരോധം പ്രസംഗിക്കുന്ന ജമാഅത്ത് സിക്രട്ടറിക്കെതിരെ നവ മാധ്യങ്ങളിൽ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ്, വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.

റൺവേയുടെ പണി പൂർത്തിയാകുന്നതിന് മുമ്പ് മുൻമുഖ്യമന്ത്രി തിടുക്കത്തിൽ ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളമടക്കം, ഉമ്മൻചാണ്ടിയുടെ നേട്ടങ്ങളുടെ പട്ടികയിലാണ് ബശീർ ഉൾപ്പെടുത്തിയത്.

ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് നിർമ്മിച്ച 400 പാലങ്ങൾ, മെഡിക്കൽ കോളേജുകൾ, സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം എന്നിവ ഇദ്ദേഹം യുഡിഎഫ് ഭരണ നേട്ടങ്ങളുടെ പട്ടികയിൽപ്പെടുത്തുകയാണ്.

2019-ലെ നിപ്പാ, 2017ലെ ഓഖി, 2018, 2019 വർഷങ്ങളിലെ പ്രളയം, 2020 ലെ കൊറോണ മുതലായവ പിണറായി വിജയന്റെ സംഭാവനയാണെന്നും, ബശീറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നവമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ പോസ്റ്റ് മുക്കി ബഷീർ തടിയൂരി.

ബശീറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഭൂരിഭാഗവും അന്ധമായ പിണറായി വിരോധം പ്രകടമാക്കുന്നവയാണെന്ന് ആക്ഷേപമുണ്ട്.

മടിക്കൈയിൽ ഇസ്്ലാം മതക്കാർക്ക് നിസ്ക്കരിക്കാൻ അനുവാദമില്ലെന്ന് ഇദ്ദേഹം കണ്ണൂർ ജില്ലയിലെ ഒരു പരിപാടിയിൽ പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു.

LatestDaily

Read Previous

യുഏഇയിലേക്ക് തിരികെ പോകുന്നവർക്ക് മെഡിക്കൽ പരിശോധനയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ

Read Next

സംയുക്ത ജമാഅത്ത് കെട്ടിടം നിർമ്മിച്ചത് എം.ബി. മൂസ്സാഹാജി