ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പിടിച്ചെടുത്ത കോഴിയിറച്ചി അധികൃതർ നശിപ്പിച്ചു ∙ ഉപയോഗ ശൂന്യമായ എണ്ണയും കണ്ടെത്തി
ബേക്കൽ : തീൻമേശയിൽ കൊണ്ടുവെച്ച ചിക്കൻ ഡ്രൈ ഫ്രൈയുടെ മുകളിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പാലക്കുന്ന് ടൗണിലുള്ള ക്വാളിറ്റി റസ്റ്റോറന്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. മൂന്ന് ദിവസം പഴക്കമുള്ള എണ്ണയിലാണ് തുടർച്ചയായി ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
എണ്ണയിൽ പൊരിക്കാൻ വെച്ചിരുന്ന കോഴിയിറച്ചിക്കൊപ്പം രണ്ടുദിവസം പഴകിയ കോഴിയിറച്ചിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി. ഇൗ പഴകിയ കോഴിയിറച്ചി അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. കോഴിയിറച്ചി പൊരിക്കാൻ അടുപ്പിൽ വെച്ചിരുന്ന എണ്ണ മൂന്ന് ദിവസം ഉപയോഗിച്ച് പഴകിയതാണെന്ന് കണ്ടെത്തി.
ഹോട്ടലിൽ വിതരണം ചെയ്ത അൽഫാമിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതിന് ഒരു വാട്ട്സ്ആപ്പ് ലൈവ് ചിത്രം മാത്രമായിരുന്നു തെളിവ്. പുഴുക്കൾ കണ്ടെത്തിയെന്ന് പറഞ്ഞ പരാതിക്കാധാരമായ പൊരിച്ച കോഴി മാംസം ഹാജരാക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ല.
മേശപ്പുറത്ത് വിതരണം ചെയ്ത അൽഫാമിലാണ് ജീവനുള്ള പുഴുക്കളുണ്ടായിരുന്നത്. പരാതിക്കാധാരമായി യുവാക്കൾ പുറത്തുവിട്ടത് വീഡിയോ ചിത്രമാണെങ്കിലും, ചിത്രത്തിൽ പുഴുക്കൾ ഇഴയുന്നത് ചൂടാക്കിയ കോഴി മാംസത്തിന് മുകളിലാണ്. പഴകിയ കോഴിയിറച്ചി കണ്ടെത്തിയ സംഭവത്തിലും, പഴകിയ എണ്ണയിൽ തന്നെ തുടർച്ചയായി കോഴിയിറച്ചി പൊരിക്കുന്ന സംഭവത്തിലും ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലുടമയെ താക്കീതു ചെയ്തു.
മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശ്ശന നടപടിയുണ്ടാകുമെന്ന് അധികൃതർ ഹോട്ടലിന് മുന്നറിയിപ്പുനൽകി. മെഡിക്കൽ ഒാഫീസർ ഡോ. മുഹമ്മദ്, ഉദുമ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻസ് സിക്രട്ടറി വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്വാളിറ്റി ഹോട്ടലിൽ ഇന്നലെ പരിശോധന നടത്തിയത്.