ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ഇടതുഭരണം 5 വർഷം പൂർത്തിയാകാറാകുമ്പോഴും, കാഞ്ഞങ്ങാടിന്റെ കായിക പ്രേമികളുടെ എക്കാലത്തെയും സ്വപ്നമായ സ്റ്റേഡിയം നിർമ്മാണത്തിൽ കളി.
നഗരസഭ നടത്തിയ വൻ പന്തില്ലാ കളിക്കെതിരെ കേരള ഹൈക്കോടതിയിൽ റിട്ട് ഹരജി.
കാഞ്ഞങ്ങാട് സ്വദേശി ചന്ദ്രൻ ആറങ്ങാടിയും, മേലാങ്കോട്ട് ഗുരുകൃപയിൽ ബി. പ്രശാന്തുമാണ് നഗരസഭയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയത്.
സംസ്ഥാന സർക്കാർ, കാസർകോട് ജില്ലാ കലക്ടർ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ, നഗരസഭ സിക്രട്ടറി എന്നിവരാണ് ഹരജിയിൽ എതൃകക്ഷികൾ. മൂന്നരപ്പതിറ്റാണ്ടിലെത്തി നിൽക്കുന്ന കാഞ്ഞങ്ങാട് നഗരസഭ മാറിമാറി ഭരിച്ച ഇടതു മുന്നണി, ഐക്യജനാധിപത്യ മുന്നണി ഭരണക്കാർ കാഞ്ഞങ്ങാട്ടെ ചില സമ്പന്ന ലോബികളുടെ അച്ചാരം വാങ്ങി സ്റ്റേഡിയം നിർമ്മാണം നീണ്ട 35 വർഷക്കാലം യാഥാർത്ഥ്യമാക്കാതെ ബോധപൂർവ്വം വൈകിപ്പിക്കുകയായിരുന്നു.
മൂന്നരപ്പതിറ്റാണ്ടുകാലത്തെ നഗരഭരണത്തിൽ ഏറെ വർഷത്തെ കാലയളവിലും മുസ്ലീംലീഗും കോൺഗ്രസ്സുമടങ്ങുന്ന യുഡിഎഫ് ആണ് നഗരം ഭരിച്ചിരുന്നത്. 25 വർഷം മുമ്പ് തന്നെ കാഞ്ഞങ്ങാട്ടെ അലാമിപ്പള്ളിയിൽ പുതിയ ബസ്്സ്റ്റാന്റിനും സ്റ്റേഡിയത്തിനും ഭൂമി കണ്ടെത്തിയിരുന്നു.
നിലവിലുള്ള പുതിയ ബസ്്സ്റ്റാന്റിന് പിന്നിൽ വിശാലമായി കിടക്കുന്ന ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് അന്നത്തെ ജില്ലാ ഭരണകൂടം മാർക്ക് ചെയ്തു നൽകുകയും, ഭൂമി പൊന്നും വിലയ്ക്കെടുക്കാൻ മാർക്ക് ചെയ്ത ശേഷം വിജ്ഞാപനമിറക്കി നഗരസഭയ്ക്ക് നൽകുകയും ചെയ്തിരുന്നുവെങ്കിലും, മാർക്ക് ചെയ്ത ഭൂമി കാഞ്ഞങ്ങാട്ടെ ഒരു പ്രമുഖ സ്വർണ്ണവ്യാപാര കുടുംബത്തിന്റെ കൈകളിലാണ് ഇപ്പോഴുള്ളത്.
തൃക്കരിപ്പൂർ പ്രവാസിയും വ്യവസായിയുമായ സുരേഷ്കുമാറിന്റെ സ്വന്തം പേരിലും ഈ സ്ഥലത്ത് ജില്ലാകലക്ടർ മാർക്ക് ചെയ്ത കണ്ണായ ഭൂമിയുണ്ട്.
പ്രമുഖ കുടുംബഭൂമിയിൽ സ്റ്റേഡിയം പണിയാതിരിക്കാനുള്ള ഗൂഢനീക്കങ്ങളാണ് വി. വി. രമേശൻ ചെയർമാനായ കഴിഞ്ഞ 5 വർഷത്തെ ഇടതുഭരണകൂടം മനസ്സു വെച്ചത്.
കാഞ്ഞങ്ങാട്ട് സ്റ്റേഡിയം പണിയുമെന്ന് 5 വർഷം മുമ്പ് 2015-ൽ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുൻനിരയിലുള്ള ഇടതു ജനാധിപത്യ മുന്നണി പ്രകടന പത്രികയിലെ മുൻനിര പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നിട്ടും ഇടതു നഗരഭരണം നാലേമുക്കാൽ വർഷം പൂർത്തിയാക്കിയിട്ടും സ്റ്റേഡിയത്തിന് മാർക്കുചെയ്തുവെച്ചിട്ടുള്ള സ്വർണ്ണ വ്യാപാര -ഭൂപ്രമാണിമാരുടെ ഭൂമി തൊടാൻ ഇടതുഭരണത്തിന്റെ ചെയർമാനും കൗൺസിൽ അംഗങ്ങൾക്കും ധൈര്യമുണ്ടായില്ല.
സ്റ്റേഡിയം ഭൂമി അക്വയർ ചെയ്യാതിരിക്കാൻ ഒരു പരസ്പര ധാരണ ഭൂപ്രമാണിമാരുമായി നഗരസഭ നടത്തിയിരുന്നു.
വി. വി. രമേശൻ ഭരണം നാലു വർഷം പിന്നിട്ടിട്ടും നഗരസഭ സ്റ്റേഡിയ നിർമ്മാണം നഗരസഭയുടെ അജണ്ടയിൽ കുഴിച്ചുമൂടപ്പെട്ട സാഹചര്യത്തിൽ ലോക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ലേറ്റസ്റ്റ് പുറത്തുവിട്ട നഗരസഭ സ്റ്റേഡിയത്തിന് പിന്നിൽ നടന്ന കള്ളക്കളികൾ എന്ന വാർത്ത ചൂണ്ടിക്കാട്ടിയും, രേഖകൾ സാക്ഷ്യപ്പെടുത്തിയുമാണ് ഇപ്പോൾ കാഞ്ഞങ്ങാട്ടുകാരായ ഹരജിക്കാർ ഹൈക്കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചത്.
ഹരജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജില്ലാ കലക്ടർക്കും, നഗരസഭ ചെയർമാനും മറ്റുമടക്കമുള്ള എതൃകക്ഷികൾക്ക് നോട്ടീസ്സയക്കാൻ ഉത്തരവിട്ടു. വാദം കേൾക്കാൻ ഹരജി ജുലായ് ഒടുവിലേക്ക് മാറ്റിവെച്ചു.