ലൈംഗീകപീഡനം: മഹല്ല് നിലപാടുകൾക്കെതിരെ അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പ്

കാഞ്ഞങ്ങാട്: ലൈംഗീക പീഡനക്കേസ്സുകളിൽ പ്രതികളാകുന്ന മദ്രസാ അധ്യാപകരെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്ന മഹല്ല് കമ്മറ്റികൾക്കെതിരെ അഡ്വ. സി. ഷുക്കൂർ പുറപ്പെടുവിച്ച ഫേസ്ബുക്ക് പ്രസ്താവന ശ്രദ്ധേയമായി.

മഹല്ല് കമ്മറ്റി ഭാരവാഹികൾക്ക് പോലീസ് നൽകിയ നോട്ടീസിനെച്ചൊല്ലിയുയരുന്ന വിവാദങ്ങളുടെ പ്രതികരണമെന്ന നിലയിലാണ് സി. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോലീസ് നൽകിയ നോട്ടീസ് നിയമപരമായി നിലനിൽക്കാത്തതാണെന്നും, പോലീസിന് ഇതിനുള്ള അധികാരമില്ലെന്നുമുള്ള മുഖവുരയോടെയാണ് ഫേസ്ബുക്ക് കുറിപ്പ്.

പോലീസ് ഇത്തരം ഒരു നോട്ടീസ് മഹല്ല് കമ്മറ്റി ഭാരവാഹികൾക്ക് നൽകാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് വിവരിക്കുന്നത്.

നിരവധി മഹല്ലുകളിൽ കുട്ടികൾക്കെതിരായ  ലൈംഗീകാതിക്രമം നടന്നിട്ടുള്ള സാഹചര്യത്തിൽ മഹല്ല് കമ്മറ്റികൾ  ഈ വിഷയം പോലീസിനെ അറിയിക്കാതെ ഒതുക്കിത്തീർക്കുകയാണ്.

ആരോപണ വിധേയരായ മദ്രസ്സ അധ്യാപകരെ രായ്ക്കുരാമാനം നാടുകടത്തി രക്ഷിക്കുന്ന സമീപനമാണ് മിക്ക മഹല്ല് കമ്മറ്റിയും സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങൾ പെരുകാൻ ഇതാണ് കാരണമെന്നാണ് ഷുക്കൂറിന്റെ വെളിപ്പെടുത്തൽ. മദ്രസ്സകൾ ശിശുസൗഹൃദമാക്കുന്നതിന് പകരം ഉസ്താദ് സൗഹൃദമാക്കുന്നതായും അദ്ദേഹം പരിഹസിച്ചു.

മദ്രസ്സയിൽ ദീൻ പഠിക്കാനെത്തുന്ന കുട്ടികൾക്കും ഉസ്താദിനും ഗുരുശിഷ്യബന്ധം മാത്രമേ പാടുള്ളൂവെന്നും, ഇത് ഉറപ്പു വരുത്തേണ്ട ബാധ്യത കുട്ടിക്കും ഉസ്താദിനും മാത്രമല്ല, മഹല്ല് കമ്മറ്റിക്കും, പോലീസിനുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സദുദ്ദേശത്തോടെ പോലീസ് നൽകിയ ഒ രു നോട്ടീസിനെ വംശീയ വെറിക്കും, വർഗ്ഗീയ ധ്രുവീകരണത്തിനുമുള്ള ഉപകരണമാക്കുന്നവർ യഥാർത്ഥ വസ്തുതകൾ മറച്ചു വെക്കുന്നുെണ്ടന്നും സി. ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.

ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ പ്രതിയായിരിക്കെയാണ് നീലേശ്വരം പീഡനക്കേസ്സിലെ പ്രതിയായ ഉസ്താദിന് 2019-ൽ എസ്ഡിപിഐ അംഗത്വം കൊടുത്തതെന്ന കാര്യം ഗൗരവമുള്ളതാണ്.

തൃക്കരിപ്പൂരിലെ വഖഫ് ഭൂമി സ്വന്തം പേരിലുള്ള ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റാൻ ചുക്കാൻ പിടിച്ച ലീഗ് ജില്ലാ നേതാവ് പോലീസ് നോട്ടീസിന്റെ പേരിൽ  മതസംരക്ഷക വേഷം കെട്ടിയെത്തിയത് പരിഹാസ്യമാണെന്ന് ഇദ്ദേഹം പറയുന്നു.

പോലീസ് നൽകിയ നോട്ടീസിന് നിയമസാധുതയില്ലെങ്കിലും, അത് മക്കൾക്ക് ചുറ്റും തീർക്കുന്ന സംരക്ഷണവലയമാണെന്നും,  സി. ഷുക്കൂർ പുറത്തു വിട്ട ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

LatestDaily

Read Previous

ജില്ലയിൽ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ

Read Next

പോലീസ് തിരച്ചിലിൽ പുഴയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി