ഉണ്ണിത്താന്റെ ലോംഗ് മാർച്ച് എംപി പണം തന്നില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

കാഞ്ഞങ്ങാട്: കാസർകോട് എം.പി, രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് നടത്തിയ ലോംഗ് മാർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം ശക്തമായി.

എം.പി. നടത്തിയ ലോംഗ് മാർച്ചിന്റെ പ്രചാരണ പരിപാടികൾക്ക് പോസ്റ്ററും ഫ്ലക്സ് ബോർഡുകളും മറ്റും പ്രിന്റ് ചെയ്തു നൽകിയ കാഞ്ഞങ്ങാട്ടെ ഐമാക്സ് എന്ന സ്വകാര്യ സ്ഥാപനത്തിന് ഈ വകയിൽ 98,000 രൂപ നൽകാനുണ്ടെന്ന് സ്ഥാപനമുടമ സതീശൻ പറയുന്നു.

ഉണ്ണിത്താൻ എംപിയുടെ നിർദ്ദേശത്തെതുടർന്ന് അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പുകാലത്തും പിന്നീടും സജീവ സാന്നിദ്ധ്യമായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറിമാരിലൊരാളായ  പനത്തടി സ്വദേശി നോയൽ ടോം ജോസാണ് ഫ്ലക്സ് സ്ഥാപനത്തിൽ 6 മാസം മുമ്പ് വർക്ക് ഏൽപ്പിച്ചത്.

2 ലക്ഷത്തോളം രൂപയുടെ വർക്കാണ് സ്ഥാപനം ചെയ്തു നൽകിയത്. പണത്തിൽ ഒരു ലക്ഷം രൂപ സ്ഥാപനത്തിന്  നൽകിയിരുന്നു.

ബാക്കി വന്ന 98,000 രൂപ മാർച്ച് കഴിഞ്ഞിട്ട് മാസം 6 പിന്നിട്ടിട്ടും സ്ഥാപനത്തിന് നൽകിയിരുന്നില്ല. സ്ഥാപനമുടമ എംപിയോട് പണത്തെക്കുറിച്ച്  ആരാഞ്ഞപ്പോൾ, പണം തരാൻ നോയലിനെ ഏൽപ്പിച്ചിരുന്നുവെന്ന്  പറയുകയും എംപി ഈ വിഷയത്തിൽ അകലം പാലിച്ച് കൈകഴുകയും ചെയ്തു.

നോയലുമായി സ്ഥാപനമുടമ പോയ 6 മാസക്കാലം പണിയെടുത്ത കൂലിക്ക് വേണ്ടി  നിരന്തരം ബന്ധപ്പെട്ടുവെങ്കിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവും, സാമൂഹിക അകലം പാലിച്ചതിനെതുടർന്ന് സ്ഥാപനമുടമ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഏയ്ക്കും കെപിസിസിക്കും പരാതി നൽകിയിരുന്നു.

പരാതി സംസ്ഥാന പ്രസിഡണ്ടിന് ലഭിച്ചതറിഞ്ഞ് നോയൽ ടോം ജോസഫ്  ഐമാക്സ് സ്ഥാപനമുടമയെ വിളിച്ച ടെലിഫോൺ  വോയ്സ് ക്ലിപ്പ് സമൂഹ മാധ്യങ്ങളിൽ വൈറലാവുകയും ചെയ്തു.

ഇനി നോയൽ ടോം ജോസിന്റെ ശബ്ദരേഖ കേൾക്കുക:

” എംപി എനിക്ക് പണം തന്നിട്ടില്ല.” പണം തന്നിരുന്നുവെങ്കിൽ എനിക്ക് നിങ്ങളെ കബളിപ്പിക്കേണ്ട ആവശ്യമില്ല.”  പലരും പണം തന്നിട്ടില്ല. പണം സെറ്റ് ചെയ്യുമ്പോഴാണ് കൊറോണ വന്നത്. എനിക്ക് നിങ്ങളെ കബളിപ്പിക്കേണ്ട ഒരു കാര്യവുമില്ല.

” എനിക്കെതിരെ നിങ്ങൾ സംസ്ഥാന പ്രസിഡണ്ടിന് പരാതി അയച്ചതിൽ എനിക്ക് ഒരു ചുക്കും വരാനില്ല.”

” ഇത് ഒരു മാതിരി നെറികെട്ട പരിപാടി ആയിപ്പോയി.” ” നിങ്ങൾക്ക് ഇനിയും ഈ നാട്ടിൽ സ്ഥാപനം നടത്തേണ്ടതല്ലേ-” ഇതാണ് നോയൽ ടോം ജോസിന്റേതായി പുറത്തുവന്ന ശബ്ദരേഖ.

2020 ജനുവരി 21, 22 തീയ്യതികളിലാണ് ഉണ്ണിത്താൻ ലോംഗ് മാർച്ച് നടത്തിയത്.  “ഒരേ ഒരിന്ത്യ- ഒരൊറ്റ ജനത” എന്ന മുദ്രവാക്യമുയർത്തി പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ മാർച്ചാണ് ഉണ്ണിത്താൻ നടത്തിയത്.

എംപിയുടെ രാഷ്ട്രീയ അന്തസ്സിന് കളങ്കമേൽപ്പിച്ചുകഴിഞ്ഞ ഈ ഫ്ലക്സ് പ്രിന്റിംഗ് കുടിശ്ശിക ഇടപാടിൽ എംപി ഇതുവരെ പ്രതികരിക്കാത്തതും സംഭവത്തിൽ സംശയത്തിന്റെ നിഴൽ പരത്തി.

തൽസമയം, ലോംഗ് മാർച്ചിന്റെ പ്രചാരണ പരിപാടിക്ക് ജില്ലയിലെ കോൺഗ്രസ് സമ്പന്നർ പലരോടും എംപി, സാമ്പത്തിക സഹായമാവശ്യപ്പെട്ടിരുന്നു.

ഒരു പ്രമുഖൻ അമ്പതിനായിരം രൂപയും മറ്റു ചിലർ ഇരുപതും,  ഇരുപത്തിയഞ്ചും സഹായമായി നൽകുകയും, മറ്റുചിലർ പണം നൽകാമെന്ന് വാക്കുപറയുകയും ചെയ്തിരുന്നുവെങ്കിലും, പണം വാഗ്ദാനം ചെയ്തവർ പലരും മാർച്ച് കഴിഞ്ഞപ്പോൾ കാലുമാറിയതാണ് ഇപ്പോഴത്തെ സാമ്പത്തിക ആരോപണത്തിന് കാരണം. എംപി തനിക്ക് പണം തന്നിട്ടില്ലെന്ന നോയലിന്റെ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ 98,000 രൂപ ഫ്ലക്സ് സ്ഥാപനത്തിന് നൽകി ബാദ്ധ്യത തീർക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ എംപിയുടെ തലയിൽ വന്നുനിൽക്കുകയും ചെയ്തു.

ഉണ്ണിത്താൻ എംപി ഈ തുക എത്രയും പെട്ടെന്ന് ഫ്ലക്സ് സ്ഥാപനത്തിന് കൊടുത്ത് ബാദ്ധ്യത തീർക്കുമെന്ന് തന്നെ കരുതാം.

LatestDaily

Read Previous

തൈക്കടപ്പുറം പീഡനം പ്രതികൾ ക്വാറന്റൈനിൽ

Read Next

ജില്ലയിൽ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ