മടിക്കൈ പാർട്ടിയിൽ ചേരിതിരിവ്

ബ്രാഞ്ച് യോഗങ്ങളിൽ അജണ്ട  മറന്ന് ലേറ്റസ്റ്റ് വാർത്ത ചർച്ചയായി

കാഞ്ഞങ്ങാട്: മടിക്കൈ പാർട്ടിയിൽ ചേരികൾ രൂപം കൊണ്ടു. 

മുൻ എംപി, പി. കരുണാകരൻ,  മടിക്കൈ ബാങ്ക് പ്രസിഡണ്ടും, ജനാധിപത്യ മഹിളാ നേതാവുമായ ബേബി ബാലകൃഷ്ണൻ, ബങ്കളം എൽസി സിക്രട്ടറി, പ്രകാശൻ ബങ്കളം, മടിക്കൈ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാലിച്ചാംപൊതിയിലെ ശശീന്ദ്രൻ മടിക്കൈ, എന്നിവർ ഒരു ചേരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം. രാജൻ, നിലവിലുള്ള മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരൻ, റിട്ടയേർഡ് ഹെൽത്ത് ജീവനക്കാരൻ പി. ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം എം. കുഞ്ഞമ്പു എന്നിവർ എതിർചേരിയിലും നിലയുറപ്പിച്ചു.

സി. പ്രഭാകരന്റെയും എം. രാജന്റെയും നേതൃത്വത്തിലുള്ള രണ്ടാം ചേരി കമ്മ്യൂണിസ്റ്റ് ആശയ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്.

ഈ ചേരി മടിക്കൈയിൽ രൂപം  പൂണ്ട ജാതി രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന പക്ഷക്കാരാണ്.

പി. കരുണാകരനും, ശശീന്ദ്രൻ മടിക്കൈയും, പി. ബേബിയും നയിക്കുന്ന ചേരി പ്രായോഗിക രാഷ്ട്രീയത്തിൽ മുറുകെപ്പിടിച്ചു കൊണ്ടുള്ള പക്ഷമാണ്.

സ്വന്തക്കാർക്കും ബന്ധക്കാർക്കും സിപിഎം സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തുകയും, അത്യാവശ്യം ഭരണനേട്ട സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുകയെന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളാണ് മുകളിൽപ്പറഞ്ഞ ആദ്യ ചേരി.

അമ്പതുകോടി രൂപ ചിലവിൽ മടിക്കൈയിൽ നിർമ്മാണമാരംഭിച്ച ടി. എസ്. തിരുമുമ്പ് സ്മാരക സാംസ്കാരിക നിലയം സംബന്ധിച്ച് ഭിന്നാഭിപ്രായക്കാരാണ് പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരന്റെ രണ്ടാം ചേരി.

50 കോടി രൂപ ഒരു സാംസ്കാരിക നിലയത്തിന് ചിലവഴിച്ച സംസ്ഥാനസർക്കാർ, അത്രയും പണം കൊണ്ട് 500 തൊഴിൽരഹിതർക്ക് ജോലി ലഭിക്കുന്ന ഒരു ഫാക്ടറി മടിക്കൈയിൽ ആരംഭിച്ചിരുന്നുവെങ്കിൽ, അത് മടിക്കൈ നാടിന് തന്നെ എക്കാലവും വലിയ മുതൽക്കൂട്ടായി മാറുമായിരുന്നുെവന്ന ആശയക്കാരാണ് രണ്ടാം ചേരി.

600 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ ഓഡിറ്റോറിയം, ലൈബ്രറി, എഴുത്തുകാർക്ക്  താമസിക്കാനുള്ള ശീതീകരിച്ച മുറികൾ, എന്നിവ ഉൾപ്പെട്ട തിരുമുമ്പ് സ്മാരകത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്നലെ തൽസമയ വീഡിയോ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു കഴിഞ്ഞു.

മുൻ എംപി അടക്കമുള്ള സിപിഎം നേതാക്കൾ മനസ്സുവെച്ചിരുന്നുവെങ്കിൽ,  ഈ 50 കോടി രൂപ ചിലവിൽ വാഴകൃഷിയുടെ നാട്ടിൽ വാഴകൊണ്ടു മാത്രമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ചെറുകിട ഫാക്ടറിയെങ്കിലും, ആരംഭിക്കാമായിരുന്നു.

മടിക്കൈ ഗ്രാമം വാഴകൃഷിയുടെ നാടാണ്. വാഴ ഒരർത്ഥത്തിൽ തെങ്ങുപോലെ കൽപ്പകച്ചെടിയാണ്.

വാഴ നാര് കൊണ്ട് ആകർഷകമായ നിരവധി വസ്തുക്കളുണ്ടാക്കാം. വാഴക്കൂമ്പ് ശേഖരിച്ച് കയറ്റി അയക്കാം.

വാഴപ്പഴത്തിൽ നിന്ന് നല്ല നിലവാരമുള്ള അങ്ങേയറ്റം രുചികരമായ ചിപ്സുണ്ടാക്കാം.  വിദേശികൾക്ക് ഏറെ പ്രിയപ്പെട്ട വാഴയില കയറ്റി അയക്കാം.

വാഴക്കാമ്പിൽ നിന്ന് ആരോഗ്യത്തിന് അങ്ങേയറ്റം ഗുണം ചെയ്യുന്ന ജ്യൂസുണ്ടാക്കി വിപണി കീഴടക്കാം. വാഴപ്പഴത്തിന് മാത്രമായി വിദേശവിപണി തേടാം. എന്നിങ്ങനെ വാഴ, മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ നിരവധിയാണ്.

മടിക്കൈ വാഴക്കുലകൾ ഏറ്റവുമധികം കയറ്റി അയച്ചിരുന്നത് മുംബൈ മാർക്കറ്റിയിലേക്കായിരുന്നു.

തൊഴിലില്ലാത്ത പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് വലുതല്ലെങ്കിലും,  ഒരു ചെറുകിട തൊഴിൽ ശാല ജീവിതത്തിൽ ഏറെ ഗുണം ചെയ്യുമെന്ന ആശയം പോലും കാലങ്ങളായി മടിക്കൈ പാർട്ടിയിൽ തമസ്ക്കരിക്കപ്പെട്ടു കിടക്കുമ്പോഴാണ് 50 കോടി രൂപ ചിലവിൽ ഒന്നാം മടിക്കൈയുടെ ഹൃദയമായ ചാളക്കടവിൽ തിരുമുമ്പ് സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. 

LatestDaily

Read Previous

കേരളത്തിൽ ബലി പെരുന്നാൾ 31-ന്

Read Next

മടിക്കൈ പാർട്ടി ബ്രാഞ്ചുകളിൽ ലേറ്റസ്റ്റ് ചർച്ച