ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: വിമത എംഎൽഎമാരെ പാർട്ടിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമമായി എൻസിപിയുമായും കോൺഗ്രസുമായും മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോർക്കാൻ പോലും തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാമ്നയ്ക്ക് വേണ്ടി ശിവസേന എംപി സഞ്ജയ് റാവുത്തുമായി നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഇക്കാര്യം തുറന്ന് പറഞ്ഞത്. അതേസമയം, പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെ മൂന്ന് പ്രധാന വിഷയങ്ങളിൽ വ്യക്തത ലഭിച്ചതിന് ശേഷം മാത്രമേ താൻ ബിജെപിയുമായി കൈകോർക്കുകയുള്ളൂവെന്ന് താക്കറെ വ്യക്തമാക്കി.
“അവസാന നിമിഷങ്ങളിൽപോലും, വിശ്വസിക്കാൻ കൊള്ളാത്ത വിമതനോട് ഞാൻ സംസാരിച്ചു. നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാം. കോൺഗ്രസ്-എൻ സി പി ബന്ധത്തെക്കുറിച്ചും സംസാരിക്കാം. നിങ്ങൾക്ക് ബി ജെ പിയുമായി കൈകോർക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, എനിക്ക് 2-3 പോയിന്റുകളിൽ വ്യക്തത ആവശ്യമാണ് എന്നും പറഞ്ഞു” സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്റർ കൂടിയായ സഞ്ജയ് റാവത്തിനോട് താക്കറെ പറഞ്ഞു.
“എനിക്ക് ആ വ്യക്തത ലഭിച്ചിരുന്നെങ്കിൽ, എന്‍റെ പാർട്ടി നിങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ കോൺഗ്രസിനോടും എൻസിപിയോടും കൈകൾ കൂപ്പി പറയുമായിരുന്നു. എന്നാൽ പാർട്ടി വിടുന്നതിനെ കുറിച്ച് സംസാരിക്കാൻ വിമതർ തയ്യാറായില്ല. അവർക്ക് പാർട്ടി വിടാൻ ഒരു കാരണവും ഉണ്ടായിരുന്നില്ല” അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും പുതിയ പുതിയ കാരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും താക്കറെ കൂട്ടിച്ചേർത്തു.