കാസർകോട് മെഡിക്കൽ കോളേജ് നോക്കുകുത്തിയായി

കാഞ്ഞങ്ങാട് : പിണറായി സർക്കാർ 6 വർഷം പിന്നിട്ടിട്ടും ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് അനാഥ പ്രേതം പോലെ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിൽ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ട് ഉദ്ഘാടനം പ്രഖ്യാപിച്ച കാസർകോട് മെഡിക്കൽ കോളേജിനെ തുടർന്നുവന്ന എൽഡിഎഫ് സർക്കാരും അവഗണിക്കുകയായിരുന്നു.

കൊട്ടും കുരവയും ആഘോഷങ്ങളുമായി ഉദ്ഘാടനം ചെയ്ത കാസർകോട് മെഡിക്കൽ കോളേജിൽ ഇതുവരെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല. വഴിപാട് പോലെ പ്രവർത്തിക്കുന്ന ഒ.പി.യിലാകട്ടെ ആവശ്യത്തിന് ഡോക്ടർമാരുമില്ല. 2013-ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്. പാതിവഴിയിലായ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം ഭരണമൊഴിയുന്നതിന് മുമ്പ് തിടുക്കത്തിൽ നടത്തിയാണ് യുഡിഎഫ് അധികാരമൊഴിഞ്ഞത്.

തുടർന്ന് അധികാരത്തിൽ വന്ന പിണറായി സർക്കാർ മെഡിക്കൽ കോളേജ് പ്രാവർത്തികമാക്കുമെന്ന് കാസർകോട്  ജില്ലക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷ അസ്ഥാനത്തായി. രണ്ടാം തവണ അധികാരത്തിൽ കയറിയിട്ടും ഇടതു സർക്കാർ കാസർകോട് മെഡിക്കൽ കോളേജിനെതിരെ അവഗണന തുടരുകയാണ്.

2021-ൽ ആശുപത്രിയിൽ ഒ.പി. തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ 2022 ജനുവരി വരെ കാത്തിരിക്കേണ്ടി വന്നു. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ തട്ടിക്കൂട്ടിയ ഒ.പി. വിഭാഗം ഉള്ളതും ഇല്ലാത്തതും ഒരേ പോലെയാണെന്നാണ് നാട്ടുകാരുടെ അനുഭവ സാക്ഷ്യം.

കിടത്തി ചികിത്സയില്ലാത്ത, സ്കാനിങ്ങും, ശസ്ത്ര ക്രിയകളുമില്ലാത്ത സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജാണ് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ്. പേര് മെഡിക്കൽ കോളേജ് എന്നാണെങ്കിലും താലൂക്കാശുപത്രിയുടെ നിലവാരം പോലും കാസർകോട് മെഡിക്കൽ കോളേജിനില്ല.

സ്പെഷ്യാലിറ്റി വിഭാഗങ്ങളില്ലാത്ത ഇന്ത്യയിലെ ഏക മെഡിക്കൽ കോളേജും ഇതായിരിക്കും. ആരോഗ്യ സേവന മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസർകോട് ജില്ലയുടെ അപര്യാപ്തതകൾ പരിഹരിക്കേണ്ടിയിരുന്ന മെഡിക്കൽ കോളേജിനാണ് ഇൗ ദുർഗ്ഗതി. കാസർകോട് ജില്ലയിൽ നിന്നും 5 എംഎൽഏമാർ നിയമസഭയിലുണ്ടെങ്കിലും, കാസർകോട് മെഡിക്കൽ കോളേജിന്റെ ദുരവസ്ഥ പരിഹരിക്കാൻ ഇവരാരും മിനക്കെട്ടില്ലെന്നാണ് പൊതുജനത്തിന്റെ പരാതി.

കാഞ്ഞങ്ങാട് പേരിനൊരു ജില്ലാ ആശുപത്രിയുണ്ടെങ്കിലും അതിന്റെ അവസ്ഥയും മറ്റൊന്നല്ല. കേരളം മാറി മാറി ഭരിച്ച മുന്നണി സർക്കാരുകൾക്ക് ജില്ലയോടുള്ള സമീപനം തിരിച്ചറിയണമെങ്കിൽ കാസർകോട് മെഡിക്കൽ കോളേജും, ജില്ലാ ആശുപത്രിയും സന്ദർശിച്ചാൽ മതിയെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം. കേന്ദ്രസർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിച്ച ഏയിംസ്  ആശുപത്രിയും കോഴിക്കോട്ട് സ്ഥാപിക്കുമെന്നുറപ്പായതോടെ ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ ഇനിയും തുടരും.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടെ സഹകരണ കോളേജ് നീലേശ്വരത്തേക്ക് മാറ്റി

Read Next

മുതിർന്ന പൗരൻമാരുടെ ഇളവുകൾ: പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ