പുതിയകോട്ടയിൽ സമാന്തര മദ്യവിൽപ്പന

കാഞ്ഞങ്ങാട്: പുതിയകോട്ടയിൽ ടീസ്റ്റാൾ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവിൽപ്പനയ്ക്ക് എക്സൈസും പോലീസും ഒത്താശ ചെയ്യുന്നതായി നാട്ടുകാരുടെ ആരോപണം.

തിരക്കേറിയ സംസ്ഥാനപാതയുടെ ഓരത്ത് നടക്കുന്ന സമാന്തര മദ്യവിൽപ്പനയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഇവർ പറയുന്നു.

ടീസ്റ്റാളിന് തൊട്ടടുത്തുള്ള കെട്ടിടത്തിന് സമീപം ചാക്കിൽക്കെട്ടി സൂക്ഷിക്കുന്ന മദ്യമാണ് ആവശ്യക്കാർക്ക് അമിത വിലയ്ക്ക് വിൽപ്പന നടത്തുന്നത്.

ഹൊസ്ദുർഗ്ഗ് കോടതിക്ക് സമീപത്തെ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിക്കുന്ന മദ്യമാണ് ഇവിടെ വിൽപ്പന നടത്തുന്നത്.

സമാന്തര മദ്യവിൽപ്പനയെക്കുറിച്ച് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഹൊസ്ദുർഗ്ഗിലെ ഗണേശന്റെ ഉടമസ്ഥതയിലുള്ള ടീസ്റ്റാളിന് സമീപം എക്സൈസ് ഹൊസ്ദുർഗ്ഗ് റേഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും 5 ലിറ്റർ വിദേശമദ്യമാണ് എക്സൈസ്  പിടിച്ചെടുത്തത്.

ടീസ്റ്റാളിന് സമീപത്ത് പ്രവർതത്ിക്കുന്ന ഏഷ്യൻ പടക്കക്കടയുടെ സമീപത്ത് ചാക്കിൽക്കെട്ടി സൂക്ഷിച്ചരുന്ന വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.

സംഭവത്തിൽ ഗണേശനെതിരെ എക്സൈസ് കേസ്സെടുത്തിട്ടുണ്ട്. സമാന്തര മദ്യവിൽപ്പന നടക്കുന്ന വിവരം നാട്ടുകാരാണ് കാസർകോട് എക്സൈസ് ഇന്റലിജൻസിനെ വിളിച്ചറിയിച്ചത്. ഇതേതുടർന്നാണ് ഹൊസ്ദുർഗ്ഗ് എക്സൈസ് റേഞ്ച് സ്ഥലത്ത് റെയ്ഡ് നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

കാഞ്ഞങ്ങാട് പോലീസ് സബ്ബ്ഡിവിഷൻ ഓഫീസ്, ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ, പോലീസ് കൺട്രോൾ റൂം, ആർഡിഒ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നതിന്റെ വിളിപ്പാടകലെയാണ് പുതിയകോട്ട ടൗണിന് മദ്ധ്യത്തിൽ സമാന്തര മദ്യക്കച്ചവടം പൊടിപൊടിക്കുന്നത്.

ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ ഇവിടെ നിന്നും മദ്യക്കുപ്പികൾ പാരിതോഷികമായി വാങ്ങാറുണ്ടെന്ന് ദൃക്സാക്ഷികൾ  പറയുന്നു. 

ടൗണിന്റെ ഒത്ത നടുക്ക് പ്രവർത്തിക്കുന്ന സമാന്തര മദ്യവിൽപ്പന കേന്ദ്രത്തെക്കുറിച്ച് പോലീസിൽ പല തവണ വിവരം നൽകിയതായും പരിസര വാസികൾ പറഞ്ഞു.

LatestDaily

Read Previous

കടലിൽച്ചാടിയ പോക്സോ പ്രതിയെ കണ്ടുകിട്ടിയില്ല

Read Next

മദ്യം പങ്കുവെച്ചതിനെച്ചൊല്ലി തർക്കം: തലയ്ക്കടിയേറ്റ യുവാവ് ചികിൽസയിൽ