കടലിൽച്ചാടിയ പോക്സോ പ്രതിയെ കണ്ടുകിട്ടിയില്ല

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് കടലിൽച്ചാടിയ പോക്സോ കേസ് പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ രണ്ടാം ദിവസവും തുടരുന്നു.

ബുധനാഴ്ച രാവിലെ 9-30 മണിയോടെയാണ് കാസർകോട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ  പ്രതി കുഡ്്ലു കാളിയങ്കാട്  സ്വദേശി മഹേഷ് 28, തെളിവെടുപ്പിനിടെ  നെല്ലിക്കുന്ന്  കടലിൽച്ചാടിയത്.

കാസർകോട് പോലീസ്  സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന എട്ടാംതരം വിദ്യാർത്ഥിനിയുടെ വീട്ടിലെ കുളിമുറിയിൽ  മൊബൈൽഫോൺ ക്യാമറ ഓണാക്കി വെച്ച് കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് മഹേഷിനെതിരെ കാസർകോട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ നെല്ലിക്കുന്ന് കടപ്പുറത്ത് പുലിമുട്ടിലെ കല്ലിനടിയിൽ  ഒളിപ്പിച്ചിട്ടുണ്ടെന്ന്  പ്രതി പറഞ്ഞതിനെ ത്തുടർന്നാണ് പോലീസ് തെളിവെടുപ്പിനായി മഹേഷിനെ കടപ്പുറത്ത് കൊണ്ടു വന്നത്. ഓടി രക്ഷപ്പെടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് മഹേഷിന്റെ കയ്യിൽ പോലീസ് വിലങ്ങണിയിച്ചിരുന്നു.

കയ്യിലുള്ള വിലങ്ങോടെയാണ് യുവാവ് അപ്രതീക്ഷിതമായി കടലിൽ ചാടിയത്. കുളിമുറി ദൃശ്യങ്ങൾ  പകർത്തിയെന്ന് സംശയിക്കുന്ന ഫോൺ പോലീസ് ഇന്നലെ നെല്ലിക്കുന്നിലെ  പുലിമുട്ടിനിടയിൽ നിന്നും കണ്ടെടുത്തിരുന്നു.

കടലിൽച്ചാടിയ യുവാവിന് വേണ്ടി  തീരദേശ പോലീസും, മത്സ്യത്തൊഴിലാളികളും ഇന്നലെ രാവിലെ മുതൽ  കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വിലങ്ങുമായി കടലിൽച്ചാടിയ പ്രതി നീന്തി രക്ഷപ്പെടാൻ സാധ്യതയില്ലാത്തതിനാൽ കടലിൽ മുങ്ങിത്താഴാനാണ് സാധ്യത. രണ്ടാം ദിവസവും മത്സ്യത്തൊഴിലാളികളും, തീരദേശ പോലീസും കടലിൽ തെരച്ചിൽ നടത്തി വരികയാണ്.

LatestDaily

Read Previous

ലാബ് ടെക്നീഷ്യന് കോവിഡ് :ആശുപത്രി യടച്ചു

Read Next

പുതിയകോട്ടയിൽ സമാന്തര മദ്യവിൽപ്പന