ജില്ലാ പഞ്ചായത്തിൽ പി.സി. സുബൈദ അധ്യക്ഷ സ്ഥാനാർത്ഥി

ചെറുവത്തൂർ: അടുത്തെത്തി നിൽക്കുന്ന കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലേക്ക് സിപിഎം കണ്ടുവെച്ച സ്ഥാനാർത്ഥി പടന്നയിലെ പി.സി. സുബൈദ.

കയ്യൂർ, ചീമേനി, ചെറുവത്തൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകളടങ്ങുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്തംഗമാണ് നിലവിൽ പി.സി. സുബൈദ.

പത്തുവർഷക്കാലമായി സജീവ സിപിഎം പ്രവർത്തകയും, ജനാധിപത്യ മഹിളാ സംഘടനയുടെ ഭാരവാഹിയുമാണ്.

കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഇത്തവണ വനിതയ്ക്കാണ്.

കേവലം ഒരു സീറ്റിന്റെ കുറവിൽ കഴിഞ്ഞ തവണ ഇടതുമുന്നണിക്ക്  ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി കൈമോശം വന്നിരുന്നു. യുഡിഎഫ് കൊണ്ടുപോയ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ പദവി തൃക്കരിപ്പൂരിൽ നിന്നുള്ള മുസ്്ലീം ലീഗ് പ്രതിനിധി ഏജിസി ബഷീർ അലങ്കരിക്കുകയും ചെയ്തു.

തൃക്കരിപ്പൂരിൽ അനാഥ അഗതി മന്ദിരം വിലയ്ക്കുവാങ്ങിയ സംഭവത്തിലുണ്ടായ ആരോപണത്തിൽ സ്വന്തം രാഷ്ട്രീയ ഇമേജിന് കോട്ടം തട്ടിയ ഏജിസി.  ബഷീർ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്തുണ്ടാവില്ല. 

പോയ അഞ്ചുവർഷക്കാലം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ബഷീർ ചെറുതായ ആരോപണം പോലും ഉണ്ടാക്കിയിരുന്നില്ലെങ്കിലും, എംസി. ഖമറുദ്ദീൻ എംഎൽഏയുടെ രാഷ്ടീയ കൂട്ടുകച്ചവടത്തിൽ കുടുങ്ങിയാണ് തൃക്കരിപ്പൂരിൽ അനാഥ മക്കളുടെ ഭൂമി സ്വന്തമാക്കിയ വിവാദത്തിൽ ബഷീർ അകപ്പെട്ടത്.

LatestDaily

Read Previous

സ്ത്രീത്വത്തിന് ലഭിച്ച നീതി: ഗീത

Read Next

നായർ ഗ്രാമത്തലവിക്ക് പിന്നിൽ അഴിമതി ലക്ഷ്യം