റെക്കോർഡ് 5ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലം

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 5ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിവസം തന്നെ റെക്കോർഡ് തുകയുടെ ലേലംവിളി. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. പ്രതീക്ഷകൾക്ക് അതീതമായ നേട്ടമാണിതെന്ന് ടെലികോം മന്ത്രാലയം പറഞ്ഞു. മിഡ്-ഫ്രീക്വൻസി ബ്രാൻഡിലും ഉയർന്ന ഫ്രീക്വൻസി ബ്രാൻഡിലും ആയിരുന്നു കൂടിയ ലേലംവിളി. നാല് റൗണ്ട് ലേലം പൂർത്തിയായി. അഞ്ചാം റൗണ്ടിലെ ലേലം ബുധനാഴ്ച നടക്കും. ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്.

ലേലത്തിലൂടെ കമ്പനികൾക്ക് ലഭിക്കുന്ന റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചാണ് രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുക. 5ജി 4ജിയെക്കാൾ 10 മടങ്ങ് വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത മെട്രോ നഗരങ്ങളിൽ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് ലേലത്തിൽ പങ്കെടുക്കുന്നത്.

ഇതിൽ റിലയൻസ് ജിയോയും എയർടെല്ലും ലേലത്തിൽ ഏറ്റവും സജീവ പങ്കാളികളായിരിക്കും. മറ്റ് മൂന്ന് കമ്പനികൾ നിക്ഷേപിച്ച തുകയുടെ ഇരട്ടിയാണ് റിലയൻസ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്. ഒരു കമ്പനിക്ക് നിക്ഷേപിച്ച തുകയുടെ 9 മടങ്ങ് വരെ വിലമതിക്കുന്ന സ്പെക്ട്രം സ്വന്തമാക്കാൻ കഴിയും. ഇതനുസരിച്ച്, 14,000 കോടി രൂപ നിക്ഷേപിച്ച റിലയൻസ് ജിയോയ്ക്ക് ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം വാങ്ങാൻ കഴിയും. 5,500 കോടി രൂപ നിക്ഷേപിച്ച എയർടെല്ലിന് 49,500 കോടി രൂപയുടെ സ്പെക്ട്രം വാങ്ങാം.

K editor

Read Previous

തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി

Read Next

3 വർഷത്തിനിടെ ഇന്ത്യയിൽ ഇല്ലാതായത് 329 കടുവകൾ