അനധികൃത ഹോട്ടൽ: കൗൺസിൽ യോഗത്തിൽ കത്തിക്കയറി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കാര്യാലയ മുറ്റത്ത് കഴിഞ്ഞ മൂന്നര വർഷക്കാലമായി പ്രവർത്തിക്കുന്ന കുടുംബശ്രീ അധികൃത ഹോട്ടൽ വിഷയം ഇന്ന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ കത്തിപ്പടർന്നു. മുസ്്ലീം ലീഗിലെ മുതിർന്ന കൗൺസിലർ ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ, കെ.കെ. ജാഫർ എന്നിവരാണ് സ്നേഹതീരം കുടുംബശ്രീയുടെ അനധികൃത ഹോട്ടൽ വിഷയം കൗൺസിൽ യോഗത്തിൽ എടുത്തിട്ടത്.

ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വാക് പോര് ഇൗ ഹോട്ടൽ വിഷയത്തിൽ നടന്നുവെങ്കിലും, അരമണിക്കൂർ നേരം അനധികൃത ഹോട്ടൽ വിഷയം കൗൺസിലിൽ ചർച്ച നടത്തിയിട്ടും സംഭവം ലക്ഷ്യത്തിലെത്താതെ ചീറ്റി പ്പോവുകയായിരുന്നു. 2019-ൽ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത അനധികൃത ഹോട്ടൽ ഇപ്പോഴും നഗരസഭ അനുമതിയില്ലാതെ സ്ഥലത്ത് പ്രവർത്തിക്കുകയാണ്.

നഗരസഭ അനുമതിയില്ലാത്ത ഹോട്ടൽ പ്രവർത്തിക്കുന്ന കാര്യത്തിൽ  ഒരു പത്രം നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടും നഗരസഭ അധികൃതർ കണ്ടില്ലാ….., കേട്ടില്ല എന്ന് നടിക്കുകയായിരുന്നുവെന്ന് മുസ്്ലിം ലീഗ് കൗൺസിലർമാരായ ടി.കെ. സുമയ്യയും, കെ.കെ. ജാഫറും, സി.എച്ച്. സുബൈദയും ഒരേ സ്വരത്തിൽ ആരോപിച്ചു. അതിനിടയിൽ നഗരസഭ വാർഡ് 10 അടമ്പിലിൽ നിന്നുള്ള സിപിഎം ഭരണപക്ഷാംഗം സുശീല അനധികൃത ഹോട്ടലിന് എതിരെ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ തിരിഞ്ഞു.

” ആ പത്രം അങ്ങിനെ തന്നെയാണെന്ന് ” പറഞ്ഞ സുശീല മുൻ ചെയർമാൻ വി.വി. രമേശന്റെ പത്നി അനിത നയിക്കുന്ന സ്നേഹതീരം കുടുംബശ്രീയുടെ അനധികൃത ഹോട്ടലിനെ ന്യായീകരിച്ച് സംസാരിച്ചത് പ്രതിപക്ഷത്തും, ഭരണപക്ഷത്തും, ബിജെപിയിലുമുള്ള ഇതര കൗൺസിലർമാരെ അമ്പരപ്പിച്ചു.

ഭാരതത്തിന്റെ അഖണ്ഡതയും, ഐക്യവും ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർ സുശീല പേര് പറഞ്ഞില്ലെങ്കിലും അഴിമതിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തെ കൗൺസിൽ ഹാളിൽ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചത് ഫലത്തിൽ ഇൗ കൗൺസിലറുടെ സത്യപ്രതിജ്ഞാ ലംഘനമായി മാറി.

ബിജെപി, ലീഗ്, കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം അനധികൃത ഹോട്ടൽ പൂട്ടണമെന്ന് ശക്തിയായി വാദമുന്നയിച്ചുവെങ്കിലും, ഹോട്ടൽ പൂട്ടുമെന്നോ, പൂട്ടില്ലെന്നോ അധ്യക്ഷ കെ.വി. സുജാതയും, സിക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുൻസിപ്പൽ എഞ്ചിനീയർ റോയിയും പറഞ്ഞില്ല. നഗരസഭയുടെ നമ്പറില്ലാ ഹോട്ടലിന്റെ കാര്യത്തിൽ ഇൗ യോഗത്തിൽ തന്നെ ഒരു തീരുമാനമെടുക്കണമെന്ന് ടി.കെ. സുമയ്യ ആവർത്തിച്ചപ്പോൾ,  മറുപടി ഉദ്യോഗസ്ഥർ  പറയുമെന്ന് അധ്യക്ഷ കെ.വി. സുജാത പറഞ്ഞു.

യോഗത്തിൽ ഹാജരായ ഒരു ഉദ്യോഗസ്ഥൻ ഉടൻ എഴുന്നേറ്റ് ഹോട്ടലിന് നമ്പരുണ്ടെന്ന് പറഞ്ഞപ്പോൾ ” കഴിഞ്ഞ കൗൺസിലിൽ നിങ്ങൾ ഇൗ ഹോട്ടലിന്  നമ്പരില്ലെന്നല്ലേ പറഞ്ഞത്, ഇപ്പോൾ എന്താണ് മാറ്റിപ്പറയുന്നതെന്ന് സുമയ്യ ചോദിച്ചപ്പോൾ വാർഡ് 14-ൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ നമ്പർ 604-ഏ ആണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തത്സമയം, ഇൗ നമ്പർ എന്നാണ് കുടുംബശ്രീ കെട്ടിടത്തിന് നൽകിയതെന്ന് സുമയ്യ ചോദിച്ചിരുന്നുവെങ്കിൽ, കെട്ടിട നമ്പർ വിളിച്ചു പറഞ്ഞ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ വെള്ളം കുടിക്കുമായിരുന്നു.

രണ്ടാഴ്ച മുമ്പ് സ്നേഹതീരം കുടുംബശ്രീയുടെ അനധികൃത ഹോട്ടലിനെക്കുറിച്ച് ലേറ്റസ്റ്റ് പുറത്തുവിട്ട വാർത്തയ്ക്ക് ശേഷമാണ് നഗരസഭ ഉദ്യോഗസ്ഥർ ഇൗ ഹോട്ടലിന് തട്ടിക്കൂട്ടി ഒരു നമ്പർ ഉണ്ടാക്കിയത്. കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന പി. കരുണാകരൻ എം.പിയുടെ ഫണ്ടിൽ നിന്ന് പണം ചിലവഴിച്ച് 3 വർഷം മുമ്പ് താലൂക്കാപ്പീസ് കോമ്പൗണ്ടിൽ പണിതീർത്ത കെട്ടിടത്തിലാണ് അനധികൃത ഹോട്ടൽ.

ഉദ്യോഗസ്ഥൻ ഇന്ന് കൗൺസിൽ യോഗത്തിൽ പുറത്തുവിട്ട കെട്ടിട നമ്പർ 604-ഏ (വാർഡ് 14 ) ഇൗ നിമിഷം വരെ അനധികൃത ഹോട്ടലിന്റെ ചുമരിൽ ഒരിടത്തും പ്രദർശിപ്പിച്ചതായി ലേറ്റസ്റ്റ് അന്വേഷണ സംഘം ഇന്നുച്ചയ്ക്ക് 12 മണിക്ക് നടത്തിയ പരിശോധനയിലും കണ്ടെത്താനായിട്ടില്ല. അനധികൃത ഹോട്ടലിന് നമ്പരില്ലെന്ന വാർത്തയ്ക്ക് ശേഷം ഫയലിൽ കൃത്രിമം കാട്ടി നഗരസഭ ആരോഗ്യവിഭാഗം പേരിന് ഒരു നമ്പർ ഫയലിൽ എഴുതിവെക്കുകയായിരുന്നു.

LatestDaily

Read Previous

ചെലവാക്കിയത് 11000 കോടി, എന്നിട്ടും മലിനമായി ഗംഗ; കേന്ദ്രത്തിനെതിരെ വരുണ്‍ ഗാന്ധി

Read Next

തടവുകാരുടെ ശുചിമുറിക്ക് സമീപം മൊബൈൽ   ഫോൺ