ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്റു കോളേജിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥിനികൾ രംഗത്ത്. നെഹ്റു കോളേജിൽ എൻ.സി.സി ചുമതലയുള്ള ചരിത്രാധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതിയുയർത്തിയത്.
എൻ.സി.സി കേഡറ്റായ ഡിഗ്രി വിദ്യാർത്ഥിനിയോട് അശ്ളീല പരാമർശങ്ങൾ നടത്തിയ അധ്യാപകനെതിരെ എസ്.എഫ്.ഐ കഴിഞ്ഞ ദിവസം കോളേജിൽ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് അധ്യാപകൻ അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കൂടുതൽ ആരോപണങ്ങളുയർന്നിരിക്കുന്നത്.
എൻ.സി.സിയിൽ അംഗങ്ങളായ വിദ്യാർത്ഥിനികൾക്ക് രാത്രിയിൽ മൊബൈൽ ഫോണിൽ സന്ദേശങ്ങളയക്കുന്നത് അധ്യാപകന്റെ വിനോദമാണ് ആരോപണമുണ്ട്. എൻ.സി.സി ചുമതലയുള്ള അധ്യാപകനെ പിണക്കിയാൽ ഗ്രേസ് മാർക്ക് ലഭിക്കില്ലെന്ന ഭയത്താലാണ് പെൺകുട്ടികൾ അധ്യാപകന്റെ ലീലാവിലാസങ്ങൾ ഇത്രയും കാലം സഹിച്ചത്.
ഏറ്റവുമൊടുവിൽ പെൺകുട്ടിക്ക് നേരെ അശ്ളീല പരാമർശം നടത്തിയതോടെയാണ് ഇദ്ദേഹം കുടുങ്ങിയത്. എൻ.സി.സി കേഡറ്റായ ഡിഗ്രി വിദ്യാർത്ഥിനിയെക്കുറിച്ച് അധ്യാപകൻ അപവാദം പ്രചരിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് ഇദ്ദേഹം സ്വന്തം ശിഷ്യയ്ക്കെതിരെ അശ്ളീല പരാമർശം നടത്തിയത്. ഇതേത്തുടർന്ന് പെൺകുട്ടി എസ്.എഫ്.ഐ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.
എൻ.സി.സി ചുമതലയുള്ള അധ്യാപകൻ കോളേജ് ക്യാമ്പസിൽ സദാചാര പോലീസ് ചമയുന്നുവെന്നും വിദ്യാർത്ഥികൾക്കിടയിൽ ആക്ഷേപമുണ്ട്. കോളേജ് ക്യാമ്പസിനുള്ളിൽ പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് കണ്ടാൽ ഇദ്ദേഹം മോശമായി പെരുമാറാറുണ്ടെന്നും വിദ്യാർത്ഥിനികൾ സാക്ഷ്യപ്പെടുത്തുന്നു.
അധ്യാപകന്റെ മോശം പെരുമാറ്റത്തിനെതിരെ 4 വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ കഴിഞ്ഞ ദിവസം പ്രിൻസിപ്പാളിനെ ഉപരോധിച്ചിരുന്നു. വിദ്യാർത്ഥിനി നൽകിയ പരാതിയിൽ കോളേജ് തല അന്വേഷണമുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് വിദ്യാർത്ഥികൾ ഉപരോധം അവസാനിപ്പിച്ചത്. ആരോപണ വിധേയനായ അധ്യാപകനെ കോളേജ് മാനേജ്മെന്റ് നിർബ്ബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.