തൈക്കടപ്പുറം പീഡനം പെൺകുട്ടിയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി

നീലേശ്വരം: സ്വന്തം പിതാവടക്കമുള്ള ഏഴംഗ സംഘത്തിന്റെ പീഡനത്തിനിരയായ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ  കമ്മിറ്റിയുടെ സഹായത്തോടെ കാലിച്ചാനടുക്കത്തെ വുമൻ ആന്റ് ചിൽഡ്രൻ ഹോമിലേക്ക്  മാറ്റി.

പീഡനത്തിനിരയായ പെൺകുട്ടി സ്വന്തം വീട്ടിൽ സുരക്ഷിതയായിരിക്കില്ലെന്നതിനാലാണ് ചൈൽഡ്  വെൽഫെയർ കമ്മിറ്റി  ചെയർപേഴ്സൺ പി.പി. ശ്യാമളാദേവി ഇടപെട്ട് കുട്ടിയെ കാലിച്ചാനടുക്കത്തെ  ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്. അഡ്വ. പി.പി. ശാമളാ ദേവി പെൺകുട്ടിയുടെ വീട്ടിൽ  നേരിട്ടെത്തിയാണ് കുട്ടിയെ കാലിച്ചാനടുക്കത്തെ വുമൺ ആന്റ് ചിൽഡ്രൺ ഹോമിലേക്ക് മാറ്റിയത്.

എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട പെൺകുട്ടിയുടെ തുടർ പഠനത്തിനുള്ള സൗകര്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏർപ്പെടുത്തും. കേസിലെ പ്രതിയായ 17കാരനെ ഇന്നലെ ജുവനൈൽകോടതി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

നീലേശ്വരം കൂട്ട ബലാത്സംഗക്കേസിലെ നാല് പ്രതികളെക്കൂടി പിടികിട്ടാനുണ്ട്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  ഗർഭഛിദ്രത്തിന്  വിധേയയാക്കിയ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രി വനിതാ ഡോക്ടർക്കെതിരെ അന്വേഷണം നടത്തിയ ശേഷം തുടർ നടപടികളെക്കുറിച്ചാലോചിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ നീലേശ്വരം ഐ.പി  മനോജ് പി.ആർ. പറഞ്ഞു.

ഡോക്ടറുടെ ഭാഗത്ത് പിഴവുകൾ  പറ്റിയിട്ടുണ്ടോ എന്നറിയാൻ  പെൺകുട്ടിയുടെ ചികിത്സാ രേഖകളും, ആശുപത്രിയിലെ ചികിത്സാ  രേഖകളും പോലീസ് പരിശോധിക്കും.

അതിനിടെ  കേസിൽ  പ്രതി ചേർക്കപ്പെട്ട പടന്നക്കാട് സ്വദേശി മുഹമ്മദിന് വേണ്ടി അന്വേഷണ സംഘം വലവിരിച്ചു. ഇദ്ദേഹം ഒളിവിലാണ്.

നേരത്തെ കേസുകളിൽ പ്രതിയായ പടന്നക്കാട് സ്വദേശി പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. കുട്ടിയെ കർണ്ണാടകയിലേക്ക് കൊണ്ടു പോയതും  ഇയാളാണ്. ഇതിന് പിന്നിൽ പെൺകുട്ടിയുടെ പിതാവിന്റെ  ഒത്താശയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

റിമാന്റിലായ പ്രതികൾക്ക് പുറമെ മറ്റ് നാലു പേർ കൂടി തന്നെ  പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിനോട്  വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ  പീഡനക്കേസിലെ പ്രതികളുടെ എണ്ണം എട്ടായി.

പെൺകുട്ടിയുടെ മാതാവിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ്  മൊഴിയെടുത്തു. കേൾവി ശക്തി കുറവുള്ള മാതാവിന്  സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച്  വേണ്ടത്ര ബോധ്യമില്ലായിരുന്നെന്നാണ് സൂചന.

മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന്റെ മൊഴിയിൽ വേണ്ടത്ര വ്യക്തത ലഭിച്ചിട്ടുമില്ല.

LatestDaily

Read Previous

ആന്‍റിജന്‍ പരിശോധന നെഗറ്റീവായാല്‍ ആശുപത്രി വിടാം

Read Next

പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് ഫലം നെഗറ്റീവ്