ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബ്ലോക്ക് പ്രസിഡണ്ടിന്റെ ചുമതല ബാലകൃഷ്ണൻ കേവീസിന് നൽകി
കാസർകോട്: ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജൻ പെരിയയെ പാർട്ടി നേതൃത്വം ഒഴിവാക്കി.
ബ്ലോക്ക് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസിന് പകരം പ്രസിഡണ്ടിന്റെ ചുമതല നൽകി. കാസർകോട് ഡിസിസി ജനറൽ സിക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മുൻ വൈസ് ചെയർപേഴ്സണുമായ ഉദുമയിലെ ഗീതാകൃഷ്ണനെ ഡിസിസി ഓഫീസിൽ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ ഗീത, കെപിസിസി പ്രസിഡണ്ടിന് നൽകിയ പരാതിയിൽ ഇന്നലെ വൈകുന്നേരമാണ് രാജനെതിരെ പാർട്ടി നടപടിയുണ്ടായത്.
രാജനെ ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള പാർട്ടി നടപടി രേഖാമൂലം ഗീതയെ അറിയിച്ചത് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലാണ്.
ഇനി രാജന്റെ പ്രതികരണം കേൾക്കുക: ഗീതയുമായി ചില സംസാരങ്ങൾ ഉണ്ടായപ്പോൾ തന്നെ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പദവി താൻ രാജി വെച്ചിരുന്നു.
ചോദ്യം: ആ രാജി ഡിസിസി അംഗീകരിച്ചില്ലല്ലോ-?
ഉ: ഇല്ല.
ചോദ്യം: അപ്പോൾ പിന്നെ നിലവിൽ പാർട്ടി നടപടി സ്വീകരിക്കുമ്പോഴും താങ്കൾ ബ്ലോക്ക് പ്രസിഡണ്ട് തന്നെയല്ലേ-?
ഉ: അതറിയില്ല.
ചോദ്യം: പാർട്ടി നടപടിയെക്കുറിച്ച് എന്താണ് താങ്കളുടെ പ്രതികരണം.
ഉ: നടപടിയെ സ്വാഗതം ചെയ്യുന്നു. ഇത് നേരത്തെ തീരുന്ന പ്രശ്നമായിരുന്നു. ഗീതയ്ക്ക് ഇത്രയേറെ വലിച്ചുനീട്ടേണ്ട കാര്യമുണ്ടായിരുന്നില്ല.
ചോദ്യം: നേരത്തെ എങ്ങിനെ തീരുമെന്നാണ് താങ്കൾ പറയുന്നത്.
ഉ: ഏതോ ഒരു അഭിശപ്ത നിമിഷത്തിൽ തന്റെ നാവിൽ നിന്ന് ചിലതെല്ലാം വീണുപോയി. അതിലെനിക്ക് സങ്കടമുണ്ട്.
ചോദ്യം: അങ്ങിനെ സങ്കടമുണ്ടായിരുന്നുവെങ്കിൽ, ഗീതയോട് നേരിട്ട് ചെന്ന് ക്ഷമ ചോദിക്കാമായിരുന്നില്ലേ-?
ഉ: കോൺഗ്രസ്സ് നേതാവ് അഡ്വ. സി. കെ. ശ്രീധരന്റെ വീട്ടിൽ വിളിക്കുകയാണെങ്കിൽ ഞാൻ ഗീതയോട് ക്ഷമ ചോദിക്കാമെന്ന് പറഞ്ഞതാണ്.
ചോദ്യം: എന്നിട്ട്
ഉ: പ്രശ്നത്തിലിടപെട്ട കെപിസിസി ജന. സിക്രട്ടറി ജി. രതികുമാർ അതിന് സമ്മതിച്ചില്ല.
ചോദ്യം: അതെന്താണ്-?
ഉ: ഗീതയുടെ വീട്ടിൽച്ചെന്ന് ഭർത്താവിന്റെ മുന്നിൽ ക്ഷമ ചോദിക്കണമെന്ന് രതികുമാർ പറഞ്ഞു. ചോദ്യം: അങ്ങിനെ പറഞ്ഞോ-?
ഉ: പറഞ്ഞു. ഗീതയുടെ ഭർത്താവ് സിപിഎം അനുഭാവിയാണ്. ഗീതയുമായുണ്ടായ പ്രശ്നത്തിൽ ഭർത്താവിന്റെ മുന്നിൽ കുറ്റം ഏറ്റുപറയാനും ക്ഷമ ചോദിക്കാനും ഞാൻ തയ്യാറായില്ല.
ചോദ്യം: സ്ത്രീയെന്നതിലുപരി ഗീത ഡിസിസി ജനറൽ സിക്രട്ടറിയാണ്. താങ്കൾ ബ്ലോക്ക് പ്രസിഡണ്ടാണ്. പാർട്ടി പ്രവർത്തനത്തിൽ പലപ്പോഴും ഒരുമിക്കേണ്ടവരല്ലേ-?
ഉ: ശരിയാണ്. ഗീത എന്റെ പെങ്ങളായി വരും.
ചോദ്യം: അങ്ങിനെയൊരു ബന്ധമുണ്ടോ-?
ഉ: ഉണ്ട്, ഗീത എന്റെ വലിയച്ഛന്റെ കുടുംബത്തിൽ സഹോദരിയായി വരും. മാത്രമല്ല, ഞാൻ ചെയർമാനായ പെരിയ ശ്രീനാരായണ കോളേജിന്റെ വൈസ് ചെയർപേഴ്സൺ കൂടിയാണ് ഗീത.
ചോദ്യം: ഇത്രയൊക്കെ അടുപ്പമുണ്ടായിട്ടും ഗീതയുടെ നേർക്ക് പുറത്തു പറയാൻ കൊള്ളാത്ത വാക്കുകൾ ഉപയോഗിച്ചതിന്റെ പൊരുൾ-?
ഉ: ഞാൻ പ്രഷർരോഗിയാണ്. പെട്ടെന്നുണ്ടായ വികാരത്തിൽ എന്തൊക്കെയോ പറഞ്ഞുപോയി.
ചോദ്യം: ഗീത അധിക്ഷേപം കേട്ട് അപമാനഭാരത്താൽ കരയുന്നതു കണ്ടപ്പോൾ, എന്തു തോന്നി-?
ഉ: പറയേണ്ടായിരുന്നുവെന്ന് തോന്നി.
ചോദ്യം: ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടോ-?
ഉ: ഉണ്ട്.
ചോദ്യം: പാർട്ടി നടപടിയെക്കുറിച്ച് എന്തുപറയുന്നു.
ഉ: പാർട്ടി നടപടി ശിരസ്സാ വഹിക്കുന്നു.