ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി വീണ്ടും നിരീക്ഷിച്ചിരിക്കുകയാണ്. പതിമൂന്നുകാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ കുട്ടികൾക്ക് എളുപ്പം ലഭിക്കാവുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് ഉചിതമാണെന്ന കോടതി നിർദ്ദേശം കാലിക പ്രസക്തമാണ്.
ഇന്റർനെറ്റ് വലകളിൽ കുരുങ്ങുന്ന കൗമാരപ്രായക്കാർ എളുപ്പത്തിൽ ചതിക്കുഴികളിൽ വീഴാൻ സാധ്യത ഏറെയാണ്. വിരൽ തൊട്ടാൽ മിന്നിമറയുന്ന ഇന്റർനെറ്റ് ദൃശ്യങ്ങളിൽ നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാനുള്ള വിവേചന ബുദ്ധി കൗമാരപ്രായക്കാർക്ക് വളരെ കുറവായിരിക്കും. ഇന്റർനെറ്റ് വഴി ലഭിക്കുന്ന നീലച്ചിത്രങ്ങൾ കൗമാരപ്രായക്കാരായ കുട്ടികളെ വല്ലാതെ വഴി തെറ്റിക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് വേണം സ്കൂളുകളിലെ ലൈംഗീക വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ.
ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന സദാചാരവാദികൾ ഏറെയുള്ള നാടാണ് സാക്ഷര കേരളം. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെയും, ബോധവത്ക്കരണത്തിന്റെയും അഭാവം യുവതലമുറയെ തെറ്റായ വഴികളിലേക്ക് നയിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ലൈംഗികതയെന്നത് വെറും ജൈവിക പ്രക്രിയയാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് പൊതു സമൂഹം ജീവിക്കുന്നത്. നീലച്ചിത്രങ്ങൾക്ക് അടിമകളായി അതിലെ ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ചേക്കാവുന്ന ഒരു തലമുറയെ നേരായ വഴിക്ക് നയിക്കാൻ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം കൂടിയേ കഴിയു.
കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെടുന്ന ലൈംഗികാതിക്രമ കേസ്സുകളിലെ ഇരകളിൽ കൂടുതലും കൗമാരപ്രായക്കാരാണ്. ഇവരിൽ തന്നെ അടുത്ത ബന്ധുക്കളുടെ പീഡനത്തിനിരയായവരുടെ എണ്ണം ഭീതിദമാണ്. സ്വന്തം മകളെയും സഹോദരിമാരെയും വരെ ലൈംഗിക പീഡനത്തിനിരയാക്കുന്ന കാമഭ്രാന്തൻമാരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൗമാരപ്രയാക്കാർക്കുള്ള ലൈംഗിക വിദ്യാഭ്യാസം ഇനിയും വൈകിക്കേണ്ടതില്ല.
തങ്ങളുടെ ശരീരത്തിലുള്ള തെറ്റായ സ്പർശനങ്ങൾ വരെ പ്രതിരോധിക്കാൻ കൗമാര തലമുറയെ പാകപ്പെടുത്തിയേടുക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കും സർക്കാരിനുമുണ്ട്. സൻമാർഗ്ഗമുപദേശിക്കുന്ന മതപഠന ക്ലാസ്സുകളിൽ പോലും കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയാകുന്നുണ്ടെന്ന യാഥാർത്ഥ്യത്തിന് നേരെ ഇനിയും കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. സൻമാർഗ്ഗം പഠിപ്പിക്കുന്നവർ തന്നെ അസൻമാർഗ്ഗികളാകുന്ന നശിച്ച കാലത്ത് കുട്ടികൾക്ക് ബാല്യത്തിൽ തന്നെ ലൈംഗിക വിദ്യാഭ്യാസം നൽകുകയല്ലാതെ മറ്റെന്താണ് വഴി.
കോവിഡ് അടച്ചിടൽ കാലത്ത് മൊബൈൽ ഫോണുകൾ ക്ലാസ് മുറികളായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാർത്ഥികളുടെ കൈകളിലും മൊബൈൽ ഫോണുകളെത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ മണിക്കൂറുകളോളം മുറിയടച്ചിരുന്ന് മൊബൈൽ ഫോണുകളിൽ തപ്പിത്തിരയുന്നതിനിടയിൽ കുട്ടികൾക്ക് ലഭിക്കുന്നത് മുഴുവൻ ഗീതോപദേശമോ ഖുർആൻ സൂക്തമോ ബൈബിൾ വചനങ്ങളോ അല്ലെന്ന് രക്ഷിതാക്കളും സമൂഹവും തിരിച്ചറിയണം.
ഇന്റർനെറ്റിൽ ലഭിക്കുന്ന നിറം പിടിപ്പിച്ച ലൈംഗിക സങ്കൽപ്പങ്ങളിൽ നിന്നും കൗമാരപ്രായക്കാരെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ ചിട്ടയായ ലൈംഗിക വിദ്യാഭ്യാസം നൽകുകയാണുചിതം.