മനുഷ്യൻ മൃഗമാകുമ്പോൾ

ജില്ലയെ  ലജ്ജിപ്പിച്ചു കൊണ്ട് പുറത്തു വന്ന ലൈംഗിക പീഡന കഥ മനുഷ്യനെന്നറിയപ്പെടുന്ന ആരുടെയും തല താഴ്ത്തിക്കുന്നതാണ്. സ്വന്തം പിതാവാണ് മകളെ ചൂഷണം ചെയ്തതെന്നറിയുമ്പോൾ പ്രത്യേകിച്ചും മനുഷ്യനും മൃഗവും  തമ്മിൽ അതിർവരമ്പുകളില്ലെന്നതാണ് ഈ സംഭവം വഴി വ്യക്തമാകുന്നത്.

പിതാവ് മകളെ പീഡിപ്പിച്ച സംഭവം സംസ്ഥാനത്ത് ആദ്യമായിട്ടല്ലെങ്കിലും, ഇക്കുറി സംഭവത്തിൽ പ്രതിയായത്  മതമൂല്യങ്ങൾ പഠിപ്പിക്കുന്ന അധ്യാപകനാണെന്നതാണ് വേദനാകരം. ഒരു മതഗ്രന്ഥങ്ങളിലും രേഖപ്പെടുത്താത്ത രീതിയിലുള്ള അധമ പ്രവൃത്തിയാണ്  പിതാവ് സ്വന്തം മകളോട് ചെയ്തിരിക്കുന്നത്.

സ്വന്തം വീടുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതമല്ലെന്നാണ്   ഈ സംഭവത്തിൽക്കൂടി വീണ്ടും തെളിഞ്ഞിരിക്കുന്നത്. വർഷങ്ങളോളം പിതാവ് തന്റെ മകളെ ലൈംഗിക ചൂഷണത്തിനുപയോഗിച്ചുവെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

മനുഷ്യനെയും മുഗത്തെയും തമ്മിൽ വേർതിരിക്കുന്നത്  തലച്ചോറിന്റെ ഘടനാപരമായ സവിശേഷതകളാണ്. യുക്തിപൂർവ്വം ചിന്തിക്കുകയും, അതിനൊപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യനെ സവിശേഷനാക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനം സാധാരണ ഗതിയിലുള്ള ഒരാൾ ചെയ്യുന്ന പ്രവൃത്തിയല്ല. മതബോധനങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ ചെയ്തിരിക്കുന്നത്. സ്വന്തം മകളെ ചൂഷണം ചെയ്ത പിതാവ് തന്റെ ശിഷ്യകളോട് എങ്ങിനെയായിരിക്കും ചെരുമാറിയിരിക്കുന്നതെന്ന് ഊഹിക്കാൻ വയ്യ.

ജീവിതമെന്തെന്ന് തിരിച്ചറിയുകയും മുമ്പ് സ്വന്തം പിതാവിനാൽ ചൂഷണത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിക്കേണ്ടതുണ്ട്. മറ്റ് പോക്സോ കേസുകളിൽ ലഭിക്കുന്ന നിസ്സാര ശിക്ഷ സംഭവത്തിലെ പ്രതിയായ പിതാവിന് നൽകിയാൽപ്പോര ഇതിനായുള്ള വകുപ്പുകൾ പോലീസ് കേസിലുൾക്കൊള്ളിക്കുമെന്ന് തന്നെ കരുതാം.

പാലത്തായി പീഡനക്കേസിലെ ഇരയ്ക്ക് നീതി വേണമെന്ന് നിലവിളിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ക്രൂരകൃത്യത്തിലെ പ്രതികൾക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാനുള്ള ക്യാമ്പയിനുകൾ തുടങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. കേസിലെ പ്രധാന പ്രതി ഇരയുടെ പിതാവായതിനാൽ പ്രത്യേകിച്ചും.

പീഡനക്കേസിലെ പ്രതികൾ എസ് ഡി പി ഐ, ലീഗ് പ്രവർത്തകരാണെന്ന ആരോപണവുമായി സി പി എമ്മും രംഗത്തെത്തിയിട്ടുണ്ട്. പരസ്പരമുള്ള ചെളി വാരിയെറിയലുകൾക്കുപരി ഇരയ്ക്ക് ലഭിക്കേണ്ട നീതിയായിരിക്കണം ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റേതും.ഇത്തരത്തിലൊരു സംഭവം ജില്ലയിൽ ഇനി ആവർത്തിച്ചു കൂടാ എന്ന നിശ്ചയദാർഢ്യം എല്ലാവർക്കുമുണ്ടാകണം.

പെൺകുട്ടികളുടെ ശരീരത്തിലേക്കുള്ള ഏത് കടന്നുകയറ്റത്തേയും തിരിച്ചറിയാൻ മക്കളെ രക്ഷിതാക്കൾ പ്രാപ്തരാക്കണം. ഇതിനുള്ള കൗൺസിലിണ് വീടുകളിൽ നിന്നും തന്നെ ആരംഭിക്കേണ്ടതാണ്. സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന പുതിയകാലത്ത് കുട്ടികൾ കുടുംബങ്ങളിൽ പോലും സുരക്ഷിതരല്ലെന്നാണ് സംഭവം തെളിയിക്കുന്നത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു

Read Next

കൊറോണ കുന്നു കയറുമ്പോൾ