നഗരസഭകളിൽ അഴിമതി സർവ്വത്ര; പരിശോധന തുടരും 

വ്യാപക ക്രമക്കേടുകൾ കെട്ടിട  നമ്പറുകളുടെ  അനുമതിയിൽ

കാഞ്ഞങ്ങാട് : സംസ്ഥാനത്തെ നഗരസഭകളിൽ നടത്തിയ വിജിലൻസ്  പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ഇടതു – വലതു വ്യത്യാസമില്ലാതെ നഗരസഭ ഭരിക്കുന്നവരുടെ സഹകരണത്തിലും പിന്തുണയിലുമാണ് ഉദ്യോഗസ്ഥ തലത്തിലും അല്ലാതെയും വ്യാപക ക്രമക്കേടുകൾ നടത്തുന്നത്.

കാഞ്ഞങ്ങാട് – കാസർകോട് നഗരസഭകളിൽ ഉൾപ്പെടെ കെട്ടിട നിർമ്മാണ മേഖലയിലും കെട്ടിടങ്ങൾക്ക് നമ്പറുകൾ നൽകുന്നതിലും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. കോടികളുടെ അഴിമതിയും ക്രമക്കേടും തിരുവനന്തപുരം കോർപ്പറേഷൻ മുതൽ കാസർകോട് നഗരസഭ വരെ സംസ്ഥാനത്തെമ്പാടും നടന്നതായുള്ള രേഖകളാണ് വിവിധ നഗരസഭകളിൽ നിന്ന് വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്.

ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് പരിശോധന തുടങ്ങിയത്.കാഞ്ഞങ്ങാട് വടകര, ഗുരുവായൂർ, പെരിന്തൽമണ്ണ, പന്തളം, പാനൂർ, തൃപ്പൂണിത്തുറ എന്നീ നഗരസഭ പരിധികളിൽ ചട്ടം ലംഘിച്ച് കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ നിരവധിയാണ്. അനുമതിയില്ലാതെ കെട്ടിടങ്ങൾ പണിതതായും  നിർമ്മാണം പൂർത്തിയാവാതെ കെട്ടിട നമ്പറുകൾ  നൽകിയതായുമുള്ള സംഭവങ്ങൾ ഒട്ടേറെയുണ്ട്.

പാലക്കാട് നഗരസഭയിൽ നിലവിൽ വീടുള്ളവർക്കും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടനുവദിച്ചു.  അടൂർ നഗരസഭയിൽ 73 അനധികൃ-ത കെട്ടിടങ്ങൾക്ക് കൗൺസിൽ അനുമതിയോടെ നമ്പർ നൽകിയ സംഭവം നടക്കുന്നതാണ്. തിരുവന്തപൂരം കോർപ്പറേഷനിൽ സ്ഥലപരിശോധന പോലും നടത്താതെ കെട്ടിട അനുമതി നൽകുകയും പണി പൂർത്തിയാവും മുമ്പേ കെട്ടിട നമ്പർ അനുവദിക്കുകയും ചെയ്തു. ഫയൽ പോലുമില്ലാതെ കെട്ടിട നമ്പർ നൽകിയ സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്.

കണ്ണൂർ കോർപ്പറേഷനിൽ പത്ത് വാണിജ്യ സമുച്ചയങ്ങളുടെ നികുതി അനധികൃതമായി കുറച്ച് നൽകിയത് വഴി 6 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് കോർപ്പറേഷനുണ്ടായത്. കണ്ണൂർ ജില്ല പരിശോധിച്ചതിൽ 43 എണ്ണവും ചട്ടങ്ങൾ പാലിക്കാതെയും പണിപൂർത്തിയാക്കാതെയും നമ്പർ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ചിലയിടങ്ങളിൽ ശനിയാഴ്ചയും തുടർന്നു. ക്രമക്കേടുകൾ കണ്ടെത്തിയ കെട്ടിടങ്ങളുടെ സ്ഥല പരിശോധനയും നടത്തി വരുന്നുണ്ട്.  വിശദ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.

LatestDaily

Read Previous

യുഡിഎഫ് വിപുലീകരണ മോഹത്തിന് കേരള കോൺഗ്രസിന്റെ ചുവപ്പുകൊടി

Read Next

ചീട്ടുകളി സംഘം പിടിയിൽ