യുഡിഎഫ് വിപുലീകരണ മോഹത്തിന് കേരള കോൺഗ്രസിന്റെ ചുവപ്പുകൊടി

കാഞ്ഞങ്ങാട് : യു ഡി എഫിൽ നിന്നും വിട്ടു പോയ കേരള കോൺഗ്രസ് മാണി വിഭാഗത്തെ തിരികെ വിളിച്ച് യു ഡി എഫ് വിപുലീകരിക്കണമെന്ന കോൺഗ്രസിന്റെ മോഹത്തിന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാവിന്റെ പ്രസ്താവനയോടെ ചുവന്ന കൊടി. കോഴിക്കോട് സമാപിച്ച കോൺഗ്രസ് ചിന്തൻ ശിബിറിലാണ് യു ഡി എഫ് വിട്ട കേരള കോൺഗ്രസിനെ തിരിച്ചുവിളിക്കണമെന്ന ആഹ്വാനമുണ്ടായത്.

യു.ഡി.എഫ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള കോൺഗ്രസ് എമ്മിനെ തിരിച്ചുവിളിക്കണമെന്ന ചർച്ച നടന്നത്. ചിന്തൻ ശിബിർ ആഹ്വാനത്തിന് തൊട്ടുപിന്നാലെ ക്ഷണം നിരസിച്ച് കേരള കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയും വന്നു .കേരള കോൺഗ്രസ് യു ഡി എഫിലേക്ക് പോകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപനമാണെന്നാണ് കേരള കോൺഗ്രസ്‌ നേതാവ് പ്രതികരിച്ചത്.

ശിഥിലമായ യു ഡി എഫിനെ വിപുലീകരിക്കാൻ ഇടത് മുന്നണിയിലെ അസംതൃപ്തരായ ഘടക കക്ഷികളെ തിരികെ വിളിക്കാനാണ് കോൺഗ്രസിന്റെ തന്ത്രം . എൽ ഡി എഫ് മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്ത ചെറു ഘടകകക്ഷികളെ അടർത്തിയെടുക്കാനാണ് യു ഡി എഫിന്റെ ശ്രമം. പ്രധാന ഘടക കക്ഷിയായ കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് മുന്നണി ക്ഷയിച്ചതാണ് കോൺഗ്രസിന്റെ വീണ്ടുവിചാരത്തിന് കാരണം.

എൽ ഡി എഫിൽ അർഹമായ പരിഗണന ലഭിച്ച കേരള കോൺഗ്രസ് തല്ക്കാലം യു ഡി എഫിലേക്കില്ലെന്ന നിലപാടിലാണ്. യു.ഡി.എഫിൽ നിലവിലുള്ള പ്രധാന ഘടക കക്ഷി മുസ്ലി.ലീഗാണ്. പിന്നിടുള്ളത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സി എം പി, ആർ എസ് പി മുതലായ ചെറുകക്ഷികളാണ്. ആർ .എസ്.പിക്കും സി എം പിക്കും ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ല.

മുസ്ലിം ലീഗാണെങ്കിൽ കോൺഗ്രസിലെ തമ്മിലടിയിൽ അസംതൃപ്തരുമാണ് .ഈ സാഹചര്യത്തിൽ യു ഡി എഫ് വിപുലീകരണമെന്ന കോൺഗ്രസിന്റെ സ്വപ്നം വിദൂര പ്രതീക്ഷ മാത്രമാണ്. യുഡിഎഫിലെ മുഖ്യകക്ഷിയായ കോൺഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. കോഴിക്കോട് നടന്ന കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന ചിന്തൻ ശിബിരിൽ മുൻ കെ.പി.സി.സി. പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവർ വിട്ടുനിന്നത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെത്തുടർന്നാണ്.

കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരന് സ്ഥാനമേറ്റ് കാലമേറെയായിട്ടും ഗ്രൂപ്പ് വഴക്ക് നിയന്ത്രിക്കാനായിട്ടില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിലേറണമെങ്കിൽ നിലവിലെ സാഹചര്യത്തിൽ അത്ഭുതങ്ങൾ സംഭവിക്കണം. എൽഡിഎഫിലെ അസംതൃപ്തരായ ചെറുഘടകകക്ഷികളെ അടത്തിയെടുത്താലൊന്നും യുഡിഎഫിന് അധികാരത്തിൽ തിരിച്ചുവരാനാകില്ല. യുഡിഎഫ് ഘടകക്ഷിയായ ആർഎസ്പിയിലെ ഒരു വിഭാഗത്തിന് പാർട്ടി എൽഡിഎഫ് മുന്നണയിൽ ചേരണമെന്ന അഭിപ്രായവുമുണ്ട്.

അധികാരം നഷ്ടമായ സാഹചര്യത്തിൽ മുസ്്ലീം ലീഗ് കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ്. എൽഡിഎഫിൽ ചേരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഒരു വിഭാഗത്തിന് മോഹമുണ്ടെങ്കിലും, എൽഡിഎഫിന്റെ നിലപാടാണ് അതിന് തടസ്സമാകുന്നത്. ഇൗ സാഹചര്യത്തിൽ യുഡിഎഫ് വിപൂലീകരിക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം ഒത്തിരി വെള്ളം കുടിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

LatestDaily

Read Previous

പയ്യന്നൂർ സ്റ്റീൽബോംബ് പ്രതികളെ ഹൊസ്ദുർഗ്ഗ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും

Read Next

നഗരസഭകളിൽ അഴിമതി സർവ്വത്ര; പരിശോധന തുടരും