ആസ്പെയർ ഫുട്ബോൾ കൗൺസിലറും മിണ്ടുന്നില്ല

കാഞ്ഞങ്ങാട്: പടന്നക്കാട് ആസ്പെയർ സിറ്റി ക്ലബ്ബ് 2020 ഫിബ്രവരിയിൽ നടത്തിയ ഫുട്ബോൾ മേളയുടെ വരവു ചിലവു കണക്കുകളെക്കുറിച്ച് ക്ലബ്ബ് ജനറൽ സിക്രട്ടറി അബ്ദുൾ റസാക്ക് തായലക്കണ്ടിയും പൊതുജനം  ഒന്നും മിണ്ടുന്നില്ല.

ആസ്പെയർ സിറ്റി ക്ലബ്ബിന്റെ ജനറൽ സിക്രട്ടറിയായ അബ്ദുൾ റസാഖ്, കാഞ്ഞങ്ങാട് നഗരസഭയിൽ  മുസ്ലീം ലീഗ് കൗൺസിലറാണ്.

ക്ലബ്ബിന്റെ ഖജാൻജി പടന്നക്കാട്ട് താമസിക്കുന്ന ഇ- പ്ലാനെറ്റ് സ്ഥാപനമുടമ അഷ്്ക്കറാണ്.ആസ്പെയർ ഫുട്ബോളിൽ ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും ലാഭമുണ്ടാകുമെന്ന് ഈ ക്ലബ്ബിലെ അംഗങ്ങൾ പലരും ആരോപിച്ചു.

മാർച്ച് ആദ്യവാരത്തിൽ കലോൽസവ മൈതാനിയിൽ അവസാനിച്ച ഫുട്ബോൾ മേളയുടെ ചെയർമാൻ പടന്നക്കാട്ടെ കോൺട്രാക്ടർ ജോയിയാണ്.

പടന്നക്കാട് പ്രദേശത്ത് സ്പോർട്ട്സ് സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇതിനുള്ള ധനസമാഹരണത്തിന് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചത്.

ആസ്പെയർ ക്ലബ്ബ് സ്ഥാപിക്കാനുദ്ദേശിക്കുന്ന പദ്ധതികൾ ഫുട്ബോൾ സംഘാടക സമിതി ചെയർമാൻ ജോയി ഫുട്ബോൾ മേള  ഉദ്ഘാടനം ചെയ്ത റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിൽ,  കലോൽസവ മൈതാനിയിൽ തിങ്ങിക്കൂടിയ കായിക പ്രേമികൾക്ക് മുന്നിൽ പ്രഖ്യാപിച്ചിരുന്നു.

നീന്തൽക്കുളം, മിനി സ്റ്റേഡിയം, ഫുട്ബോൾ മൈതാനം, ജിംനേഷ്യം ഷട്ടിൽ ഗ്രൗണ്ട് തുടങ്ങി കായിക വിനോദങ്ങൾക്കുള്ള ബൃഹത്തായ പദ്ധതികൾ സ്ഥാപിക്കാനാണ് ഫുട്ബോൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും, കാഞ്ഞങ്ങാടിന്റെ മന്ത്രിയുടെ  സഹായം ആസ്പെയർ ക്ലബ്ബിന് അനിവാര്യമാണെന്നും ഫുട്ബോൾ കമ്മറ്റി ചെയർമാൻ ജോയി, മന്ത്രി  പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഫുട്ബോൾ മേള അവസാനിച്ച് മാസം 5 കഴിഞ്ഞിട്ടും ക്ലബ്ബംഗങ്ങളെ വിളിച്ചു ചേർക്കുകയോ, വരവു ചെലവുകൾ അവതരിപ്പിക്കുകയോ, ചെയ്തിട്ടില്ല. ക്ലബ്ബിന്റെ പ്രസിഡണ്ട് പടന്നക്കാട്ടെ ഇന്റർലോക്ക് വ്യാപാരി സത്യനാണ്.

സത്യനോട് ക്ലബ്ബ് അംഗങ്ങളുടെ യോഗം വിളിച്ചു ചേർക്കാൻ അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ, യോഗം വിളിക്കേണ്ടത് ജന. സിക്രട്ടറി അബ്ദുൾ റസാക്ക് തായലക്കണ്ടി യാണെന്ന് പറഞ്ഞൊഴിഞ്ഞതായി ക്ലബ്ബംഗങ്ങൾ ആവലാതിപ്പെട്ടു.

ക്ലബ്ബംഗങ്ങളുടെ യോഗം വിളിച്ചു ചേർത്ത് ഫുട്ബോൾ മേളയുടെ ലാഭ നഷ്ടക്കണക്കുകൾ അവതരിപ്പിക്കാത്തസാഹചര്യം  ക്ലബ്ബ് ഭാരവാഹികൾക്കെതിരെ സാമ്പത്തിക ആരോപണമായി പടന്നക്കാട്ട് പ്രദേശത്ത് ജനങ്ങളിൽ ഉയർന്നിട്ടുണ്ട്.

ഫുട്ബോൾ മേളയുടെ വരവുചിലവുകൾ വെളിപ്പെടുത്തേണ്ട ബാധ്യത ജനപ്രതിനിധി എന്ന നിലയിൽ മറ്റാരേക്കാളും അബ്ദുൾ റസാക്ക് തായലക്കണ്ടിക്കാണെന്ന് നാട്ടുകാരും പറയുന്നു.

അതിനിടയിൽ വരവു ചിലവു കണക്കുകൾ പരിശോധിക്കാൻ ഓഡിറ്റർക്ക് നൽകിയിട്ടുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട് സത്യൻ വെളിപ്പെടുത്തി.

LatestDaily

Read Previous

ഭാര്യയെ അപായപ്പെടുത്താൻ വീട്ടിനുള്ളിൽ പെട്രോളൊഴിച്ച 50കാരൻ പിടിയിൽ

Read Next

സർക്കാറിനെ വെല്ലുവിളിച്ച് കൊത്തിക്കാലിൽ പിതൃതർപ്പണച്ചടങ്ങ്