വഖഫ് ഭൂമി തിരികെ നൽകി എംഎൽഏ. തടിയൂരി

കാഞ്ഞങ്ങാട്:  എം.സി. ഖമറുദ്ദീൻ എം.എൽ.ഏ, ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് ഏ.ജി.സി. ബഷീർ മുതലായവരടങ്ങുന്ന സ്വകാര്യ ട്രസ്റ്റ് ചുളുവിലയ്ക്ക് തട്ടിയെടുത്ത തൃക്കരിപ്പൂർ മണിയനോടിയിലെ ജാമിയഃ സഅദിയഃ അനാഥ അഗതി മന്ദിരത്തിന്റെ ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ രജിസ്റ്റർ ചെയ്ത് നൽകി എം.എൽഏയും സംഘവും തടിയൂരി.

2020 ഫെബ്രുവരി  മാസത്തിലാണ്  തൃക്കരിപ്പൂർ അനാഥ മന്ദിരത്തിന് കീഴിലുള്ള  വഖഫ് സ്വത്ത് എംഎൽഏ ചെയർമാനായ ടെക്റ്റ് എന്ന പേരിലുള്ള  ട്രസ്റ്റ് നിസ്സാരവിലയ്ക്ക് തട്ടിയെടുത്തത്.   6 കോടിയോളം വിലവരുന്ന ഭൂമിയും കെട്ടിടവും  30 ലക്ഷം രൂപയ്ക്കാണ് എം.സി. ഖമറുദ്ദീൻ എം. എൽഏ.യുടെ  പേരിൽ രഹസ്യമായി രജിസ്റ്റർ  ചെയ്തത്.

വഖഫ് ഭൂമി തട്ടിയെടുത്തതിനെതിരെ  സമസ്തയുടെ പോഷക സംഘടനയായ  എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന വർക്കിംഗ് സെക്രട്ടറിയും, ജാമിയഃ സഅദിയയുടെ  വൈസ് പ്രസിഡണ്ടുമായ  താജുദ്ദീൻ ദാരിമി,  മുൻ  ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും, കാഞ്ഞങ്ങാട്ടെ  കിസ്സ സാംസ്കാരിക വേദിയുടെ ഭാരവാഹിയുമായ  സി. ഷുക്കൂർ എന്നിവർ  വഖഫ് ബോർഡിന് പരാതി കൊടുത്തതോടെയാണ്  സംഭവം പുറത്തറിഞ്ഞത്.

വാങ്ങിയത് വഖഫ്  സ്വത്തല്ലെന്ന നിലപാടിലായിരുന്നു എം.സി. ഖമറുദ്ദീൻ. സമസ്ത ആസ്ഥാനത്ത്  നടന്ന ചർച്ചയ്ക്കൊടുവിലാണ് ഭൂമി വിട്ടുകൊടുക്കാൻ സമ്മതിച്ചത്. 2020 ഫെബ്രുവരി മാസത്തിന്റെ രജിസ്റ്റർ ചെയ്ത  584/2020 നമ്പർ ആധാരപ്രകാരമുള്ള  ഭൂമിയാണ് ഇന്നലെ തൃക്കരിപ്പൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൽ എം.സി. ഖമറുദ്ദീൻ അതിന്റെ യഥാർത്ഥ ഉടമകൾക്ക്  തിരികെ  രജിസ്റ്റർ ചെയ്ത് കൊടുത്തത്.

3,60,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും,  60,145 രജിസ്ട്രേഷൻ  ഫീസായും ഈടാക്കിയാണ്  ഇന്നലത്തെ  രജിസ്ട്രേഷൻ നടന്നത്.  1297/20 ആണ് പുതിയ ആധാരത്തിന്റെ രജിസ്ട്രേഷൻ നമ്പർ.  തട്ടിയെടുത്ത ഭൂമി തിരിച്ചു നൽകിയെങ്കിലും  എം.സി. ഖമറുദ്ദീൻ എം.എൽഏയ്ക്കെതിരെ  വഖഫ്  നിയമം 52 ഏ പ്രകാരം  രജിസ്റ്റർ ചെയ്ത വഖഫ്  ബോർഡ് കേസ് നിലനിൽക്കുമെന്ന് അഡ്വ. സി. ഷുക്കൂർ  പറഞ്ഞു.

വഖഫ്  ഭൂമി തട്ടിയെടുത്ത വിഷയത്തിൽ  എം.എൽഏയ്ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും  കുറ്റക്കാരന് മതിയായ ശിക്ഷ ലഭിക്കും വരെ  പോരാടുമെന്നും ഇദ്ദേഹം പറഞ്ഞു.

എം.എൽഏ ഉൾപ്പെട്ട ഭൂമി തട്ടിപ്പ് വിഷയതത്തിൽ ഡി.വൈഎഫ്ഐയും,  സിപിഎമ്മും സമരരംഗത്തുണ്ടായിരുന്നു. പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെയാണ്  മുഖം രക്ഷിക്കാനായി എം.എൽഏ  ഭൂമി ജാമിഅഃസഅദിയഃ അനാഥ അഗതി മന്ദിരത്തിന് തന്നെ തിരികെ രജിസ്റ്റർ ചെയ്ത് കൊടുത്തത്.

LatestDaily

Read Previous

ഗീത പോലീസിൽ പരാതിപ്പെട്ടാൽ-?

Read Next

നൗഷാദ് യാത്രയായത് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ