ഗീത പോലീസിൽ പരാതിപ്പെട്ടാൽ-?

കാഞ്ഞങ്ങാട്:  കാസർ കോട് ഡി.സി.സി. ജനറൽ സെക്രട്ടറി ഗീതാകൃഷ്ണൻ തന്നെ അധിക്ഷേപിച്ച സംഭവത്തിൽ എതൃകക്ഷിയായ രാജൻ പെരിയക്കെതിരെ  പോലീസിൽ പരാതി നൽകിയാൽ സ്വാഭാവികമായും ഗീതയുടെ  പരാതിയിൽ രാജനെ  പ്രതി ചേർത്ത്  പോലീസിന് കേസ്സ്  രജിസ്റ്റർ ചെയ്യേണ്ടിവരും.

പരസ്യമായ അപമാനം, ചീത്തവിളി, ഭീഷണി തുടങ്ങി ഇന്ത്യൻ പീനൽകോഡിലുള്ള വകുപ്പുകൾ ചേർത്തായിരിക്കും പോലീസ്  രാജനെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുക.

രാജനുമായി അടുത്ത സുഹൃദ്ബന്ധമുള്ള പുല്ലൂർ സ്വദേശിനിയും  കോൺഗ്രസ് പ്രവർത്തകയുമായ  ശ്രീകലയെ ഉദുമ ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്ന  പ്രശ്നത്തെച്ചൊല്ലിയാണ്  രാജൻ ഗീതയ്ക്കെതിരെ  ഡി.സി.സി.  ഓഫീസിന്റെ  അകത്തളങ്ങളിൽ അസഭ്യം ചൊരിഞ്ഞത് എന്നതുകൊണ്ടുതന്നെ, ഗീതാകൃഷ്ണന്റെ പരാതിയിൽ പോലീസ് കേസ്സ് ഉത്ഭവിച്ചാൽ രാജൻ സ്വാഭാവികമായും  അടങ്ങിയിരിക്കാനിടയില്ല.

ഇപ്പോൾ തന്നെ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പദവി രാജിവെച്ചൊഴിഞ്ഞ രാജൻ കേസ്സിൽ പ്രതിയായാൽ  ചിലപ്പോൾ കോൺഗ്രസ്സ് പ്രസ്ഥാനത്തോട്  തന്നെ വിടപറയാനുള്ള സാഹചര്യവും  അടുത്തുവന്നിരിക്കയാണ്.

രാജൻ കോൺഗ്രസ് വിട്ടാൽ സ്വാഭാവികമായും പുല്ലൂർ പെരിയ പ്രദേശത്ത് നിന്ന് രാജനുമായി  അടുപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും  പാർട്ടിയോട് വിട ചൊല്ലുകയോ,  അതല്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയോ  ചെയ്യാനിടയുണ്ട്.

അങ്ങിനെ വന്നാൽ, പിന്നീട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും രാജന്റെ  ഭാഗത്തു നിന്നുള്ള   നിസ്സഹകരണം  കോൺഗ്രസ് പാർട്ടി  നേരിടേണ്ടിവരും.

തീയ്യ മഹാസഭയുടെ ജില്ലാ ഭാരവാഹിയായ  രാജന് ആവശ്യമായി വന്നാൽ യുഡിഎഫിന് ലഭിക്കുന്ന ജാതി വോട്ടുകളിൽ വിള്ളൽ വീഴ്ത്താനും  സാധിക്കും.  അങ്ങിനെ സംഭവിച്ചാൽ അത് ഏറെ ബാധിക്കുക യുഡിഎഫിന്റെ വിജയത്തെയായിരിക്കും. ഈ രാഷ്ട്രീയ അന്തഃഛിദ്രങ്ങൾ മുന്നിൽക്കണ്ടാണ്  രാജനെതിരെ  തൽക്കാലം തൽക്കാലം പോലീസിൽ പരാതി നൽകരുതെന്നും ജൂലായ് 30 വരെ കാത്തിരിക്കണമെന്നും  കാസർകോടിന്റെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി ജി. രതികുമാർ ഗീതാകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്ത്രീയായ തനിക്ക് ജീവിതത്തിൽ ഇന്നുവരെ സ്വന്തക്കാരിൽ നിന്നുപോലും, പുറത്തുപറയാൻ പറ്റാത്ത അത്രയും  മ്ലേച്ഛമായ ഭാഷയിലുള്ള  തെറിയഭിഷേകം  ഉണ്ടായിട്ടില്ലെന്നും രാജനെതിരെ  നടപടിയുണ്ടായില്ലെങ്കിൽ ജൂലായ്  21 തിങ്കളാഴ്ച രാവിലെ  പരാതി പോലീസിന് നൽകുമെന്ന് ഗീതാകൃഷ്ണൻ ഉറപ്പിച്ചു പറയുന്നു.

എല്ലാംകൊണ്ടും, ഡിസിസി, ചെകുത്താനും  കടലിനുമിടയിൽ അകപ്പെട്ടു കിടക്കുകയാണ്.  ലോക്സഭാ  തെരഞ്ഞെടുപ്പിൽ  രാജ്മോഹൻ ഉണ്ണിത്താനെ വിജയിപ്പിച്ച് ചരിത്രം മാറ്റിമറിച്ച കോൺഗ്രസ് ഡി.സി. അടുത്തെത്തിക്കഴിഞ്ഞ തദ്ദേശത്രിതല പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും  മികവു കാട്ടാനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടുകഴിഞ്ഞപ്പോഴാണ്  ഗീതാകൃഷ്ണൻ- രാജൻ  പെരിയ വൺസൈഡ് തെറിയഭിഷേകവും,  പിന്നീടുണ്ടായ കൊമ്പുകോർക്കലും ഡിസിസിക്ക്  കീറാമുട്ടിയായിത്തീർന്നത്.

രാജൻ ഗീതയെ അധിക്ഷേപിച്ചത് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ കൺമുന്നിലാണ്. അധിക്ഷേപങ്ങൾ കേട്ടിരുന്ന് കരഞ്ഞതല്ലാതെ ഗീത രാജനെതിരെ  ഒരക്ഷരം  അങ്ങോട്ട് ഉരിയാടിയിരുന്നില്ലെന്ന്  ഡിസിസി ജനറൽ സെക്രട്ടറി ധന്യാസുരേഷും, മഹിളാ കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി തമ്പാനും  സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അന്തരിച്ച കോൺഗ്രസ് നേതാവ് പി. ഗംഗാധരൻ നായരുടെ  മകളാണ് ധന്യാസുരേഷ്.

LatestDaily

Read Previous

ഡോക്ടറുടെ ശല്യം ഡോക്ടർക്കെതിരെ കേസ്

Read Next

വഖഫ് ഭൂമി തിരികെ നൽകി എംഎൽഏ. തടിയൂരി