റഫിയാത്ത് കേസ്സിൽ പോലീസ് സംഘടന ഇടപെട്ടു

സമ്മർദ്ദം ആദ്യം കേസ്സന്വേഷിച്ച വനിതാ എസ്ഐയെ രക്ഷിക്കാൻ

കാഞ്ഞങ്ങാട്: നോമ്പുകാലത്ത് ഗൾഫിൽ നിന്നെത്തിയ ഒരു ദുരൂഹ ഫോൺവിളിയിൽ മനസ്സു നൊന്ത് വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ച യുവഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്തിന്റെ 23, ആത്മഹത്യാക്കേസ്സിൽ പോലീസ് സംഘടന ഭാരവാഹികൾ ഇടപെട്ടു.

കാഞ്ഞങ്ങാട് ഡിവൈഎസിപി, എം. പി. വിനോദാണ് ഇപ്പോൾ റഫിയാത്ത് ആത്മഹത്യാക്കേസ്സ് അന്വേഷിച്ചു വരുന്നത്.

2020 മെയ് 6-ന് വൈകുന്നേരം 4-30 മണിക്കാണ് റഫിയാത്തിന് യുവതി ഉപയോഗിച്ചു വരുന്ന ഐ- ഫോണിലേക്ക് ദുബായിൽ നിന്ന് ഒരു കോൾ പറന്നു വന്നത്. യുവതിയെ വിളിച്ചത് റഫിയാത്തിനെ നാലു വർഷം മുമ്പ് വിവാഹം കഴിക്കാൻ ആഗ്രഹിച്ച പ്രവാസി, കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ പരിസരത്ത് താമസിക്കുന്ന ജംഷീറാണ്.

കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എച്ച്. റംഷീദിന്റെ സഹോദരീപുത്രനാണ് ഗൾഫിലുള്ള ജംഷീർ. ജംഷീർ റഫിയാത്തിനെ വിവാഹമാലോചിച്ചിരുന്നുവെങ്കിലും, ജംഷീറിന്റെ രക്ഷിതാക്കൾ വധുവിന്റെ വീട്ടുകാരോട് 90 പവൻ സ്വർണ്ണം സ്ത്രീധനമാവശ്യപ്പെട്ടതിനാൽ, 35 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം ജംഷീറിന് സ്ത്രീധനമായി നൽകാൻ റഫിയാത്തിന്റെ മാതാപിതാക്കൾക്ക്  സാമ്പത്തികമായി കഴിവില്ലാതിരുന്നതിനാൽ, 4 വർഷം മുമ്പ് യുവതിയുടെ വിവാഹം മുടങ്ങുകയായിരുന്നു.

റഫിയാത്തിനെ പിന്നീട് അജാനൂർ മുക്കൂട് സ്വദേശി ഇസ്മായിൽ വിവാഹം കഴിച്ചു.

വിവാഹത്തിന് ശേഷവും റഫിയാത്തുമായി നിരന്തരസമ്പർക്കം പുലർത്തിയിരുന്ന ജംഷീർ യുവതിയെ വിളിക്കാൻ വേണ്ടിമാത്രം 25,000 രൂപ വിലയുള്ള ആപ്പിൾ ഐ-ഫോൺ അതിനാടകീയമായി റഫിയാത്തിന്റെ കൈകളിൽ എത്തിക്കുകയും ചെയ്തു.

ഭർത്താവ് ഇസ്മായിലിന്റെ മർദ്ദനം സഹിക്കാനാവാതെ മുക്കൂടിൽ നിന്ന് 2020 ഏപ്രിൽ ഒടുവിൽ സൗത്ത് ചിത്താരിയിലുള്ള വീട്ടിലേക്ക് വന്ന റഫിയാത്തിനെ ജംഷീർ ഗൾഫിൽ നിന്ന് വിളിക്കുകയും, ഈ യുവതിയെ ജീവിതത്തിൽ ഭയപ്പെടുത്തുന്ന ഏതോ രഹസ്യങ്ങൾ നിരത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്.

ഈ ഫോൺവിളി കേട്ടയുടൻ റഫിയാത്ത് വീട്ടിലെ കിടപ്പു മുറിയിൽക്കയറി ഫാനിൽ ഷാൾ കെട്ടി ജീവിതമവസാനിപ്പിക്കുകയും ചെയ്തു. ഹൊസ്ദുർഗ്ഗ് പോലീസ് മെയ് 6-ന് രജിസ്റ്റർ ചെയ്ത റഫിയാത്തിന്റെ ആത്മഹത്യാക്കേസ്സിൽ 3 മാസക്കാലം അന്വേഷണം നടത്തിയ ഹൊസ്ദുർഗ്ഗ് വനിതാ എസ്ഐ, ഏറ്റവുമൊടുവിൽ റഫിയാത്തിന്റെ ആത്മഹത്യയ്ക്കുള്ള പ്രേരണ ഒളിഞ്ഞു കിടക്കുന്ന യുവതിയുടെ ഐ-ഫോൺ തുറക്കാനുള്ള സംവിധാനം, കേരള പോലീസിനില്ലെന്നും,  “ചത്തതു ചത്തിട്ടു പോയി” ജീവിച്ചിരിക്കുന്നവരെ എന്തിന് ബുദ്ധിമുട്ടിക്കണമെന്ന ചോദ്യത്തോടെ റഫിയാത്തിന്റെ സഹോദരൻമാർക്ക് തിരിച്ചു കൊടുക്കുകയും, കേസ്സന്വേഷണഫയൽ പൂട്ടിവെക്കുകയുമായിരുന്നു.  

കേരള പോലീസിന് തന്നെ തുറക്കാൻ കഴിയാത്ത ഫോണുകളൊന്നും ലോകത്തിലില്ലെന്ന് മനസ്സിലാക്കിയ  റഫിയാത്തിന്റെ മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവി, ഡി. ശിൽപ്പയ്ക്ക് പരാതി നൽകുമ്പോഴേക്കും  ഈ ആത്മഹത്യാക്കേസ്സ് അന്വേഷിച്ചവരും, മേൽനോട്ടം വഹിച്ചവരുമായ, ഡിവൈഎസ്പി, പി. കെ. സുധാകരൻ, പോലീസ് ഇൻസ്പെക്ടർ കെ. വിനോദ്, വനിതാ എസ്ഐ, നീലേശ്വരത്തെ ലീല എന്നിവർ കാഞ്ഞങ്ങാട്ട് നിന്ന് സ്ഥലം മാറിപ്പോവുകയും ചെയ്തു.

പുതിയ ഡിവൈഎസ്പി, എം. പി. വിനോദിനെയാണ് ജില്ലാ പോലീസ് മേധാവി പിന്നീടുള്ള ഈ കേസ്സന്വേഷണം ഏൽപ്പിച്ചത്.

വനിതാ എസ്ഐ, തിരിച്ചു കൊടുത്ത ഐഫോൺ ഡിവൈഎസ്പിയുടെ കീഴിലുള്ള അന്വേഷണ സംഘം വീണ്ടും  തിരിച്ചു വാങ്ങുകയും, പോലീസ് ഫോറൻസിക് സെല്ലിന് തുറക്കാൻ അയക്കുകയും ചെയ്തപ്പോഴാണ്, ഈ കേസ്സിൽ ആരോപണ വിധേയയായ വനിതാ എസ്ഐക്ക് വേണ്ടി പോലീസ് സംഘടനാ ഭാരവാഹികൾ ഇടപെട്ടത്.

LatestDaily

Read Previous

ഗീതാകൃഷ്ണനെതിരായ അധിക്ഷേപം കെ.പി.സി.സി. ജനറൽ സിക്രട്ടറി ഇടപെട്ടു

Read Next

ഡോക്ടറുടെ ശല്യം ഡോക്ടർക്കെതിരെ കേസ്