നഗരസഭ ഓഫീസിൽ വിജിലൻസ് കയറി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ഓഫീസിൽ ഇന്ന് വിജിലന്സ് മിന്നൽ പരിശോധന നടത്തി. രാവില കൃത്യം 11 മണിക്കാണ് കാസർകോട്  വിജിലൻസ് ഇൻസ്പെക്ടർ സിബി മാത്യുവിന്റെ നേതൃത്വത്തിൽ ആറംഗ വിജിലൻസ് ഉദ്യോഗസ്ഥർ നഗരസഭ കാര്യാലയത്തിൽ കയറിയത്. ഓഫീസിലെ എഞ്ചിനീയറിംഗ് സെക്ഷനിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ മൊത്തം വിജിലൻസ് പരിശോധിച്ചുവരികയാണ്.

മുൻസിപ്പൽ എഞ്ചിനീയർ റോയിയാണ് ഫയലുകൾ വിജിലൻസിന് മുന്നിൽ ഹാജരാക്കിയത്. റോയിക്ക് കഴിഞ്ഞ ഒരു വർഷമായി മുൻസിപ്പൽ സിക്രട്ടറിയുടെ ചുമതലയുണ്ട്. നഗരത്തിൽ പരക്കെ കെട്ടിപ്പൊക്കിയ അനധികൃത നിർമ്മാണ ഫയലുകൾ പലതും വിജിലൻസ് പരിശോധിച്ചുവരികയാണ്. ഒപ്പം കുടുംബശ്രീ അനധികൃത ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രേഖകളും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പി. കരുണാകരൻ എം.പിയുടെ ഫണ്ടുപയോഗിച്ച് താലൂക്ക് ഓഫീസ് വളപ്പിൽ പോലീസ് സ്റ്റേഷൻ ചുറ്റുമതിലിനോട് ചേർന്ന് പണിത ഒറ്റനില കോൺക്രീറ്റ് കെട്ടിടത്തിലാണ് കാന്റീനും, സ്നേഹതീരം കുടുംബശ്രീയുടെ ഹോട്ടലും കഴിഞ്ഞ 3 വർഷമായി അനുമതിയില്ലാതെ പ്രവർത്തിച്ചുവരുന്നത്.

പുതിയകോട്ട വിനായക ജംഗ്ഷനിൽ പണിതുവരുന്ന അഞ്ചുനിലക്കെട്ടിടത്തിന്റേയും, കോട്ടച്ചേരി കുന്നുമ്മലിൽ പണിതശേഷം ഭൂമിക്കടിയിലുള്ള പാർക്കിംഗ് സ്ഥലം മുറിയാക്കി മാറ്റി വാടകയ്ക്ക് നൽകിയ വയലപ്രം കെട്ടിടത്തിന്റെ ഫയലുകളും പാർക്കിംഗ് തീരെയില്ലാതെ നഗരത്തിൽ പണിതുവരുന്ന ഇതര കെട്ടിട നിർമ്മാണങ്ങളുടെ രേഖകളും വിജിലൻസ് പരിശോധിച്ചുവരികയാണ്. കാസർകോട് നഗരസഭ കാര്യാലയത്തിൽ വിജിലൻസ് ഡിവൈഎസ്പി, കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ മിന്നൽപ്പരിശോധന നടന്നു.

LatestDaily

Read Previous

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിൽ കാലിസും സ്റ്റെയ്‌നും കളിക്കും

Read Next

ഹൊസ്ദുർഗ് ബാങ്ക് സിക്രട്ടറി അന്തരിച്ചു