ഖാദർ മാങ്ങാടും മത്സരിക്കും

ഉദുമ: കോൺഗ്രസ്സ് പ്രവർത്തകനും, കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലറുമായ കാഞ്ഞങ്ങാട്ടെ പ്രഫസർ ഖാദർ മാങ്ങാടും ഇക്കുറി നിയമ സഭയിലേക്ക് മത്സര രംഗത്തുണ്ടാകും.

ഉദുമ മണ്ഡലത്തിൽ ജനവിധി തേടാനാണ് ഖാദറിന് താൽപ്പര്യം. ഖാദറിന്റെ ജൻമ ഗൃഹവും ഒട്ടേറെ  ബന്ധു ജനങ്ങളും ഉദുമ മണ്ഡലത്തിലാണ്.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ രണ്ടു തവണ യു ഡി എഫ്  സ്ഥാനാർത്ഥിയായി അങ്കം കുറിച്ച ഖാദർ മാഷിന് രണ്ടു തവണയും  ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഎമ്മിലെ  പി. കരുണാകരനോട് പരാജയപ്പെടേണ്ടി വന്നു.

കാസർകോട് ജില്ലക്കാരനായിട്ടും, രണ്ടു തവണയും ഖാദർ മാങ്ങാട്  പരാജയപ്പെട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് അൽഭുതങ്ങൾ തീർത്തു കൊണ്ട്  കൊല്ലം സ്വദേശിയായ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വിജയശ്രീലാളിതനായത്.

സർവ്വകലാശാല വൈസ് ചാൻസിലർ പദവിയിൽ നിന്ന് 56-ാം വയസ്സിൽ മൂന്ന് വർഷം മുമ്പ് പിരിഞ്ഞ ഖാദർ മാങ്ങാട് വിശ്രമത്തിലായിരുന്നുവെങ്കിലും , വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഒരു ”കൈ” നോക്കാനാണ്  ഒരുങ്ങിയിട്ടുള്ളത്.

ഉദുമ സീറ്റ് ലഭിച്ചില്ലെങ്കിൽ തൃക്കരിപ്പൂർ – കാഞ്ഞങ്ങാട് സീറ്റുകളിൽ അങ്കം കുറിക്കാനും പ്രഫസർ ഖാദർ മാങ്ങാടിന് ആഗ്രഹമുണ്ട്.

രാജ്മോഹൻ ഉണ്ണിത്താന്റെ  പ്രിയ നോമിനിയായ കെ.പി.സി.സി ജനറൽ സിക്രട്ടറി ജി. രതികുമാറിനെ ഉദുമയിൽ കളത്തിലിറക്കാനാണ് ഉണ്ണിത്താന് താൽപ്പര്യം.

ജി. രതികുമാർ  ലീഗിന് പ്രിയപ്പെട്ടവനാണെങ്കിലും , ഖാദർ മാങ്ങാട് ലീഗിന് പ്രിയപ്പെട്ടവനല്ല.

LatestDaily

Read Previous

മഹിള കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണനെ അധിക്ഷേപിച്ച ബ്ലോക്ക് കോൺ. നേതാവിനെതിരെ പോലീസ് പരാതിക്ക് നീക്കം

Read Next

കരിവെള്ളൂര്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച