ജ്വല്ലറി ഉടമയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സമാനമായ മറ്റൊരു കേസിലും പ്രതി

അമ്പലത്തറ : ജ്വല്ലറിയുടമയെ കാറിടിച്ച് വീഴ്ത്തി പണം കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയാണ് ചുള്ളിക്കരയിലെ ജ്വല്ലറിയുടമ ഇരിയയിലെ ബാലചന്ദ്രനെ 43, കാറിലെത്തിയ സംഘം കാറിടിച്ചുവീഴ്ത്തി പണം തട്ടാൻ ശ്രമിച്ചത്.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പോലീസ് വലയിലായിരുന്നു. ഇരിയ ക്രിസ്റ്റ്യൻ പള്ളിക്ക് സമീപം ബാലചന്ദ്രനെ കാറിടിച്ച് വീഴ്ത്തി കൊള്ളയടിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ പള്ളിക്കരയിലെ അബ്ദുൾ സലാം 51, കാസർകോട് മൊഗ്രാൽ സ്വദേശി സത്താർ 41, എന്നിവരെയാണ് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.

സംഘത്തിൽ 3 പേർ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കായി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അബ്ദുൾ സലാം ഒരുവർഷം മുമ്പ് പാക്യാരയിൽ നടന്ന കവർച്ചാ കേസിൽ പ്രതിയാണ്. കാസർകോട്ടെ ജ്വല്ലറിയടച്ച് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന ജ്വല്ലറിയുടമയെ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം പാക്യാരയിൽ തടഞ്ഞുനിർത്തി പണം തട്ടിപ്പറിക്കുകയായിരുന്നു. ചുള്ളിക്കരയിലെ ജ്വല്ലറിയുടമയ്ക്ക് നേരെ നടന്ന ആക്രമണത്തിന് സമാനമായിരുന്നു പാക്യാരയിലെയും ഓപ്പറേഷൻ.

പഴയ സ്വർണ്ണം വിലയ്ക്കെടുക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ജ്വല്ലറിയുടമയെയാണ് ഉദുമ പാക്യാരയിൽ ഒരു വർഷം മുമ്പ് സലാമും സംഘവും കൊള്ളയടിച്ചത്.  കർണ്ണാടകയിൽ നിന്നും ജില്ലയിലേക്ക് വിദേശ മദ്യം കടത്തിയ കേസിൽ ജയിലിലായിരുന്ന അബ്ദുൾ സലാം അടുത്ത കാലത്താണ് ജയിൽ മോചിതനായത്.

LatestDaily

Read Previous

രണ്ട് പോക്സോ കേസുകളിൽ 3 പേർ അറസ്റ്റിൽ

Read Next

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി