ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ബ്ലേഡ് പലിശ നൽകാമെന്ന് മോഹിപ്പിച്ച് അജാനൂരിന്റെ തീരത്ത് നിന്ന് 2 കോടി രൂപയോളം പലരിൽ നിന്നും തട്ടിയെടുത്ത് മുങ്ങിയ യുവാവ് കുട്ടാപ്പി എന്ന പ്രതീഷ് 33, ഈ പണമത്രയും കളഞ്ഞുകുളിച്ചത് പാണത്തൂരിലുള്ള വൻ ചീട്ടുകളി കേന്ദ്രത്തിലും ബംഗളൂരുവിലും.
മുച്ചീട്ടുകളി പ്രതീഷിന് ഒരു തരം ഹരമായിരുന്നു. കാഞ്ഞങ്ങാട്ടെ ഇൻഡസ് മോട്ടോർ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലിനോക്കി വരുമ്പോഴും പ്രതീഷ് പതിവായി കാഞ്ഞങ്ങാട്ടു നിന്ന് സ്വന്തം കാറിൽ ആദൂർ മലയോരത്തുള്ള ചീട്ടുകളി കേന്ദ്രത്തിൽ കളിക്കാൻ എത്തുമായിരുന്നു.
കേരള അതിർത്തിയിൽ നിന്ന് അൽപ്പം വിട്ടുമാറി ചില വൻതോക്കുകൾ നടത്തിവരുന്ന ചീട്ടുകളി കേന്ദ്രത്തിൽ മടിക്കേരിയിൽ നിന്നും കാസർകോട് ജില്ലയിൽ നിന്നും വൻകിട ചീട്ടുകളിക്കാർ എത്തുമായിരുന്നു. കർണ്ണാടക പോലീസിന്റെ തികഞ്ഞ മൗനത്തിൽ രാപ്പകൽ നടന്നുവരുന്നതും ലക്ഷങ്ങൾ മറിയുന്നതുമായ ചീട്ടുകളി കേന്ദ്രമാണിത്. ചീട്ടുകളിയിൽ പണം പോകുന്നതിനനുസരിച്ച് ആ പണം വീണ്ടെടുക്കാൻ വീണ്ടും വീണ്ടും പ്രതീഷ് പണമിറക്കി കളിക്കുകയായിരുന്നു.
അജാനൂർ തീരം മത്തായി മുക്ക് മുതൽ പുഞ്ചാവി കടപ്പൂറം വരെയുള്ള തീരദേശത്ത് നിന്ന് പ്രതീഷ് പലിശ മോഹിപ്പിച്ച് മത്സ്യത്തൊഴിലാളി സ്ത്രീകളടക്കമുള്ളവരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി കബളിപ്പിക്കുകയായിരുന്നു. പണത്തിന് പകരം സ്വർണ്ണാഭരണങ്ങളും ഈ മുപ്പത്തിമൂന്നുകാരൻ വാങ്ങിയിട്ടുണ്ട്.
പ്രതീഷ് വാങ്ങിയ പണം രണ്ടുകോടിക്ക് മുകളിൽ വരുമെന്ന് പണം നഷ്ടപ്പെട്ട ഒരു മത്സ്യത്തൊഴിലാളി പുറത്തുവിട്ടു. പണം മുടക്കിയവർക്ക് ആദ്യമാദ്യം പ്രതിമാസ പലിശ വീടുകളിൽ എത്തിച്ചിരുന്നു. പിന്നീട് മുച്ചീട്ടുകളിയിൽ ലക്ഷങ്ങൾ തുലച്ച പ്രതീഷ് നാട്ടിൽ നിന്ന് അതിനാടകീയമായി മുങ്ങുകയായിരുന്നു. പ്രതീഷ് ഇടയ്ക്കെല്ലാം ബംഗളൂരുവിൽ മാസങ്ങളോളം ആർഭാട ജീവിതം നയിക്കുമായിരുന്നു. ആസ്തീ വിഷയകഥകൾ പുറത്തുവരാനിരിക്കുകയാണ്.