മൂന്നുമണിക്കൂർ ചികിത്സ ചിലവ് മുക്കാൽ ലക്ഷം

കാഞ്ഞങ്ങാട് : തായന്നൂരിലെ ഹിന്ദി അധ്യാപിക ശ്രീജിനയെ 24, മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത് ജുലായ് 19-ന് പുലർച്ചെ 3 മണിക്ക്. ശ്രീജിന മരണത്തെ പുൽകിയത് അന്ന്  3 മണിക്കൂറിന് ശേഷം 6 മണിക്ക്. വെറും മൂന്നര മണിക്കൂർ  ഐസിയുവിൽ കിടത്തി ചികിത്സിച്ചതിന് ആശുപത്രി നൽകിയ ബില്ല് 70,000 രൂപ.

പുലർകാലം ശ്രീജിനയുടെ മൃതദേഹം വിട്ടുകിട്ടുന്നതിന് മുമ്പ് ബില്ലടയ്ക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് തായന്നൂരിൽ നിന്ന് കുടുംബം 70,000 രൂപ മംഗളൂരു ആശുപത്രിയിലെത്തിച്ച ശേഷമാണ് ശ്രീജിനയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. അതിനിടയിൽ, ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇൗ ആശുപത്രിയിലേക്ക് കാസർകോട് ജില്ലയിലെ സ്വകാര്യാശുപത്രികളിൽ നിന്നും, വിദഗ്ദ ചികിത്സയ്ക്ക് രോഗികളെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർ തത്സമയം മംഗളൂരുവിലുണ്ടായിരുന്നു.

ശ്രീജിനയുടെ ബന്ധുക്കൾ മുൻപരിചയക്കാരനായ ആംബുലൻസ് ഡ്രൈവറെ ഫോണിൽ വിളിച്ചപ്പോൾ, താൻ മംഗളൂരുവിലുണ്ടെന്നും ഉടൻ ആശുപത്രിയിലെത്താമെന്നും പറഞ്ഞ ഡ്രൈവർ മംഗളൂരു മംഗളൂരു നഗര മധ്യത്തിലെ ആശുപത്രിയിലെത്തി അദ്ദേഹത്തിനുള്ള സ്വാധീനം വെച്ച് ആശുപത്രി മാനേജ്മെന്റുമായി സംസാരിച്ചപ്പോൾ, ശ്രീജിനയുടെ ആശുപത്രി ബില്ലിൽ 15000 രൂപ കുറച്ചുകൊടുക്കുകയായിരുന്നു.

15,000 രൂപ കുറയ്ക്കാൻ സമ്മതിച്ച ആശുപത്രി ബില്ലിൽ 15,000 രൂപ ആദ്യം തന്നെ കൂട്ടിയാണ് ശ്രീജിനയുടെ ബന്ധുക്കൾക്ക് നൽകിയതെന്ന് ഇൗ ബില്ല് കുറയ്ക്കലിൽ നിന്ന് വ്യക്തമാകുന്നു. അത്യാസന്ന നിലയിൽ ഒരു രോഗി വെറും മൂന്നു മണിക്കൂർ ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടന്നാൽ 70,000 രൂപയുടെ ബില്ല് വരുമോയെന്ന് ചിന്തിക്കേണ്ടതാണ്.

മംഗളൂരുവിലും സ്വകാര്യാശുപത്രികളിൽ രോഗികളുടെ കഴുത്തിന് ബ്ലേഡ് വെക്കുന്നതായി ഇൗ സംഭവം തെളിയിക്കുന്നു. ശ്രീജിനയുടെ മരണകാരണം എലിപ്പനിയാണോ ഡെങ്കിപ്പനിയാണോ എന്ന് നൂറു ശതമാനം ഉറപ്പാക്കാൻ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യേണ്ടതായിരുന്നുവെങ്കിലും വീട്ടുകാർ പോസ്റ്റുമോർട്ടത്തിനൊന്നും മുതിരാതെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് 70 ശതമാനം കെട്ടിടങ്ങൾക്കും പാർക്കിംഗില്ല

Read Next

പ്രതീഷിന്റെ പണം ചിതറിയത് കർണ്ണാടകയിലെ ചീട്ടുകളി കേന്ദ്രത്തിൽ