കാഞ്ഞങ്ങാട്ട് 70 ശതമാനം കെട്ടിടങ്ങൾക്കും പാർക്കിംഗില്ല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ 70 ശതമാനം കെട്ടിടങ്ങൾക്കും നിലവിൽ വാഹന പാർക്കിംഗ്  സൗകര്യമില്ല. ഇതിൽ പഴയ കെട്ടിടങ്ങൾ 40 ശതമാനം വരും. പുതിയ കെട്ടിടങ്ങൾ 30 ശതമാനവും. നഗരത്തിൽ 5 വർഷം മുമ്പ് പടുത്തുയർത്തിയ കെട്ടിടങ്ങളിൽ പോലും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യമില്ലെന്നത് മറ്റൊരു  വസ്തുതയാണ്.

നഗരത്തിലെ ഹോട്ടലുകളിൽ പലതിനും ശുചിമുറികളില്ല. സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും, ഇടപാടുകാർ നിത്യവും വന്നുപോകുന്നതും ഡോക്ടറെ  കാത്തിരിക്കുന്നതുമായ സ്ഥാപനങ്ങളിലും ശുചിമുറികളില്ല. പാർക്കിംഗ് സൗകര്യമില്ലാത്തതും മതിയായ ശുചിമുറി സൗകര്യമില്ലാത്തതും ഒന്നാം നിലയിലേക്ക് കയറിപ്പോകാൻ വീതിയുള്ള കോണിപ്പടിയില്ലാത്തതുമായ കെട്ടിടങ്ങൾക്ക് കെട്ടിട നിർമ്മാണച്ചട്ടപ്രകാരം ഒരിക്കലും അനുമതി നൽകാൻ പാടില്ലാത്തതാണ്.

പുതുതായി പണിതുവരുന്ന കൂറ്റൻ കെട്ടിടങ്ങൾ പണിയാൻ  ഭൂമി കുഴിച്ചാണ് ഇപ്പോൾ പാർക്കിംഗ് ഉണ്ടാക്കി വരുന്നത്. ഇത്തരം ഭൂഗർഭപാർക്കിംഗുകളിൽ മൊത്തം ഇക്കഴിഞ്ഞ മഴയിൽ ശക്തമായ വെള്ളക്കെട്ടുണ്ടാവുകയും, വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തു.

രാംനഗർ റോഡിൽ ഭൂഗർഭ പാർക്കിംഗിൽ മഴവെള്ളം നിറഞ്ഞു കവിഞ്ഞതിനാൽ മോട്ടോർ പമ്പുപയോഗിച്ച് വെള്ളം റോഡിലേക്ക് അടിച്ചുമാറ്റുകയായിരുന്നു. ഗിരിജ ജ്വല്ലറി കോമ്പൗണ്ടിലുള്ള ഭൂഗർഭ പാർക്കിംഗിലും മഴവെള്ളം നിറഞ്ഞുകവിഞ്ഞു. ശുചിമുറി മാലിന്യവും പാർക്കിംഗിലെ വെള്ളവും ഒരുമിച്ച് കലർന്ന് ദുർഗന്ധം പുറത്തേക്ക് വന്നത് നഗരത്തിൽ അസഹനീയമായിരുന്നു.

വലിയ തുക കൈക്കൂലി വാങ്ങിയാണ് നഗരസഭ ഉദ്യോഗസ്ഥരെക്കൊണ്ട് ഭരണത്തലവൻമാർ അനധികൃത കെട്ടിടങ്ങൾക്ക് പോയ പത്തുവർഷക്കാലം കാഞ്ഞങ്ങാട്ട് കണ്ണടച്ച് അനുമതി നൽകിയിട്ടുള്ളത്. കെട്ടിടം പണിയാൻ ഭൂമി കുഴിക്കുന്ന രീതി തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണ്. പൊതുജനങ്ങൾക്ക് പ്രാഥമിക സൗകര്യമേർപ്പെടുത്താത്ത കെട്ടിടങ്ങൾക്ക് നഗരസഭ ഒരിക്കലും അനുമതി നൽകാൻ പാടില്ലാത്തതാണെങ്കിലും, പണമിറക്കിയുള്ളതും രാഷ്ട്രീയം കലർന്നതുമായ സമ്മർദ്ദത്താൽ അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകാൻ നഗരസഭ എഞ്ചിനീയറിംഗ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തീർത്തും ബലിയാടുകളാകുന്നു.

പാർക്കിംഗ് സ്ഥലം രേഖകളിൽ   കാണിച്ച ശേഷം കെട്ടിടത്തിന് നഗരസഭാ അനുമതി വാങ്ങുകയും പ്രസ്തുത പാർക്കിംഗ് സ്ഥലത്ത് വലിയ തുക വാടകക്ക്  മുറി അനുവദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ കാഞ്ഞങ്ങാട്ട് അതിര് കടന്നിട്ടുണ്ടെങ്കിലും വിജിലൻസ് പോലും കണ്ണ് തുറക്കുന്നില്ല.

LatestDaily

Read Previous

തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

Read Next

മൂന്നുമണിക്കൂർ ചികിത്സ ചിലവ് മുക്കാൽ ലക്ഷം