ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡ് കാലത്തെ പ്രതിഷേധ സമരങ്ങൾക്ക് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയതോടെ രോഗവ്യാപന ഭീതിയിലമർന്ന കേരളത്തിന് അൽപ്പമെങ്കിലും, ആശ്വാസത്തിന് വകയുണ്ട്. ബഹുജന മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് നടക്കുന്ന സമരങ്ങളെ നിയന്ത്രിക്കാൻ തീരുമാനിച്ച നീതിപീഠം കാലഘട്ടത്തിന് ചേർന്ന വിധിയാണ് പുറപ്പെടുവിപ്പിച്ചത്.
കേരള സർക്കാറിന്റെ കൈപ്പിടിയിലൊതുങ്ങാത്ത തരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോൾ കേരളത്തിലുടനീളം സമരാഭാസങ്ങളുമായി നടന്ന രാഷ്ട്രീയ കക്ഷികളുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് പറയാതെ വയ്യ.
തങ്ങൾ കൂടി ഉൾപ്പെട്ട സമൂഹത്തെ ദുരന്ത സാഹചര്യത്തിൽപോലും പരിഗണിക്കാതെ തുടർസമരങ്ങൾ നടത്തി കൂടുതൽ രോഗഭീതിയിലാഴ്ത്തിയ സമരക്കാർ കേരള സമൂഹത്തോട് ചെയ്ത കൊടുംപാതകത്തിനാണ് കോടതി നിയന്ത്രണത്തിലൂടെ താൽക്കാലിക അറുതി വന്നിരിക്കുന്നത്.
കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ നിർദ്ദേശം കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ അത് കോടതിയ ലക്ഷ്യമാകുമെന്നതിനാൽ അനവസരത്തിലുള്ള തുടർസമരങ്ങൾക്ക് നിയന്ത്രണമുണ്ടാകും. കോവിഡ് കാലത്തെ സമരങ്ങൾ നിരോധിക്കണമെന്നും, ചട്ടം ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ലഭിച്ച ഹരജിയുടെ വെളിച്ചത്തിലാണ് ഹൈക്കോടതി ഉത്തരവ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രതയോടെ ഇടപെട്ടുക്കൊണ്ടിരിക്കുന്ന ഒരു സംവിധാനത്തെത്തന്നെ ദുർബ്ബലമാക്കുന്ന വിധത്തിലായിരുന്നു കേരളത്തിൽ അടുത്ത കാലത്തായി നടന്ന സമരങ്ങൾ. കോടികൾ മുടക്കി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ ഒന്നാകെ നിഷ്പ്രഭമാക്കും വിധത്തിൽ കേരളത്തിൽ നടന്ന സമരങ്ങൾക്ക് അറുതിയുണ്ടാകണമെന്ന് പൊതുസമൂഹം ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോടതി ഉത്തരവുണ്ടായതെന്നും ശ്രദ്ധേയമാണ്.
സമരങ്ങൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, കോവിഡ് രോഗ വ്യാപനകാലത്ത് സകല നിയന്ത്രണങ്ങളും വിട്ട തരത്തിൽ നടന്ന സമരങ്ങൾ കൊണ്ട് ആര് എന്ത് നേടിയെന്ന് സമരം നടത്തിയ രാഷ്ട്രീയ കക്ഷികളെല്ലാം ആത്മ പരിശോധന നടത്തേണ്ട സമയമാണിത്. നിയന്ത്രിതമായ രീതിയിൽ സമരങ്ങൾ നടത്തുന്നതിന് പകരം അണികളെ കയറൂരി വിട്ട് സംസ്ഥാനത്ത് ഭീതി സൃഷ്ടിച്ചവർ തന്നെയാണ് നിലവിലെ കോടതി വിധിയുടെ ഉത്തരവാദികൾ.
വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ കക്ഷികൾ അനവസരത്തിലുള്ള സമരം വഴി രോഗവ്യാപനമുണ്ടാക്കി വോട്ടർമാരെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കാതിരുന്നാൽ കൊള്ളാം. വോട്ട് ചെയ്യണമെങ്കിൽ വോട്ടർമാർ ബാക്കിയുണ്ടാകണം എന്ന തിരിച്ചറിവും ഉണ്ടാകുന്നത് നല്ലതാണ്.