സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനുമെതിരെ ഫെമാ കേസ്; അന്വേഷണത്തിന് കൂടുതൽ ഏജൻസികൾ

കൊച്ചി: സ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗിൽ കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും.

ഇതിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ട്. അതായത് രഹസ്യങ്ങൾ ചോരാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഈ ഡയറിയിലുള്ളത്. വാക്കുകൾ  ഡികോഡ് ചെയ്യാൻ ശ്രമിക്കും. സന്ദീപിൽ നിന്ന് തന്നെ വ്യക്തത വരുത്താനും ശ്രമിക്കും. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ കോഡ് സന്ദേശമെന്നാണ് വിലയിരുത്തൽ.

ദേശീയ അന്വേഷണ ഏജൻസി ജഡ്ജിയുടെ സാന്നിധ്യത്തിൽ ബാഗ് കോടതിയിൽ തുറന്നുപരിശോധിച്ചു.

ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടികൾ ഇന്നലെ രാത്രിവൈകിയും തുടർന്നു. നിർണ്ണായക വിവരങ്ങൾ അന്വേഷണസംഘത്തിന്  ലഭിച്ചതായാണ് സൂചന. പരിശോധനാ നടപടികൾ പൂർണമായി ക്യാമറയിൽ പകർത്തി.

എൻ.ഐ.ഏ. കോടതി ജഡ്ജ് പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർ, കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷക എന്നിവരാണ് കോടതിയിലുണ്ടായിരുന്നത്.

അതിനിടെ കസ്റ്റംസ് ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ഒന്നാംപ്രതി സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എൻ.ഐ.ഏ. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹൃദയശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലിൽ അതിനുള്ള അവസരം നൽകാൻ കോടതി നിർദ്ദേശിച്ചു.

സ്വർണ്ണക്കടത്തിനൊപ്പം ഹവാല ഇടപാടുകളും നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടർന്ന് യുഏഇ കോൺസുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തു. ഇതിന് തെളിവും കിട്ടി. ഇതോടെ എൻഫോഴ്‌സ്‌മെന്റും കേസെടുത്തു.

സരിത്തിനും സ്വപ്‌നാ സുരേഷിനും സന്ദീപ് നായർക്കുമെതിരെയാണ് കേസ്സ്. ഫെമ പ്രകാരമാണ് കേസ്. ചൊവ്വാഴ്ച കസ്റ്റംസും ഇന്നലെ എൻഐഎയുമാണ് ചോദ്യം ചെയ്തത്. ഇനി എൻഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്യും. കോൺസുലേറ്റിലെ കരാറുകാരായ ധനകാര്യ സ്ഥാപനത്തിനെതിരേയും അന്വേഷണം വരും.

സ്വപ്ന സുരേഷിന് ഈ സ്ഥാപനത്തിലെ പങ്കാളിത്തവും പണത്തിന്റെ കൈമാറ്റവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ നൽകിയ മൊഴികളിൽ പൊരുത്തക്കേടുണ്ടായിരുന്നു.

എൻഐഏ ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ഹാജരായ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തശേഷം സ്ഥാപനത്തിലെ നിർണ്ണായക രേഖകളും എൻഐഏ ശേഖരിച്ചു. കോൺസുലേറ്റിൽ വിസയ്ക്കും മറ്റാവശ്യങ്ങൾക്കുമുള്ള പണം സ്വീകരിക്കുന്നതിനാണ് ഈ സ്ഥാപനത്തിനുള്ള കരാർ.

മറ്റു സംസ്ഥാനങ്ങളിലെ യുഎഇ കോൺസുലേറ്റുകളിൽ പ്രമുഖ മണി എക്‌സ്‌ചേഞ്ച് കമ്പനികളാണു കരാർ എടുത്തിരിക്കുന്നത്.

എന്നാൽ, തിരുവനന്തപുരത്ത് സ്വപ്ന സുരേഷ് ഇടപെട്ട് ഈ കമ്പനികളെ മാറ്റി നിർത്തി പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധു നിർദ്ദേശിച്ചയാൾക്ക്  കരാർ നൽകിയെന്നാണു കസ്റ്റംസിന് ലഭിച്ച വിവരം. സ്ഥാപനത്തിൽ നേതാവിന്റെ മകനും സ്വപ്നയ്ക്കും ബിനാമി പങ്കാളിത്തം ഉണ്ടോയെന്ന്  പരിശോധിക്കുന്നുണ്ട്.

തലസ്ഥാനത്തെ ഒരു വാഹന വ്യാപാരിക്ക്  മണി എക്‌സ്‌ചേഞ്ച് നടത്താനുള്ള ലൈസൻസ് ഉപയോഗിച്ചാണ് കരാർ നേടിയത്. ലൈസൻസി നേരിട്ടാണോ സ്ഥാപനം നടത്തുന്നതെന്നും കോൺസുലേറ്റിന് പണം സ്വീകരിക്കുന്നിന്റെ മറവിൽ ഹവാല ഇടപാടുകൾ നടക്കുന്നുണ്ടോയെന്നും കണ്ടെത്താനാണ് എൻഐഏ രേഖകൾ പിടിച്ചെടുത്തത്.

LatestDaily

Read Previous

നാളെ മുതല്‍ പൊതുഗതാഗതത്തിൽ നിയന്ത്രണം; കടകൾ രാവിലെ 8 മുതൽ 6 വരെ

Read Next

ജില്ലാശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം