യുവ ഹിന്ദി അധ്യാപികയുടെ മരണം പരിയാരം മെഡിക്കൽ കോളേജിലെ അനാസ്ഥമൂലം

കാഞ്ഞങ്ങാട്: തായന്നൂർ തേറങ്കല്ലിലെ ഏ.വി. ശ്രീജിനയുടെ 24, മരണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ തികഞ്ഞ അനാസ്ഥ മൂലമാണെന്ന് ശ്രീജിനയുടെ കുടുംബം ആരോപിച്ചു. തായന്നൂർ തേറങ്കല്ലിലെ ഗോപി- സതി ദമ്പതികളുടെ മകളായ ശ്രീജിന ബിഎഡ് പൂർത്തിയാക്കിയ ഹിന്ദി അധ്യാപികയാണ്.

പനിയും തലവേദനയും ലക്ഷണങ്ങളെ തുടർന്ന് ശ്രീജിനയെ ജുലായ് 15-നാണ് ആദ്യം എണ്ണപ്പാറ പിഎച്ച്സിയിൽ ഡോക്ടറെ കാണിച്ചത്. മരുന്നും ഗുളികയും കഴിച്ചിട്ടും പനി മാറിയില്ല. 16-ന് പനി വിട്ടുവിട്ട് വന്നുകൊണ്ടിരുന്നു.

ഇതേതുടർന്ന് നീലേശ്വരം പേരോലിലെ താലൂക്കാശുപത്രിയിൽ ഡോക്ടറെ കാണിച്ചു. നീലേശ്വരത്ത് രക്തപരിശോധനകൾ നടത്തിയപ്പോൾ മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ ചെറുതായി ഉണ്ടെന്നും, കാര്യമായി ശ്രദ്ധിക്കണെമന്നും ഡോക്ടർ ഉപദേശിച്ചു.

ചിലപ്പോൾ കിഡ്നിയെ ബാധിച്ചേക്കുമെന്നും നീലേശ്വരം താലൂക്കാശുപത്രിയിൽ ശ്രീജിനയെ പരിശോധിച്ച ഡോക്ടർ സൂചന നൽകിയിരുന്നു. ജുലായ് 18-ന് അന്നുതന്നെ ആംബുലൻസിൽ യുവതിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

പരിയാരത്തും രക്തസാമ്പിളുകൾ പലതും പരിശോധിച്ചു. വാർഡിൽ കിടക്ക ഒഴിവില്ലെന്നും,  നിലത്ത് കിടക്കേണ്ടി വരുമെന്നും ഒഴിഞ്ഞാൽ തരാമെന്നും പറഞ്ഞു. 18-ന് തിങ്കളാഴ്ച 5 മണിക്ക് ശ്രീജിനയെ വാർഡിൽ കിടത്തി. രക്ത പരിശോധനാ റിപ്പോർട്ട് അന്ന് രാത്രി 8 മണിക്ക് കിട്ടുമെന്ന് പറഞ്ഞുവെങ്കിലും, 8 മണിക്ക് മുഴുവൻ പരിശോധനാ റിപ്പോർട്ടുകളും കിട്ടിയില്ല.

അതിനിടയ്ക്ക് ശ്രീജിനയ്ക്ക് ശ്വാസതടസ്സം കലശലായി. ആശുപത്രി നഴ്സുമാരല്ലാതെ ഡ്യൂട്ടി ഡോക്ടർ ആരും ഈ മണിക്കൂറുകളിലൊന്നും ശ്രീജിനയുടെ അടുത്തെത്തുകയോ, പരിശോധിക്കുകയോ ചെയ്തില്ല.

രാത്രി 9 മണിക്ക് ശ്രീജിന ഛർദ്ധിച്ചു. ഛർദ്ദിയിൽ രക്തക്കറ ഉണ്ടായതായി ഡോക്ടർമാരെ  അറിയിച്ചപ്പോഴാണ് മംഗളൂരുവിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. ഐസിയു ആംബുലൻസിൽ പുലർച്ചെ 3 മണിക്ക് മംഗളൂരു യൂണിറ്റി ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും ഓക്സിജൻ അളവ് 29 മാത്രമായി ചുരുങ്ങിയിരുന്നു. ഉടൻ ഐസിയുവിലേക്ക് മാറ്റി ശ്വസോഛ്വാസം ഇൻക്വബേറ്ററിന് നൽകി.

19-ന് ചൊവ്വാഴ്ച പുലർച്ചെ 6 മണിക്ക് ശ്രീജിന ലോകത്തോട് വിടപറഞ്ഞു. നീലേശ്വരത്ത് രക്ത സാമ്പിൾ പരിശോധനാ ഫലം ലഭിച്ചപ്പോൾ തന്നെ നില ഗുരുതരമാണെന്ന് ഡോക്ടർ പറയുകയും പരിയാരത്തേക്കുള്ള കുറിപ്പിൽ യുവതിയുടെ ജീവൻ അടിയന്തിര ഘട്ടത്തിലാണെന്ന് എഴുതിക്കൊടുക്കുകയും ചെയ്തിട്ടും, അത്യാസന്ന നിലയിലെത്തിയ ശ്രീജിനയ്ക്ക് തക്കസമയത്ത് ചികിത്സ ലഭിച്ചിട്ടില്ലെന്ന് ശ്രീജിനയോടൊപ്പമുണ്ടായിരുന്ന മൂത്ത സഹോദരി ശ്രീവിദ്യ വെളിപ്പെടുത്തി.

ശ്രീജിന കിടന്ന ആശുപത്രി വിരികൾ പോലും മഞ്ഞനിറത്തിലായിരുന്നു. എലിപ്പനി ലക്ഷണങ്ങൾ കണ്ടെത്താനും ചികിത്സ വൈകിയതിനാൽ മഞ്ഞപ്പിത്തവും കടന്നുപിടിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന് യൂണിറ്റി ആശുപത്രി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

LatestDaily

Read Previous

രാജപുരം സ്വദേശിയുടെ കൊലപാതകം: മോഷ്ടാക്കൾ അറസ്റ്റില്‍

Read Next

സീനെറ്റ് സ്ഥാപകൻ ആത്മഹത്യ ചെയ്തു